2014 ഡിസംബർ 9, ചൊവ്വാഴ്ച

പടിഞ്ഞാറന്‍ കാറ്റ് ഇന്ത്യന്‍ മനസുകളെ ചൂട് പിടിപ്പിക്കുമ്പോള്‍

അറുപതുകള്‍ സ്ത്രീവാദത്തിന്‍റെ കാലഘട്ടമായിരുന്നു. ഫെമിനിസം പാശ്ചാത്യരാജ്യങ്ങളില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചത് സ്ത്രീകളുടെ അവകാശങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് തെരുവുകളിലും ബൗദ്ധിക മേഖലകളിലും ഇരച്ചുകയറ്റം നടത്തിയതോടെയാണ്. പുരുഷന്മാരുടേതിനു സമാനമായ അവകാശങ്ങള്‍ക്ക് തങ്ങള്‍ക്കും അര്‍ഹതയുണ്ട് എന്ന വാദം മൂര്‍ധന്യതയിലെത്തിയപ്പോള്‍ ബ്രായില്‍നിന്നും (മുലക്കച്ച) പ്രസവത്തില്‍നിന്നും തങ്ങള്‍ക്ക് മുക്തി നേടണമെന്ന അലമുറ പോലും മുഴങ്ങിക്കേട്ടു. അത് ചെന്നുകലാശിച്ചത് എണ്ണമറ്റ നിയമനിര്‍മാണങ്ങളിലാണ്. പ്രകൃതിക്ക് വിരുദ്ധമായ, പരന്പരാഗത മൂല്യങ്ങളുമായി യോജിച്ചുപോകാത്ത, കുടുംബത്തെ ശിഥിലമാക്കുന്ന, സ്ത്രീപുരുഷബന്ധത്തില്‍ കാലുഷ്യം വിതക്കുന്ന ഒരു പിടി നിയമനിര്‍മാണങ്ങള്‍ യൂറോപ്പും അമേരിക്കയും ചുട്ടെടുത്തപ്പോള്‍ അത് വലിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചു. സ്ത്രീവിമോചനത്തിന്‍റെ വഴിയില്‍ തങ്ങള്‍ ബഹുദൂരം സഞ്ചരിച്ചുവെന്ന അവകാശവാദങ്ങള്‍ സര്‍വത്ര മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങി. അതിന്‍റെ പരിണതി എന്തായിരുന്നുവെന്ന് പരിശോധിക്കുന്നതിനു മുന്പ് നിങ്ങളുടെ ശ്രദ്ധ മറ്റൊരു ദിശയിലേക്ക് തിരിക്കട്ടെ.
അറുപതുകളില്‍ പടിഞ്ഞാറന്‍ തെരുവുകളെ ചൂട് പിടിപ്പിച്ച മുദ്രാവാക്യങ്ങളെയും അവകാശവാദങ്ങളെയും കടത്തിവെട്ടുന്ന ചില പ്രകടനങ്ങള്‍ കൊച്ചുകേരളമടക്കമുള്ള ഇന്ത്യന്‍ ചുറ്റുപാടില്‍നിന്ന് ഉച്ചത്തില്‍ കേള്‍ക്കുന്പോള്‍ എന്താണതിന്‍റെ അടിയൊഴുക്ക് എന്നു മനസ്സിലാവാതെ ഓള്‍ഡ് ജനറേഷന്‍’ അന്തം വിട്ടുനില്‍ക്കുകയാണ്. ചുംബന സമരത്തിന്‍റെ കുതൂഹലമാണെങ്ങും. കൊച്ചിയില്‍നിന്ന് തുടങ്ങി, ഹൈദരാബാദിലും കൊല്‍ക്കൊത്തയിലും ദില്ലിയിലും ബങ്കളൂരുവിലുമൊക്കെ ആഞ്ഞുവീശുന്ന ചുംബനക്കാറ്റ് പെട്ടെന്നാര്‍ക്കും നിര്‍വചിക്കാനാവാത്ത ഒരവസ്ഥാവിശേഷത്തിലേക്ക് നമ്മുടെ ജീവിതപരിസരത്തെ പരിവര്‍ത്തിതമാക്കിയിരിക്കുന്നു. തുടക്കം കോഴിക്കോട്ടങ്ങാടിയില്‍ ഒരു റസ്റ്റോറന്‍റിലിരുന്ന് ഒരു യുവാവും യുവതിയും ചുംബിച്ചതാണത്രെ. കാര്യമായി ആരും തിരിഞ്ഞുനോക്കാത്ത ഒരു ചാനല്‍ ആ രംഗം ഒപ്പിയെടുത്ത് നാടാകെ പ്രസരിപ്പിച്ചതോടെ സദാചാര പോലിസ്’ വേഷമിട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റസ്റ്റോറന്‍റ് തച്ചുതകര്‍ത്ത് അവസരം മുതലെടുത്തു. ആക്രമണകാരികളെ പൊലിസ് അറസ്റ്റ് ചെയ്യുന്നതോടെ തീരേണ്ട പ്രശ്നം മറ്റൊരു രൂപം പ്രാപിക്കുന്നതാണ് പിന്നീട് നാം കണ്ടത്. സദാചാര പോലിസിനെ വെല്ലുവിളിച്ച ഒരു കൂട്ടം സ്വാതന്ത്ര്യ പോരാളികള്‍’ തങ്ങള്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് പരസ്യ ചുംബനം നടത്തി വിലക്കുകള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താന്‍ പോവുകയാണെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ വിളംബരം ചെയ്തു . എന്നാല്‍ അതൊരു ചരിത്രസംഭവം’ ആയി മാറുമെന്ന് ആരും നിനച്ചിരുന്നില്ല. കിസ് ഓഫ് ലവ്’ (സ്നേഹ ചുംബനം) വെറുമൊരു പ്രതിഷേധത്തിലോ പ്രതീകാത്മക വിനോദങ്ങളിലോ ഒടുങ്ങുമെന്ന് കരുതിയവര്‍ക്ക് തെറ്റി. 2014 നവംബര്‍ 2 ചരിത്രത്തില്‍ ഇടം നേടുന്നത് ദിശാബോധം നഷ്ടപ്പെട്ട, ആശയസന്ദിഗ്ധതയിലകപ്പെട്ട ഒരു തലമുറയുടെ അÇീലകരമായ ചുവടുവെപ്പുകളിലൂടെയാണ്. സദാചാര പോലിസിന് എതിരായ നീക്കം വഴിതെറ്റി എത്തിയത് പരസ്യമായി ചുംബിക്കാനും ഇണചേരാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തലതിരിഞ്ഞ ചിന്തയിലാണ്. ആ ഞായറാഴ്ച കൊച്ചി നഗരം ഒരു തരത്തില്‍ യുദ്ധക്കളമായി മാറിയപ്പോഴാണ് കേരളസമൂഹം എവിടെ എത്തിനില്‍ക്കുന്നുവെന്നും സമൂഹത്തിന്‍റെ വിചാരഗതിയില്‍ സമീപകാലത്ത് സംഭവിച്ച മാറ്റങ്ങള്‍ എത്ര വിപദ്കരമാണെന്നും ജനം തിരിച്ചറിഞ്ഞത്. ചുംബനസമരം പൊടിപാറിച്ചപ്പോള്‍ കേരളീയസമൂഹം രണ്ടു ചേരികളായി തിരിഞ്ഞു വാദപ്രതിവാദങ്ങളുമായി ഏറ്റുമുട്ടി. സാക്ഷാല്‍ കമ്യുണിസ്റ്റുകാര്‍ പകല്‍ വെളിച്ചത്തില്‍ പൊതുസ്ഥലത്ത് ചുംബിക്കാന്‍ യുവതീയുവാക്കള്‍ക്ക് അവകാശമുണ്ടെന്ന് പരസ്യമായി വാദിച്ചു. സദാചാര പോലിസുകാര്‍ക്ക് നഗ്നസന്ന്യാസിമാരെ തുണിയുടുപ്പിക്കാന്‍ ധൈര്യമുണ്ടോ എന്ന് രാജേഷ് എം.പി ചോദിച്ചപ്പോള്‍ ജനം കൈയടിച്ചു. ചുംബിക്കാന്‍ ഇറങ്ങിയ യുവതീയുവാക്കളെ പോലിസ് തല്ലിച്ചതക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതില്‍ സഖാവ് പിണറായി വിജയന്‍ ധര്‍മരോഷം കൊണ്ടു. കേരളത്തിലെ ഇടതുചിന്ത എപ്പോഴാണ് ഇത്ര വലത്തോട്ട് മാറി ചലിക്കാന്‍ തുടങ്ങിയതെന്ന് പലരും ചോദിച്ചുപോയ സന്ദര്‍ഭം. ഹോട്ടലില്‍ കയറി ഗുണ്ടായിസം കാണിച്ച യുവമോര്‍ച്ചക്കാര്‍ക്ക് എതിരായ സമരം യഥാര്‍ഥത്തില്‍ ന്യൂജനറേഷന്‍റെ’ വിചാരവൈകൃതങ്ങളുടെ ചിന്താപരമായ പ്രോദ്ഘാടനമായി മാറിയത് പരന്പരാഗത മൂല്യവിചാരത്തില്‍ വിശ്വസിക്കുന്നവരെ അദ്ഭുതപ്പെടുത്തി. പിന്നീട് നടന്ന ചര്‍ച്ചകളിലെല്ലാം മുഴങ്ങിക്കേട്ട ചോദ്യം, നമ്മുടെ യുവതീയുവാക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാനും സ്വഹിതാനുസാരം ശരീരത്തെ ഉപയോഗപ്പെടുത്താനുമുള്ള അവകാശത്തിന്തടസ്സം നില്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് എന്തവകാശം എന്നതാണ്.

ആ ചോദ്യം ഉത്തരം കിട്ടാത്ത മറ്റനവധി ചോദ്യങ്ങള്‍ സമൂഹത്തിന്‍റെ മുന്നില്‍ കൊണ്ടിട്ടു. എന്താണ് സ്വാതന്ത്ര്യം? എന്താണ് സ്വകാര്യത? രഹസ്യമായി ചെയ്യേണ്ട ചുംബനവും രതിയുമൊക്കെ പരസ്യമായി ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടോ? തനിക്ക് കംഫര്‍ട്ടായി’ തോന്നുന്ന വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന വാദം അംഗീകരിക്കുന്പോള്‍ ഒരുവസ്ത്രവും ഇല്ലാതെ പൊതുനിരത്തിലൂടെ നടന്നുപോകണമെന്ന് ഏതെങ്കിലും പെണ്‍കുട്ടിക്ക് തോന്നിയാല്‍ അതും വകവെച്ചുകൊടുക്കാന്‍ നമുക്ക് ബാധ്യതയില്ലേ? ഏറ്റവും പ്രസക്തമായ ചോദ്യം ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ മാത്രം ഇവിടെ എന്തുസംഭവിച്ചു എന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമുഹികമാറ്റങ്ങളുടെയും അതു തുറന്നുവിട്ട ചിന്താപരമായ കാലുഷ്യത്തിന്‍റെയും ഉള്ളടക്കത്തെ കുറിച്ച് നാം ഇതുവരെ പഠിക്കാന്‍ മെനക്കെട്ടില്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. മൊബൈല്‍, ഫെയ്സ്ബുക്ക്, ഇന്‍റനെറ്റ്, യൂട്യൂബ്, വാട്സ്ആപ് തുടങ്ങി ആശയവിനിമയ രംഗത്തുണ്ടായ മുന്നേറ്റം നാം ഇതുവരെ കെട്ടിപ്പൊക്കിയ സദാചാരത്തിന്‍റെ സകല ഭിത്തികളും തട്ടിത്തകര്‍ത്തത് നാം കാണാതെപോയി. കുട്ടികള്‍ പോലും സ്മാര്‍ട്ട്് ഫോണ്‍ ഉപയോഗിച്ചു നഗ്നചിത്രങ്ങളും രതിവൈകൃതങ്ങളും കണ്ട് നാറുകയായിരുന്നു. കൗമാരപ്രായക്കാരുടെ ജീവിതശൈലിയിലും വിചാരവികാരങ്ങളിലും അടുത്തിടെയുണ്ടായ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങള്‍ നമുക്കാര്‍ക്കും അടയാളപ്പെടുത്താന്‍ സാധിച്ചില്ല. തന്‍റെ സഹപാഠിനിയുടെ നഗ്നചിത്രം കുളിമുറിയില്‍ കാമറ ഒളിപ്പിച്ചു വെച്ച് പകര്‍ത്തിയ രംഗം കാണിച്ചു ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ച കൗമാരക്കാരന്‍ കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ അവളുടെ അമ്മയോട് മകളില്ലെങ്കില്‍ അമ്മ മതി എന്ന് പറഞ്ഞ് ഒത്തുതീര്‍പ്പിനു ശ്രമിക്കുന്ന രംഗം ചിത്രീകരിച്ച ചലചിത്രം എത്ര യുവതീയുവാക്കളെ വഴിതെറ്റിച്ചിട്ടുണ്ടാവുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവണമെന്നില്ല. അടുത്ത കാലത്ത് ന്യൂജനറേഷനില്‍നിന്നും പുരോഗമനവാദി’കളില്‍നിന്നും ഏറ്റവുമധികം വിമര്‍ശം കേള്‍ക്കേണ്ടി വന്നത് ആര്‍ക്കാണെന്നറിയില്ലേ? ഗാനഗന്ധര്‍വന്‍ യേശുദാസിനുതന്നെ. സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് അദ്ദേഹം ഒരഭിപ്രായപ്രകടനം നടത്തിയപ്പോഴേക്കും കേരളം ഒന്നൊടങ്കം അദ്ദേഹത്തെ കടിച്ചുകീറാന്‍ മുതിര്‍ന്നില്ലേ? ഒരാള്‍ക്കും അദ്ദേഹത്തെ ന്യായീകരിക്കാന്‍ ധൈര്യമുണ്ടായില്ല. ആ വിവാദം കേരളീയ സമൂഹത്തിന്‍റെ സാമൂഹികചിന്തകളില്‍ വന്ന മാറ്റത്തെയാണ് പ്രതിഫലിപ്പിച്ചതെന്ന് ചുംബനസമരത്തിനു ശേഷമാണ് പലര്‍ക്കും ബോധ്യം വന്നത്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ഇന്തോഅറബ് സാംസ്കാരിക സമിതി സംഘടിപ്പിച്ച ശുചിത്വ കേരളം, സുന്ദരകേരളം ‘ പരിപാടിയില്‍ പങ്കെടുത്ത് യേശുദാസ് പറഞ്ഞത് ഇത്രമാത്രം സ്ത്രീകള്‍ ജീന്‍സിട്ടു മറ്റുള്ളവരെ വിഷമിപ്പിക്കരുത്. നമുക്ക് ദൈവം തന്നിട്ടുള്ള കണ്ണ് എല്ലാവസ്തുക്കളെയും കണ്ടു രസിക്കാനുള്ളതാണ്. ജീന്‍സ് ഇട്ടിട്ടുണ്ടെങ്കില്‍ ജീന്‍സിന് അപ്പുറമുള്ളതും ശ്രദ്ധിക്കാന്‍ തോന്നും. ആ ഒരു സിദ്ധിയാണ് നമുക്കുള്ളത്. അതുകൊണ്ട് നമുക്ക് പറ്റിയ രീതിയിലുള്ള, മറച്ചുവെയ്ക്കേണ്ടത് മറച്ചുവെച്ചുകൊണ്ടുള്ള വസ്ത്രധാരണമാണ് വേണ്ടത്’. ഇത് പറഞ്ഞപ്പോഴേക്കും യേശുദാസ് അറുപിന്തിരിപ്പനും സ്ത്രീവിരുദ്ധനും യാഥാസ്ഥിതികനുമായി. സ്ത്രീകളെ അദ്ദേഹം അപമാനിക്കുകയാണെന്നും സ്ത്രീകള്‍ക്ക് സ്വോഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്യത്തെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നതെന്നുവരെ മുറവിളി ഉയര്‍ന്നു. ജീന്‍സും മറ്റു വസ്ത്രങ്ങളും ധരിച്ചാലുള്ള പ്രഥമകാഴ്ചയിലുള്ള വ്യത്യാസം പോലും അംഗീകരിക്കാന്‍ ഭൂരിഭാഗവും തയാറായില്ല. പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഓര്‍ത്താണ് യേശുദാസ് ഇത്തരമൊരു ഉപദേശം നല്‍കിയതെന്ന് സമ്മതിക്കാന്‍ ഏതാനും യുവതികളേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, ജീന്‍സ് ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും ഒരാളും മുന്നോട്ടുവന്നില്ല. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഉദര സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന വിദഗ്ധ ഉപദേശം കേട്ടതായി പോലും നടിച്ചില്ല. വായു സഞ്ചാരമുള്ള, അയവുള്ള വസ്ത്രമാണ് എല്ലാ വിഭാഗക്കാര്‍ക്കും അഭികാമ്യം എന്ന വസ്തുത പോലും ഗൗനിക്കാനുള്ള സംസ്കാരം നഷ്ടപ്പെട്ടുപോയി.

തങ്ങള്‍ക്ക് തോന്നിയത് പോലെ വേഷമണിയും, അത് ചോദ്യം ചെയ്യാന്‍ നിങ്ങളാര്’ എന്ന ധാര്‍ഷ്ട്യസ്വരം അവശേഷിക്കുന്ന സാമൂഹിക മൂല്യങ്ങള്‍ കൂടി കുടഞ്ഞുമാറ്റാനുള്ള ഒരു കാലഘട്ടത്തിന്‍റെ ആവേശത്തെയാണ് എടുത്തുകാണിക്കുന്നത്. ഇതിനെല്ലാം മാതൃക പടിഞ്ഞാറാണ്. പടിഞ്ഞാറ് എന്തു കാണിച്ചാലും അത് പരിഷ്കൃതവും പുരോഗമനപരവുമാണെന്ന മിഥ്യാധാരണയില്‍നിന്നാണ് സകല വൈകൃതങ്ങളും ഉടലെടുക്കുന്നത്. അടുത്ത കാലത്താണ് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ആണും പെണ്ണും തെരുവില്‍ ഏറ്റുമുട്ടുന്ന തരത്തില്‍ ചില പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്. ‘ങ്യ റൃല ്യൈ രവീശരല’ ( എന്‍റെ വസ്ത്രം എന്‍റെ ഇഷ്ടം) എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരുവിലിറങ്ങാന്‍ കെനിയയിലെ സ്ത്രീകള്‍ക്ക് കാരണം കിട്ടിയത് എല്ലാം തുറന്നുകാണിച്ച് ഒരു സ്ത്രീ റോഡിലിറങ്ങിയപ്പോള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ അവളെ വളഞ്ഞുവെച്ച് വിവസ്ത്രയാക്കിയ സംഭവമാണ്. സ്ത്രീ എന്തുധരിച്ചാലും പുരുഷന്‍ അത് അംഗീകരിച്ചുകൊള്ളണമെന്നും വസ്ത്രധാരണത്തെ ചോദ്യം ചെയ്യുന്നത് അവളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നുമാണ് ഈ സ്ത്രീകളുടെ വാദം. എന്നാല്‍, പാശ്ചാത്യലോകത്തെ മാതൃകയാക്കി അര്‍ധനഗ്നരായി നടക്കുന്നതിനെതിരെ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ന് പ്രതിഷേധം അലയടിക്കുന്നുണ്ട്. നമീബിയയില്‍ ഈയിടെ ഇതുപോലുള്ള വിവാദങ്ങള്‍ തല പൊക്കുകയുണ്ടായി. അനാഫ്രിക്കന്‍’ വസ്ത്രധാരണ രീതി സമൂഹത്തിനു ഗുണം ചെയ്യില്ലെന്ന് വാദിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ രംഗത്ത് എത്തിയതോടെ ശരീരം മറക്കുന്ന വസ്ത്രത്തിനു വേണ്ടിയുള്ള ശബ്ദം കേവലം ഇസ്ലാമിന്‍േറത് അല്ലെന്ന് ജനത്തിന് മനസ്സിലായിത്തുടങ്ങി. നമീബിയയില്‍ മുട്ടിന്‍കാലിനു മുകളില്‍ അവസാനിക്കുന്ന പാവാടക്കെതിരെ നിയമനിര്‍മാണം കൊണ്ടുവന്നപ്പോള്‍ സേവ് ദി മിനിസ്കേര്‍ട്ട്’ കാന്പയിയിനുമായി കന്പാലയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പ്രകടനം നടത്തുകയുണ്ടായി. മലേഷ്യയില്‍ ക്രോസ് ഡ്രസിങ്ങി’നെ ( പുരുഷന്മാര്‍ സ്ത്രീകളുടെ വസ്ത്രവും തിരിച്ചും ധരിക്കുന്നത് ) കുറിച്ചുള്ള വിവാദം കോടതികയറിയത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പെണ്‍വേഷം കെട്ടാന്‍ ചില ആണുങ്ങള്‍ തുനിഞ്ഞപ്പോള്‍ അതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായത് സ്വാഭാവികം.

ഞങ്ങളോ നശിച്ചു ഇനി മറ്റുള്ളവര്‍ മാത്രം സുരക്ഷിതരാവേണ്ട എന്ന മനോരോഗമാണ് സ്വന്തം വൃത്തികെട്ട സംസ്കാരം തന്ത്രത്തില്‍ കയറ്റി അയച്ച് ഇതര സമൂഹങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനും ജീര്‍ണതയുടെ പുതിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കാനും പഴയകോളനി ശക്തികള്‍ക്ക് പ്രചോദനമാകുന്നത്. കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യവാഞ്ഛയില്‍ വ്യക്തികളുടെ സര്‍വസുരക്ഷിതത്വവും നഷ്ടപ്പെടുത്തിയ ഒരു ലോകത്തെ മാതൃകയാക്കുന്പോഴുള്ള അപകടം പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കുടുംബവ്യവസ്ഥ തകരുന്നതോടെ നഷ്ടപ്പെടുന്നത് വ്യക്തിയുടെ സുരക്ഷിതത്വവും സമൂഹത്തിന്‍റെ സമാധാനവുമാണ്. പരസ്യചുംബനം തട്ടിത്തകര്‍ക്കുന്ന മറ പരസ്യലൈംഗികതയിലേക്കായിരിക്കും വഴി തുറക്കുക. നമ്മുടെ ബീച്ചുകളില്‍ സായാഹ്നങ്ങളില്‍ കാറ്റുകൊള്ളാന്‍ വരുന്ന കുടുംബങ്ങള്‍ ഒരിക്കലും സഭ്യതയുടെ അതിര്‍വരന്പ് മറികടന്നു പെരുമാറാത്തത് ഭാര്യഭര്‍ത്താക്കന്മാരായാലും ശരി ചിലത് രഹസ്യമായി കിടപ്പറകളില്‍ മാത്രമേ ചെയ്യാവൂ എന്ന മൂല്യവിചാരം കൊണ്ടാണ്. ആ മൂല്യവിചാരം വലിച്ചെറിയാന്‍ ആര് മുന്നോട്ടുവന്നാലും അത് സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയും തിന്മയിലേക്കുള്ള ആട്ടിത്തെളിക്കലുമാണ്. അവരോട് പോരാടേണ്ടത് കായികമായോ ചാനല്‍ ചര്‍ച്ചകളിലൂടെയോ അല്ല. ശാന്തമായ അന്തരീക്ഷത്തില്‍, സ്വസ്ഥമായി ഇരിക്കുന്പോഴാണ്. കുത്താന്‍ വരുന്ന പോത്തിനോട് വേദമോദിയിട്ട് ഫലമില്ല. അരാഷ്ട്രീയവത്കരണവും അഴിമതിയുടെ വേലിയേറ്റവും നേതൃഗുണമുള്ള നേതാക്കളുടെ അഭാവവും ജീര്‍ണമായ ജീവിതപരിസരവും എന്തു തോന്ന്യാസം പ്രവര്‍ത്തിക്കാനും ജനത്തിന് ധൈര്യം പകരുന്പോള്‍ സദാചാരത്തെ കുറിച്ചുള്ള അടിബലമുള്ള കാഴ്ചപ്പാട് മുന്നില്‍ അവതരിപ്പിക്കുന്നവര്‍ പുതിയ കാലത്തിന്‍റെ ശക്തമായ ഉപാധികളെയാണ് അവലംബിക്കേണ്ടത്. വരുംതലമുറയെ ഓര്‍ത്തെങ്കിലും ഫലപ്രദമായ പ്രചാരണ, അവബോധ കാന്പയിന്‍ സംഘടിപ്പിക്കുന്നതിലാവണം ഊന്നല്‍ നല്‍കേണ്ടതെന്നാണ് ശാഹിദിന് ഓര്‍മപ്പെടുത്താനുള്ളത്.

ശാഹിദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ