2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

അനിൽകുമാറിനെ വെറുതെ വിടൂ

അസ്സലാമു അലൈകും ...

സഹോദരങ്ങളെ ;ഇരിട്ടി വള്ളിത്തോടിൽ ഡി .വൈ .എഫ് .ഐ .നേതാവ് അനിൽകുമാർ നടത്തിയ ഒരു പ്രസംഗം വലിയ വിവാദമാവുകയും സമൂഹത്തിൽ പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്ത കാര്യങ്ങൾ നമുക്കെല്ലാവർക്കും അറിയുന്നതാണല്ലോ .

അന്തിമ പ്രവാചകൻ മുഹമ്മദ്‌ നബി ( സ) യുടെ വളർത്തു പുത്രൻ സൈദിന്റെ ഭാര്യയെ വിവാഹ മോചനം നടത്തിയതും തുടർന്നു പ്രവാചകന അവരെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശം ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അത് കൊണ്ട് ആ പരാമർശം പിൻവലിക്കണം എന്നും പ്രവാചകന്റെ ചരിത്രം അറിയുന്നവർ ഒന്നിച്ച് ആവശ്യപ്പെട്ടു .

അങ്ങനെ അനിൽകുമാർ അതിൽ ഖേദം പ്രകടിപ്പിക്കുകയും ലോകമെങ്ങുമുള്ള മുസ്ലിംകളോടു അതിൽ ക്ഷമ ചോദിക്കുകയും ചെയ്തു .

ഡോ.എൻ .എം മുഹമ്മദലി എന്ന പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും നേതാവ് എഴുതിയ "മുഹമ്മദ്‌ ഒരു മനുഷ്യൻ " എന്ന പുസ്തകത്തിൽ വിശുദ്ധ ഖുർ ആനിലെ സൂറ : അഹ് സാബിലെ 37 ആമത്തെ ആയത്തിന് അദ്ദേഹം നൽകിയ അർത്ഥവും വ്യാഖ്യാനവും വായിച്ചാണ് താൻ ഇങ്ങനെ ഒരു പരാമർശം നടതിയെതെന്നു അദ്ദേഹം വിശദീകരിക്കുകയുണ്ടായി .

സ്വാഭാവികമായും അവിടെ തീരെണ്ടതാണ് പ്രശ്നം .

എന്നാൽ ഫെയിസ് ബുക്കിലൂടെ പരസ്യമായി മാപ്പ് അപേക്ഷിച്ചിട്ടും പ്രശ്നം ആളിക്കത്തിച്ചു മുതലെടുപ്പ് നടത്താൻ രഹസ്യമായും പരസ്യമായും പലരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .

തെറ്റ് പറ്റാത്തവരായി ഈ ലോകത്ത് ആരാണുള്ളത്??

പറ്റിയ തെറ്റ് തെറ്റാണെന്നു ഒരാൾ സമ്മതിച്ചു കഴിഞ്ഞാൽ പിന്നെ അത് പൊറുത്ത് കൊടുക്കില്ല എന്ന് വാശി പിടിക്കുന്ന നമ്മൾ പിന്നെ ഏത് ഇസ്ലാമിന്റെ അനുയായികളാണ് കൂട്ടരേ ?

" ഓ സത്യ വിശ്വാസികളേ ,നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മുൻ കടക്കുകയും ചെയുക " എന്ന ഖുർ ആൻ വചനം നമുക്ക് ബാധകമല്ലെന്നാണോ ??

നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഇസ്ലാം പുൽകിയ അധിക പേരും തുടക്കത്തിൽ അതിന്റെ കഠിന വിമർശകർ ആയിരുന്നു എന്നതാണ് .

രണ്ടാം ഖലീഫ ഉമർ (റ)ആരായിരുന്നു എന്ന് അറിയാതവരല്ലല്ലോ നമ്മൾ ?
പ്രവാചകനെ വധിക്കാൻ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ട ഉമർ തിരിച്ചു വന്നത് സത്യ മതത്തിന്റെ അനുയായി ആയിട്ടായിരുന്നു.

അത് ആദ്യ കാലത്തെ ചരിത്രം .

ആധുനിക ലോകത്ത് ഇത്തരം എത്ര ഉദാഹരണങ്ങൾ നമുക്ക് കാണാം .

പ്രവാചകനെ പരിഹസിച് സിനിമ നിർമ്മിച്ച ഡച്ചുകാരൻ മസ്ജിദുന്നബവിയുടെ തിരു മുറ്റത്ത് വിതുന്പി നിൽക്കുന്ന കാഴ്ച്ച കണ്ടിട്ട് മാസങ്ങൾ മാത്രമല്ലേ ആയുള്ളൂ .

എന്തേ ഇങ്ങനെ സംഭവിച്ചത് ??

✏ഇസ്ലാമിനെ വിമര്ഷിക്കുന്നവരെയൊക്കെ അടിചൊതുക്കുകയും തെരുവിൽ നേരിടുകയും ചെയുകയല്ല നാം വേണ്ടത് .

നേരെ മറിച്ചു അവർ നടത്തിയ വിമർശനത്തിന്റെ യഥാർത്ഥ വസ്തുത അവരെ ബോധ്യപ്പെടുത്തുകയാണ് .

ഇവിടെ വാളെടുത്തവരൊക്കെ വെളിച്ചപ്പാട് എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ ..

എല്ലാവർക്കും എന്തെന്നില്ലാത്ത പ്രവാചക സ്നേഹം !!

ആരുടെയും ആത്മാർഥത ചോദ്യം ചെയാൻ ഞാൻ ആളല്ല .
പക്ഷെ നെഞ്ചത്ത് കൈ വച്ച് ഒന്ന് ആലോചിച്ച് നോക്കൂ .ഇദ്ദേഹത്തിന്റെ ഈ പ്രസംഗം കേള്ക്കുന്നതിന്നു മുന്പ് നമ്മിൽ എത്ര പേർക്ക് അറിയാമായിരുന്നു സൈനബിന്റെയും സൈദിന്റെയും ചരിത്രം ??

ഇതേ പോലെ തന്നെ പ്രവാചകന്റെ മറ്റ് എട്ടു വിവാഹങ്ങളും അതിന്റെ പിന്നിലുള്ള ചരിത്ര വസ്തുതകളും അറിയുന്നവർ എത്ര പേരുണ്ട് നമ്മിൽ?

എറ്റവും ചുരുങ്ങിയത് പ്രവാചകന്റെ ഒന്പത് ഭാര്യമാരുടെ പേരുകൾ നമ്മിൽ എത്ര പേർക്കറിയാം ??

മതവിഷയത്തിൽ നമ്മുടെ ചെറുപ്പത്തിന്റെ വലിപ്പം ഓർത്ത് ചൂളിപ്പോകും നാം .

അത് കൊണ്ട്ട് മാപ്പ് പറഞ്ഞ ഒരു വ്യക്തിയെ വീണ്ടും വീണ്ടും ക്രൂശിക്കുന്നവരോട് പ്രവാചകന്റെ കാലത്ത് നടന്ന ഒരു സംഭവം ഓർമ്മിപ്പിക്കുന്നു .

പ്രവാചക പത്നി ആയിരുന്ന ആയിഷ ( റ )യെയും സഫ് വാൻ ( റ )എന്ന സഹാബിയെയും പറ്റി ലൈംഗിക ആരോപണം ഉണ്ടാവുകയും മദീനയിൽ വന്പിച്ച കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സംഭവം ഇസ്ലാമിക ചരിത്രത്തിൽ സുപരിചിതമാണല്ലോ .
കപട വിശ്വാസികൾ പറഞ്ഞു പരത്തിയ ഈ ആരോപണത്തിൽ അറിയാതെ ചില സഹാബികളും ( പ്രവാചക അനുയായികൾ ) പെട്ടു പോയിരുന്നു .

അതിൽ ഒരാൾ അയിരുന്നു മിസ് ത്വഹ് 
( റ ).അദ്ദേഹമാണെങ്കിൽ ചെറുപ്പം മുതലേ ആയിഷയുടെ പിതാവ് കൂടി ആയിരുന്ന അബൂബക്കർ ( റ ) ന്റെ ഔദാര്യത്തിൽ വളർന്നു വന്ന വ്യക്തിയായിരുന്നു .

ആരോപണത്തിൽ എല്ലാവരും പകച്ചു പോയപ്പോൾ വിശുദ്ധ ഖുർ ആനിലെ 24 ആമത്തെ അദ്ധ്യായം സൂറതുന്നൂറിലെ 11 മുതലുളള വചനങ്ങളിലൂടെ അല്ലാഹു അവരുടെ നിരപരാധിത്വം തെളിയിച്ചു .

ഇത് കപട വിശ്വാസികൾ മനപ്പൂർവം കെട്ടിയുണ്ടാക്കിയ ആരോപണം മാത്രമാണെന്ന് സമൂഹത്തിനു അല്ലാഹു വ്യക്തമാക്കിക്കൊടുത്തു . ഇത് അറിഞ്ഞ അബൂബക്കർ ( റ ) തന്റെ മകളെ കുറിച്ചുള്ള അപവാദത്തിൽ പങ്കെടുത്ത മിസ്ത്വ ഹിന്നു ഇനി മുതൽ യാതൊരു വിധത്തിലുള്ള സഹായവും ചെയുകയില്ലെന്നു ശപഥം ചെയ്തു .

ഉടൻ ഇറങ്ങി അല്ലാഹുവിന്റെ സൂക്തം .

"നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവും ഉള്ളവർ കുടുംബ ബന്ധം ഉള്ളവർക്കും സാധുക്കൾക്കും അല്ലാഹുവിന്റെ മാർഗത്തിൽ സ്വദേശം വെടിഞ്ഞു വന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്നു ശപഥം ചെയരുത് .അവർ മാപ്പ് നൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ .അല്ലാഹു നിങ്ങൾക്ക് പൊറുത്ത് തരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? ?അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമത്രെ ." 
( ഖുർ ആൻ :24:22) 

ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് പോലും അവർക്ക് പൊറുത്ത് കൊടുക്കാൻ ആഹ്വാനം ചെയ്ത ഒരു മതത്തിന്റെ അനുയായികളാണ് നാം എന്ന കാര്യം മറക്കാതിരിക്കുക .ഇസ്ലാമിന്റെ ജീവിക്കുന്ന പതിപ്പുകളായി മാറി യഥാർത്ഥ ഇസ്ലാമിക സന്ദേശം ലോകത്തിനു പകർന്നു നൽകുന്നവരായി മാറാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..

〰〰〰〰〰〰〰
ℹIslamic Voice
(whatsapp group)
〰〰〰〰〰〰〰

സ്വലാത്ത്‌ ചൊല്ലാം മുത്ത്‌ ഹബീബ്‌(സ്വ)ക്ക്‌

അല്ലാഹുവിന്റെ ‌ പ്രത്യേക പരിഗണനയിലുള്ള അഹ്‌ലുൽ ഇനായത്തി(اهل العناية) ൽ പെട്ട വ്യക്തിക്കോ അന്വേശണത്തിൽ കഠിന പ്രയത്‌നം നടത്തി വിജയിച്ചവനോ രഹസ്യമായിട്ടല്ലാതെ തർബിയ്യത്തിന്റെ ശൈഖ്‌ സാധ്യമല്ലെന്ന് വരുമ്പോൾ അല്ലാഹുവിലേക്ക്‌ ചേരാൻ ആഗ്രഹിച്ച മറ്റൊരാൾക്ക്‌ എല്ലാവഴികളും അടിഞ്ഞുവോ? എന്ന ആശങ്ക സ്വാഭാവികമാണ്‌. പക്ഷെ എല്ലാം അടഞ്ഞിട്ടില്ല. മറിച്ച്‌, അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള വഴി തുറക്കപ്പെട്ടു തന്നെ നില കൊള്ളുന്നു. വഴിമാറി സഞ്ചരിക്കരുതെന്ന് മാത്രം. അത്‌ കൊണ്ട്‌ തർബിയ്യത്തിന്റെ ശൈഖുമാരിലൂടെ അല്ലാതെ തന്നെ അല്ലാഹു വിലേക്ക്‌ ചേരാനുള്ള മാർഗ്ഗങ്ങൾ പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്‌. ഒരാൾ സംസ്കാര സമ്പന്നനാകുന്നത്‌ നബി (സ്വ)യുടെ  ഇടപെടലിലൂടെയാണെന്നതിൽ അഭിപ്രായാന്തരമില്ല. പക്ഷെ ഈ ഇടപെടൽ ലഭിക്കണമെങ്കിൽ സാധാരണ ബന്ധത്തിൽ കവിഞ്ഞ ബന്ധം നബി (സ്വ) യുമായി സ്ഥാപിക്കണം. ഇതിനുള്ള വഴിയാണ്‌ നബി (സ്വ) ക്ക്‌ വേണ്ടിയുള്ള സ്വലാത്തുകൾ വർദ്ധിപ്പിക്കൽ. “എന്റെ ശുപാർശക്ക്‌ ഏറ്റവും അർഹതപ്പെട്ടവൻ എന്റെ മേൽ സ്വലാത്തിനെ വർദ്ധിപ്പിച്ചവനാണെന്ന" നബി വചനം ഇവിടെ ശ്രദ്ദേയമാണ്‌.

        ഇന്ന് നമ്മുടെ നാടുകളിൽ ധാരാളം കള്ളത്വരീഖത്തുകാർ വിലസുന്നുണ്ട്‌ നമ്മുടെ കൊച്ചു കേരളത്തിൽ മാത്രം 21 ലേറെ ത്വരീഖത്തുകൾ ഉണ്ട്‌ അതിൽ വിശ്വാസ യോഗ്യമായ ഒന്നും തന്നെ ഇല്ല. ഈ രീതിയിൽ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന കാലഘട്ടത്തിൽ യാഥാർത്ഥ ശൈഖുമാർ പരസ്യമായി രങ്കത്ത്‌ വരിക അസാധ്യമാണ്‌. യഥാർത്ഥ ശൈഖുമാരെ കിട്ടാൻ പ്രയാസമുള്ള ഈ  സാഹചര്യത്തിൽ നമുക്കടുക്കാം മുത്ത്‌ ഹബീബ്‌(സ്വ) യിലേക്ക്‌ നമുക്ക്‌ ചൊല്ലാം ഒരായിരം സ്വലാത്തുകൾ

അല്ലാഹു തൗഫീഖ്‌ നൽകട്ടെ

2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച

വൽ അസ്‌ർ : കാലം സാക്ഷി

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ കാലം സാക്ഷി. മനുഷ്യന്‍ തീര്‍ച്ചയായും മഹാ നഷ്ടത്തിലാകുന്നു. സത്യം വിശ്വസിക്കുകയും സുകര്‍മങ്ങള്‍ ആചരിക്കുകയും പരസ്പരം സദുപദേശിക്കുകയും ക്ഷമ ഉദ്ബോധിപ്പിക്കുകയും ചെയ്തവരൊഴികെ.
വിശുദ്ധ ഖുര്‍ആന്‍ 103ാം അധ്യായം അല്‍ അസ്വ്റിന്റെ സാരാംശമാണ് മുകളില്‍ ഉദ്ധരിച്ചത്. മൂന്നു സൂക്തങ്ങളുള്ള ഈ ചെറിയ അധ്യായത്തില്‍ മനുഷ്യഭാഗധേയത്തിന്റെ മുഴുവന്‍ രഹസ്യങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പരമ ദയാലുവായ അല്ലാഹുവിന്റെ നാമത്തില്‍ ഒരാള്‍ വായിച്ചെടുക്കുന്നത് ഗഹനമായ ഒരു ചരിത്രാനുഭവത്തെയാണ്. ആ ചരിത്രാനുഭവം കാലത്തെ സാക്ഷിനിറുത്തി നമ്മെ ഉദ്ബോധിപ്പിച്ചിരിക്കുന്നു. ഇതാണത്:
സത്യം വിശ്വസിച്ച്, സുകര്‍മങ്ങളാചരിച്ച്, നന്മ പരസ്പരം ഉപദേശിച്ച്, ക്ഷമ ഉദ്ബോധിപ്പിക്കുന്നവരൊഴികെ മറ്റെല്ലാ മനുഷ്യരും മഹാ നഷ്ടത്തില്‍ ആപതിച്ചവരത്രെ.
എങ്കില്‍ ആ മഹാ നഷ്ടത്തിന്റെ കാരണമെന്തായിരിക്കും? ഇപ്പറഞ്ഞ മൂല്യങ്ങള്‍ തിരസ്കരിക്കുന്നതാണ് അതിന്റെ കാരണം. സത്യം വിശ്വസിക്കാതെയും സുകര്‍മങ്ങള്‍ ആചരിക്കാതെയും പരസ്പരം സത്യവും ക്ഷമയും ഉപദേശിക്കാതെയും കടന്നുപോകുന്നവര്‍ നഷ്ടത്തിലകപ്പെടും; ഐഹികവും പാരത്രികവുമായ നഷ്ടമാണതുകൊണ്ടുണ്ടാവുക.
വിശ്വാസരാഹിത്യം മാത്രം ആലോചനക്കെടുക്കുക. എന്തൊക്കെ വിശ്വസിക്കണം? തൗഹീദ് രിസാലത്ത്, ആഖിറത്ത് അഥവാ ഇലാഹീ ഏകത്വം, പ്രവാചകത്വം, പരലോകം ഈ മൂന്നു കാര്യങ്ങളാണ് സത്യവിശ്വാസത്തിന്റെ കാതല്‍. ബഹുദൈവത്വമോ പ്രവാചകത്വ നിരാസമോ പരലോക നിഷേധമോ അതല്ലെങ്കില്‍ നാസ്തികവാദമോ ഒക്കെയും വിശ്വാസരാഹിത്യമത്രെ. ഈ കാര്യങ്ങളില്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ഐഹികപാരത്രിക ലോകങ്ങളില്‍ രണ്ടു തരം പ്രതിഫലനങ്ങളാണ് ഉണ്ടാക്കുന്നത്.
വസ്തുതാപരമായ സത്യം ഏകദൈവത്വമാകുന്നു. ബഹുത്വം കടുത്ത ബുദ്ധിശൂന്യതയാണ്. ഈ പ്രപഞ്ചമഖിലം പടച്ചുപോറ്റുന്നവന്‍ ഏകനായവന്‍ മാത്രമാണ്. ഇന്നോ ഇന്നലെയോ പിറന്ന മനുഷ്യരോ മറ്റോ അല്ല. സ്രഷ്ടാവിന് ബഹുത്വമില്ല. ഈ ശരിയെ നിരാകരിക്കുമ്പോള്‍ മനുഷ്യന്റെ ഭാഗത്തുനിന്ന് അതൊരു ധാര്‍മിക വീഴ്ചയാണ്. ഒരു നാട്ടുരാജ്യത്തെ സങ്കല്‍പിച്ചുനോക്കൂ. അവിടുത്തെ രാജാവ് പ്രജാവത്സലനാണ്. അദ്ദേഹം പ്രജകള്‍ക്ക് ഭൂമി കൊടുത്തു. കൃഷിയിറക്കാന്‍ വിത്തുകൊടുത്തു. ജലസേചനത്തിനുവേണ്ട സൗകര്യങ്ങളൊരുക്കി. അങ്ങനെ നൂനുനൂറു കാര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നിരിക്കട്ടെ. പ്രജകള്‍ എന്താണു വിശ്വസിക്കേണ്ടത്? ആ നാട്ടുരാജ്യം പ്രസ്തുത രാജാവിന്റെതാണെന്നും അത് മറ്റാരുടേതല്ലെന്നും അതിന്റെയെല്ലാം ഉടമസ്ഥതയും അദ്ദേഹത്തിനാണെന്നുമാണല്ലോ. എന്നാല്‍ പ്രജകളിലൊരാള്‍ അതിന്റെ ഉടമസ്ഥത ആ രാജാവിനല്ലെന്നോ അതല്ലെങ്കില്‍ അദ്ദേഹമല്ലാത്ത മറ്റാര്‍ക്കോ ആണെന്നോ അതുമല്ലെങ്കില്‍ അദ്ദേഹത്തോടൊപ്പം മറ്റു പലര്‍ക്കുമാണെന്നോ വിശ്വസിക്കുകയും വാദിക്കുകയും ചെയ്താലോ? ആ പ്രജയെപ്പറ്റി എന്തു പറയണം? അയാള്‍ ബുദ്ധിശൂന്യനാണ്. വിഡ്ഢിയാണ്. അയാള്‍ക്ക് ആ നാട്ടുരാജ്യത്ത് ജീവിക്കാനുള്ള അവകാശമെന്തിരിക്കുന്നു? സ്വയം കുഴിതോണ്ടുന്ന ചിന്തയാണതെന്ന് നമുക്കറിയാം. ഇതൊരു ദൃഷ്ടാന്തം മാത്രം. ഇതിലേറെ പ്രധാനമുള്ളതാണ് ശരിയായ വിശ്വാസത്തിന്റെ കാര്യം. അതുള്ളവര്‍ക്ക് വിജയിക്കാം. ഇല്ലെങ്കിലോ അയാളുടെ ജീവിതം വൃഥാവിലത്രെ. ഐഹികമോ പാരത്രികമോ ആയ ശുഭപ്രതീക്ഷയില്ലാത്തവനാണ് അയാള്‍. മനുഷ്യന്റെ സര്‍വനിലക്കുമുള്ള നഷ്ടങ്ങളില്‍ നിന്ന് രക്ഷപ്രാപിക്കാനുള്ള പ്രാഥമിക മൂല്യമായി സത്യവിശ്വാസത്തെ എണ്ണിയത് ശ്രദ്ധേയമാകുന്നത് ഇവിടെയാണ്.
വിശ്വാസം മാത്രം പോരാ. സുകൃതങ്ങള്‍ ആചരിക്കുക കൂടി വേണം. നല്ല കര്‍മങ്ങള്‍ അതായത് കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ അനുസരിക്കുകയും നിരോധിത കാര്യങ്ങള്‍ വര്‍ജിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ വിജയത്തിനു നിദാനമാണ്. വലിയ ചിന്ത കൂടാതെത്തന്നെ ഇതു മനസ്സിലാക്കാവുന്നതേയുള്ളൂ. ദൈവിക വെളിപാടുകളിലൂടെ നമുക്ക് കിട്ടിയ കാര്യങ്ങളെ അഗണ്യമാക്കുന്നത് കനത്ത തിരിച്ചടി നല്‍കുമെന്നതിന് നമ്മുടെ മുന്പിലുള്ളതു തന്നെ തെളിവായി മതി. ലോകത്ത് ആരും സമ്മതിക്കാത്ത ദുഷ്കൃത്യങ്ങളാണല്ലോ മദ്യവും കൊലയും വ്യഭിചാരവുമെല്ലാം. എന്തിന്റെ പേരിലായാലും ഇത്തരം ദുഷ്ചെയ്തികളെ ന്യായീകരിക്കുന്ന ഒരു സംസ്കാരം ഇന്നു വര്‍ധിച്ചുവന്നിട്ടുണ്ട്. എന്നാല്‍ അതിന്റെയൊക്കെ ഫലമെന്താണെന്ന് കണ്‍മുന്പില്‍ തന്നെ നാം കാണുന്നുണ്ട്. വ്യഭിചാരം തന്നെയെടുക്കുക. അവിഹിത ലൈംഗിക ബന്ധങ്ങളെ വിലക്കുന്നതെക്കുറിച്ച് അഭിപ്രായ ഭിന്നതയുണ്ട്. എന്നാല്‍ അത് അഭംഗുരം നടക്കുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നമ്മെയിപ്പോള്‍ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നയം മുമ്പുകാലത്ത് അപരിചിതരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക എന്നതായിരുന്നു. അതിനര്‍ത്ഥം പരിചിതരുമായി ആകാം എന്നല്ലേ? പരിചയത്തിലാകാന്‍ എത്ര ദിവസം, എത്ര സമയം മതി!? കാര്യങ്ങളുടെ പോക്ക് അവിടം കൊണ്ട് തീരുന്നില്ലെന്നു വന്നപ്പോള്‍ ഉദ്ബോധനത്തിന്റെ മട്ടുമാറി. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ഒഴിവാക്കുക. നോക്കൂ, സുകൃതങ്ങള്‍ ആചരിക്കുമ്പോള്‍ അതു വൈയക്തികവും സാമൂഹികവുമായ സുസ്ഥിതി നല്‍കുമെന്നും ഇല്ലെങ്കില്‍ അതു നമ്മുടെ അസ്തിത്വത്തെ തന്നെ ബാധിക്കുമെന്നും ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാം. ദുഷ്ചെയ്തികളുമായി ദീര്‍ഘകാലം മുന്നോട്ടു പോകാന്‍ മനുഷ്യര്‍ക്ക് കഴിയുന്നതല്ല. തിരിച്ചറിവും തിരിച്ചുപോക്കും ഒരനിവാര്യതയായി നമ്മോടൊപ്പമുണ്ടാകും. അതത്രെ ഖുര്‍ആന്‍ പറഞ്ഞത്, സുകൃതങ്ങള്‍ ആചരിച്ചവര്‍ രക്ഷപ്പെടുമെന്ന്, അല്ലാത്തവര്‍ നഷ്ടത്തിലാണെന്ന്.
ഇതു പറയുമ്പോള്‍ മറ്റൊരു കാര്യം ഓര്‍ത്തുവെക്കണം. ഇവിടെ ചൂണ്ടിക്കാണിച്ചതത്രയും ഭൗതികമായ കാര്യങ്ങളാണ്. യഥാര്‍ത്ഥ പരാജയവും നഷ്ടവുമൊക്കെ പരലോകത്താണ്. വിശ്വാസവും കര്‍മങ്ങളുമില്ലാത്തവര്‍ പരലോകത്ത് കനത്ത തിരിച്ചടി നേരിടുമെന്നാണ് ഖുര്‍ആന്റെ മുന്നറിയിപ്പ്. ബൗദ്ധികമായി അതിനെ മനസ്സിലാക്കാം. ഓരോ കുഞ്ഞും ഗര്‍ഭാശയത്തില്‍ ജനിച്ചുവളരുന്നു. ഇതാണ് മനുഷ്യന്റെ പ്രാഥമിക ഘട്ടം. അവിടെയുള്ള ജീവിതം ശരീര പ്രധാനമല്ല. ഉമ്മയില്‍ നിന്ന് പൊക്കിള്‍കൊടി വഴി ഭക്ഷണം വേണ്ടുന്ന പാകത്തിലെത്തിക്കൊണ്ടിരിക്കും. എന്നാലും കുഞ്ഞിന് കൈയും കാലും കണ്ണും മൂക്കും എന്നുവേണ്ട എല്ലാ അവയവങ്ങളും വളര്‍ന്നുവരുന്നുണ്ട്. ഈ അവയവങ്ങളൊന്നും ഗര്‍ഭാശയത്തിന്റെയുള്ളില്‍ ഉപയോഗിക്കാനുള്ളതല്ല; അതുവിട്ട് പുറത്തുപോന്ന് ഐഹിക ലോകത്തെത്തുമ്പോള്‍ ഉപയോഗിക്കാനുള്ളതാണ്. ഇതു കാണിക്കുന്നത് വരാനുള്ള ലോകത്തേക്ക് വേണ്ടുന്നത് മുന്‍കൂട്ടി നല്‍കപ്പെടുന്നുവെന്നതാണ്. ഈ ലോകം ശരീര പ്രധാനമാണ്. അതിനുവേണ്ടത് ഈ ലോകത്തെത്തും മുമ്പ് ഗര്‍ഭാശയത്തു നിന്നുതന്നെ നല്‍കപ്പെടുകയാണ്. ഇനി വരാനിരിക്കുന്നതാണ് പാരത്രികം. അത് ആത്മപ്രധാനമാണ്. ആത്മാവിനാണ് അവിടെ മുന്‍ഗണന. ഈ ലോകത്തിന് ഗര്‍ഭാശയം മുഖവുരയെന്നപോലെ ആത്മനിഷ്ഠമായ പാരത്രിക ജീവിതത്തിന്റെ മുഖവുരയത്രെ ഈ ലോകം. ഇവിടെവെച്ച് ആത്മാവിനെ വിമലീകരിക്കണം. ശുദ്ധീകരിക്കണം. ഗര്‍ഭാശയത്തിനകത്ത് ഈ ലോകത്തേക്കു വേണ്ടത് നമ്മുടെ പ്രയത്നമന്യേ നടന്നതാണ്. എന്നാല്‍ പാരത്രിക ലോകത്തേക്കുള്ള ആത്മീയ വികാസം നമ്മുടെ പ്രയത്നത്തോടെയാണ് ഉണ്ടാകേണ്ടത്. ഇതുമാത്രമാണ് അന്തരം. ഭക്ഷണം ശരീരത്തിനെന്നപോലെ ആത്മാവിന്റെ വളര്‍ച്ചാവികാസത്തിന്റെ സ്രോതസ്സ് വിശ്വാസവും സുകര്‍മങ്ങളുമാണ്. വിശ്വസിച്ച് സുകര്‍മങ്ങള്‍ ആചരിക്കുമ്പോള്‍ ആത്മാവ് മറ്റൊരു ലോകത്തേക്ക് കുടിയേറാനും സുഖമനുഭവിക്കാനും പര്യാപ്തമാകുന്നു. ഇല്ലെങ്കിലോ നഷ്ടം സംഭവിക്കുന്നു. ഇതത്രെ ഖുര്‍ആന്‍ പറഞ്ഞത്വിശ്വസിച്ച് സുകര്‍മങ്ങള്‍ ആചരിച്ചവരൊഴികെ മനുഷ്യരെല്ലാം മഹാനഷ്ടത്തിലാണെന്ന്.
വിശ്വാസവും സുകര്‍മാചരണവും കൊണ്ട് മനുഷ്യന്റെ ഐഹിക പാരാത്രികമോക്ഷം സുസാധ്യമാകുന്നില്ല. മറിച്ച് അത്തരമൊരവസ്ഥ പൂത്തുല്ലസിക്കുന്ന സാമൂഹ്യ സാഹചര്യം കൂടി സൃഷ്ടിക്കപ്പെടണം. അതിന് ഓരോ വ്യക്തിയും സത്യം ക്ഷമ എന്നീ ഗുണങ്ങള്‍ പരസ്പരം ഉപദേശിക്കുകയും വേണം. ആദര്‍ശാത്മകമോ കര്‍മപരമായോ ഉള്ള സത്യം, അതനുഷ്ഠിച്ച് മുന്നേറാനുള്ള ആത്മധ്യൈം ഇവ പരസ്പരം പങ്കുവെക്കുമ്പോള്‍ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഒരു സമൂഹം പിറക്കുന്നു. ഇത് ഓരോ വ്യക്തിക്കും സുരക്ഷിതമായ ഒരു വലയമൊരുക്കും. സത്യം വിശ്വസിച്ച്, നല്ലതു ചെയ്ത്, അതു പ്രബോധനം ചെയ്ത് ക്ഷമിച്ചു കഴിയാന്‍ പരസ്പരം പങ്കുവെക്കുന്ന ഒരു സമൂഹത്തില്‍ ഓരോ വ്യക്തിയും സുരക്ഷിതനാണെന്നതിനു പുറമെ സദ്ഗുണ കാംക്ഷിയുമായിരിക്കും. നന്മയുള്ള ഒരു ഉമ്മത്തി(സമുദായം)ന്റെ നിലനില്‍പ് ഉറപ്പുവരുത്തലാണിത്. ചുറ്റുപാടുകളും ഇടപഴകുന്ന മറ്റു മനുഷ്യരും നന്നാകുന്നതിലൂടെ ആത്മികമായ കെട്ടുറപ്പും സഹബന്ധവും കാത്തുസൂക്ഷിക്കാന്‍ കഴിയുമല്ലോ.
ഒരു കൂട്ടം ജനങ്ങള്‍ ഒരു കപ്പലില്‍ സഞ്ചരിക്കുന്നുവെന്നിരിക്കട്ടെ. അതിലൊരാള്‍ കപ്പലിനടിയില്‍ ഒരു ദ്വാരമുണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്തു ചെയ്യണം? അയാളെ പാട്ടിനു വിടുന്നപക്ഷം കുറച്ചു കഴിയുമ്പോള്‍ കപ്പലിന് ദ്വാരം വീഴും. കടല്‍ വെള്ളം ഉള്ളില്‍ കടന്ന് കപ്പല്‍ മുങ്ങും. അയാളും യാത്ര ചെയ്യുന്ന മറ്റെല്ലാവരും മുങ്ങി മരിക്കും. അയാളെ അപ്പണിയില്‍ നിന്ന് തടഞ്ഞാലോ അയാളും കപ്പലിലെ മുഴുവന്‍ യാത്രികരും രക്ഷപ്പെടും. ദാരുണമായ ഈ അന്ത്യത്തില്‍ നിന്ന് ഈ കൂട്ടായ്മയെ രക്ഷിച്ചത് അവസരോചിതമായ ഇടപെടലാണല്ലോ. അതുപോലെ തന്നെയാണ് മനുഷ്യസമൂഹവും. സത്യവും നീതിയും ക്ഷമയും പരസ്പരം ഉപദേശിച്ച് ഒന്നിച്ച് മുന്നേറുന്നത് ഓരോ വ്യക്തിയുടെയും സൗഭാഗ്യത്തിന് നിദാനമത്രെ.
മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ സുസ്ഥിതിക്ക് ഏതുതരം നിലപാടാണ് വേണ്ടതെന്നതിന് ഹ്രസ്വവും എന്നാല്‍ ആശയ ഗര്‍ഭവുമായ ഒരു ഉത്തരമാണ് അല്‍ അസ്വ്ര്‍ അധ്യായം. കാലം/സമയം തീരുന്തോറും നേടിയെടുത്തുവെന്ന് പുളകം കൊള്ളുന്നവന്റെ മുന്പില്‍ കാലത്തെ മുന്‍നിറുത്തിക്കൊണ്ടൊരു താക്കീതാണിത്. ഇല്ല കാലം സാക്ഷി, കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമയവും തിരമാലയും ആരെയും കാത്തുനില്‍ക്കാറില്ല എന്നാണല്ലോ പഴമൊഴി. അതുതന്നെ. ഈ അമൂല്യമായ സമയത്തെ രക്ഷിച്ചെടുക്കാനെന്തു വഴി? അതാണ് വിശ്വാസം, സുകര്‍മങ്ങളുടെ ആചരണം. സത്യം, ക്ഷമ എന്നീ മൂല്യങ്ങളുടെ പരസ്പര പ്രബോധനം.
ഇഎംഎ ആരിഫ് ബുഖാരി

കഥപറയുന്ന മുഹര്റം

അല്ലാഹുവിന്റെ മാസമെന്നറിയപ്പെടുന്ന മുഹര്‍റം ഹിജ്റ കലണ്ടറിലെ പ്രഥമ മാസവും യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിലൊന്നുമാണ്. അല്ലാഹു പറയുന്നു: “ആകാശ ഭൂമികള്‍ സൃഷ്ടിച്ച ദിവസം മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ചു മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലു മാസം വിശുദ്ധങ്ങളുമാണ്’ (വിശുദ്ധ ഖുര്‍ആന്‍ 9/36). ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണ് പ്രസ്തുത നാലു മാസങ്ങള്‍ (ജലാലൈനി 1/205). യുദ്ധം നിഷിദ്ധമായ മാസമായതു കൊണ്ടാണ് മുഹര്‍റം എന്ന പേര് ഈ മാസത്തിനു ലഭിച്ചത്. ഇബ്ലീസിനു സ്വര്‍ഗം വിലക്കപ്പെട്ടതു കൊണ്ടാണ് ഈ പേര് വന്നതെന്നും അഭിപ്രായമുണ്ട് (തുഹ്ഫ 8/453).
ജാഹിലിയ്യാ കാലഘട്ടത്തിലെ അക്രമികള്‍ പോലും ഈ നാലു മാസങ്ങളെ ആദരിച്ചിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഹിജ്റ എട്ടാം വര്‍ഷം റബീഅ ഗോത്രക്കാര്‍ അബ്ദുല്‍ ഖൈസിന്റെ പ്രതിനിധികളായി നബി(സ്വ)യെ സന്ദര്‍ശിച്ചപ്പോള്‍ “മുളര്‍ ഗോത്രത്തിലെ ശത്രുക്കള്‍ ഞങ്ങളെ തടയുന്നതു കാരണം യുദ്ധം നിഷിദ്ധമല്ലാത്ത മാസങ്ങളില്‍ ഞങ്ങള്‍ക്ക് അങ്ങയുടെ സവിധത്തി ലെത്താന്‍ സാധിക്കുന്നില്ലെന്ന്’ പരാതിപ്പെട്ടിരുന്നു. ഇതു വിശകലനം ചെയ്ത് മുല്ലാ അലിയ്യുല്‍ ഖാരി(റ) രേഖപ്പെടുത്തുന്നു: “ജാഹിലിയ്യാ കാലത്ത് ജനങ്ങള്‍ യുദ്ധ കോലാഹലങ്ങള്‍ നിരന്തരം നടത്താറുണ്ടെങ്കിലും പവിത്രമായ നാലു മാസങ്ങളുടെ മഹത്ത്വം കണക്കിലെടുത്ത് മുഴുവന്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവര്‍ വിട്ടു നില്‍ക്കുമായിരുന്നു’ (മിര്‍ഖാത്തുല്‍ മഫാതീഹ്). യുദ്ധ നിരോധന നിയമം പിന്നീട് പിന്‍വലിക്കപ്പെട്ടെങ്കിലും പ്രസ്തുത നാല് മാസങ്ങളുടെ മഹത്ത്വത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. മറ്റുളള എട്ട് മാസങ്ങളേക്കാള്‍ പുണ്യവും പ്രാധാന്യവും ഇന്നും അവയ്ക്കുണ്ട് (നിഹായ 7/300). അതേസമയം ഈ നാലു മാസങ്ങളില്‍ ഏറ്റവും പ്രധാനം മുഹര്‍റം തന്നെയാണ്. അതു കൊണ്ടാണ് യുദ്ധം നിഷിദ്ധമായതെന്നര്‍ത്ഥമുള്ള “അല്‍ മുഹര്‍റം’ എന്ന നാമം ഇതിനുമാത്രം ലഭിച്ചത് (തുഹ്ഫ 8/453).
വിശുദ്ധ ഖുര്‍ആനിലെ എണ്‍പത്തൊമ്പതാം അധ്യായത്തിലെ പ്രഥമ സൂക്തത്തില്‍ അല്ലാഹു സത്യം ചെയ്ത് പറയുന്ന “പ്രഭാതം’ മുഹറമിലെ ആദ്യ പ്രഭാതത്തെക്കുറിച്ചാണെന്ന് ഇമാം ഖതാദ (റ) അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഇമാം ഖുര്‍ത്വുബി (റ)വും “പത്ത് രാവുകള്‍’ എന്ന പരാമര്‍ശം മുഹര്‍റത്തിലെ ആദ്യ പത്ത് ദിനങ്ങളെ സംബന്ധിച്ചാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം ത്വബരി(റ)വും ഉദ്ധരിച്ചിട്ടുണ്ട്.
മുഹര്‍റം മാസത്തിന് പൊതുവെയും ആദ്യത്തെ പത്തിന് പ്രത്യേകിച്ചും സവിശേഷതകളുണ്ട്. എന്നാല്‍ പത്താമത്തെ ദിവസത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഇസ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് മുഹര്‍റം പത്ത്. ഫറോവയുടേയും മാരണക്കാരുടേയും കെണിവലകളില്‍ നിന്ന് മൂസാ നബി(അ)ന് അല്ലാഹു വിജയം നല്‍കിയത് ഈ ദിവസത്തിലാണ് (അല്‍ ബിദായതു വന്നിഹായ 1/354).
ചരിത്രപാഠങ്ങള്‍
ചരിത്രത്തിലെ പ്രധാന ധിക്കാരിയും അക്രമിയുമായ ഫറോവയുടെ ദയനീയമായ അധഃപതനവും മൂസാനബിയുടെയും ജനതയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പും മുഹര്‍റം പത്തിന്റെ ദീപ്ത സ്മരണകളില്‍പ്പെട്ടതാണ്. അധികാരത്തിന്റെ തിണ്ണ ബലത്തില്‍ അഹങ്കാരത്തിന്റെ പല്ലക്കിലേറി ദുര്‍ബല വിഭാഗങ്ങളെ അടിമകളാക്കിയും അടിച്ചൊതുക്കിയും കിരാത ഭരണം കാഴ്ചവെച്ച ഫറോവക്കെതിരെ സത്യവിശ്വാസത്തിന്റെ കരുത്തുമായി നിലകൊണ്ട മൂസാനബി(അ)യുടെയും അനുയായികളുടെയും വിജയത്തിന്റെ അവിസ്മരണീയമായ പാഠങ്ങള്‍ അയവിറക്കുന്ന ദിവസമാണത്. ധിക്കാരികള്‍ക്കു മുന്നില്‍ സ്ഥ്യൈവും ദൃഢവിശ്വാസവും കൈവിടാതെ പ്രബോധന രംഗത്തുറച്ചു നിന്ന മൂസാ നബിയുടെയും അനുചരരുടെയും വിജയ ചരിത്രങ്ങള്‍ നവ സാമ്രാജ്യത്വ ശക്തികള്‍ക്കിടയിലും സത്യ വിശ്വാസികള്‍ക്ക് പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ടുപോകാനുള്ള പ്രചോദനം നല്‍കുന്നതാണ്.
മഹാ ജലപ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കപ്പല്‍ കയറിയ നൂഹ് നബി(അ)യും വിശ്വാസികളും കപ്പലിറങ്ങിയതും മുഹര്‍റം പത്തിനാണ് (ഇമാം ബൈഹഖി, ശുഅബുല്‍ ഈമാന്‍/3640). തിരുനബി(സ്വ)യുടെ പൗത്രനും ഇമാം അലി(റ)ന്റെ പുത്രനുമായ ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ രക്ത സാക്ഷിയായതും ഇതേ ദിവസമാണ് (ഇമാം ത്വബ്റാനി, അല്‍ മുഅ്ജമുല്‍ കബീര്‍/2736).
കൂടാതെ സ്വര്‍ഗം, നരകം, ഖലം, അര്‍ശ്, ലൗഹുല്‍ മഹ്ഫൂള് തുടങ്ങിയവയെല്ലാം സൃഷ്ടിക്കെപ്പട്ടതും മുഹര്‍റം പത്തിനാണ്. ആദം നബി(അ)ന്റെ തൗബ അല്ലാഹു സ്വീകരിച്ചതും ഇബ്രാഹീം നബി(അ)നെ നംറൂദിന്റെ തീയില്‍ നിന്നു രക്ഷ പ്പെടുത്തിയതും മൂസ നബി(അ)ന് തൗറാത്ത് അവതീര്‍ണമായതും യൂസുഫ് നബി(അ) ജയില്‍ മോചിതനായതും യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചു ലഭിച്ചതും അയ്യൂബ് നബി(അ)ക്ക് ആരോഗ്യം തിരിച്ചുകിട്ടിയതും സുലൈമാന്‍ നബി(അ) ലോകത്തിന്‍റ ചക്രവര്‍ത്തിയായതും യൂനുസ് നബി(അ) മത്സ്യത്തിന്റെ ഉദരത്തില്‍ നിന്ന് രക്ഷപ്പെട്ടതും ആദ്യമായി മഴ വര്‍ഷിച്ചതുമെല്ലാം ഇതേ ദിവസം തന്നെ (ഇആനത്ത് 2/266). ഇസ്‌ലാമിന്റെ ശോഭന ചരിത്രത്തിലേക്ക് പുതിയ പല അധ്യായങ്ങളും തുന്നിച്ചേര്‍ത്ത പുണ്യദിനമാണ് മുഹര്‍റം പത്തെന്ന് ചുരുക്കം.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനും അതിരറ്റ സന്തോഷം പ്രകടിപ്പിക്കുന്നതിനുമാണ് മുഹര്‍റം പത്തിന്റെ (ആശൂറാഅ്) നോമ്പ് സുന്നത്താക്കിയിട്ടുള്ളത്. നന്ദി പ്രകടനത്തിന്റെ ഒരു പ്രധാന ആരാധനയാണല്ലോ വ്രതം. സുജൂദ്, നോമ്പ്, സ്വദഖ, ഖുര്‍ആന്‍ പാരായണം തുടങ്ങിയ ആരാധനകള്‍ കൊണ്ടെല്ലാം അല്ലാഹുവിനോടുള്ള നന്ദി പ്രകടനമാകാമെന്ന് ഇമാം സുയൂത്വി(റ) വ്യക്തമാക്കിയിട്ടുണ്ട് (അല്‍ഹാവി ലില്‍ ഫതാവ). ലോക ഗുരു മുഹമ്മദ് നബി(സ്വ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായതു കൊണ്ടാണല്ലോ എല്ലാ തിങ്കളാഴ്ചകളിലും നോമ്പ് സുന്നത്തായത്.
മൂസാ നബി(അ)യും കൂട്ടുകാരും ഫറോവയുടെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ നന്ദി പ്രകടിപ്പിച്ച് ജൂതന്മാരും മുഹര്‍റം പത്തിന് വ്രതമനുഷ്ഠിച്ചിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: “പ്രവാചകര്‍(സ്വ) മദീനയില്‍ ചെന്നപ്പോള്‍ ആശൂറാഅ് ദിവസം ജൂതന്മാര്‍ നോമ്പ് എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനെപ്പറ്റി ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: “ഈ ദിവസമാണ് മൂസാ നബി(അ)യെയും ബനൂഇസ്റാഈല്യരെയും ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചത്. അതു കൊണ്ട് ആ ദിവസത്തെ ആദരിച്ചു കൊണ്ട് ഞങ്ങള്‍ നോമ്പ് അനുഷ്ഠിക്കുന്നു’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: “ഞങ്ങളാണ് നിങ്ങളേക്കാള്‍ മൂസാ നബി(അ) യുമായി ഏറ്റവും ബന്ധമുള്ളവര്‍’. അങ്ങനെ ആ ദിവസം നോമ്പ് അനുഷ്ഠിക്കാന്‍ നബി(സ്വ) കല്‍പ്പിച്ചു (സ്വഹീഹുല്‍ ബുഖാരി). മുസ്‌ലിം(റ)ന്റെ റിപ്പോര്‍ട്ടില്‍ “ആ ദിവസം മൂസാ നബി(അ) നന്ദിപ്രകടനമായി നോമ്പനുഷ്ഠിച്ചു. അതുകൊണ്ട് ഞങ്ങളും നോമ്പ് അനുഷ്ഠിക്കുന്നു’ എന്നു കൂടിയുണ്ട്’ (സ്വഹീഹ് മുസ്‌ലിം).
നബി(സ്വ) മദീനയിലെത്തിയപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോന്പിലായിരുന്നുവെന്ന് ഈ ഹദീസിനര്‍ത്ഥമില്ല. പ്രത്യുത, മദീനയിലെത്തിയതിന് ശേഷമുള്ള മുഹറം പത്തിന് അവര്‍ നോന്പെടുക്കുമ്പോള്‍ നബി(സ്വ) അതിനെക്കുറിച്ച് ജൂതന്മാരോട് അന്വേഷിക്കുകയായിരുന്നു. അല്ലാത്തപക്ഷം, ജൂതര്‍ ആശുറാഅ് നോമ്പ് റബീഉല്‍ അവ്വലിലാണ് അനുഷ്ഠിച്ചതെന്ന് വരും. കാരണം നബിയുടെ ഹിജ്റ നടന്നത് റബീഉല്‍ അവ്വലിലാണല്ലോ. ആശൂറാഅ് ദിനത്തിന്റെ പ്രാധാന്യം നബി(സ്വ) മനസ്സിലാക്കുന്നത് ജൂതന്മാരില്‍ നിന്നാണോ എന്ന ചോദ്യവും അസ്ഥാനത്താണ്. കാരണം മക്കയില്‍ വെച്ച് തന്നെ നബി(സ്വ) ഖുറൈശികളോടൊപ്പം മുഹര്‍റം പത്തിനു നോമ്പനുഷ്ഠിച്ചിരുന്നുവെന്ന ഹദീസ് ആഇശാ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹതി പറയുന്നു: “അജ്ഞാന കാലത്ത് ഖുറൈശികള്‍ ആശൂറാഅ് ദിവസം നോന്പെടുത്തിരുന്നു. നുബുവ്വത്തിനു മുമ്പ് നബി(സ്വ)യും ഈ നോന്പെടുത്തു. അവിടുന്ന് മദീനയില്‍ പോയപ്പോള്‍ പ്രസ്തുത നോമ്പ് സ്വയം അനുഷ്ഠിക്കുന്നതിനു പുറമെ അനുയായികളോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു’ (അബൂദാവൂദ്, നസാഈ). മദീനയിലെ പ്രബല സമുദായമായ ജൂതന്മാരുടെ വിശപ്പ് ദിനത്തെ മുസ്‌ലിംകളും മാനിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താനും സൗഹൃദം നിലനിര്‍ത്താനും വേണ്ടി മാത്രമാണ് നബി(സ്വ) ഇക്കാര്യം അവരോട് അന്വേഷിച്ചതെന്നും ഇതില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ശിര്‍ക്ക് നിറഞ്ഞ ഓണാഘോഷത്തിനു പോലും ഈ സംഭവം വേണ്ടവിധം മനസ്സിലാക്കാതെ ചില വികട പണ്ഡിതര്‍ തെളിവാക്കുന്നത് കൗതുകകരമാണ്.
സുന്നത്തു നോമ്പുകളില്‍ അധി പ്രധാനമാണ് മുഹര്‍റം മാസത്തിലെ നോമ്പ്. വിശിഷ്യാ പത്താമത്തെ ദിവസം. “ദിവസങ്ങളുടെ കൂട്ടത്തില്‍ മുഹര്‍റം പത്തിലും മാസങ്ങളുടെ കൂട്ടത്തില്‍ റമളാനിലുമാണ് നബി(സ്വ) ഏറെ നിര്‍ബന്ധ ബുദ്ധിയോടെ നോന്പെടുക്കുന്നതായി ഞാന്‍ കണ്ടതെന്ന്’ ഇബ്നു അബ്ബാസ്(റ) പറയുന്നുണ്ട് (സ്വഹീഹുല്‍ ബുഖാരി). ആശുറാഇന്റെ നോമ്പ് ഒരു കൊല്ലത്തെ ദോഷം പൊറുപ്പിക്കുന്നതാണെന്ന നബിവചനം അബൂ ഖതാദ(റ) ഉദ്ധരിച്ചിട്ടുണ്ട് (സ്വഹീഹു മുസ്‌ലിം).
മുഹര്‍റം ഒന്ന് മുതല്‍ പത്ത് വരെയുള്ള വ്രതാനുഷ്ഠാനം ശക്തമായ സുന്നത്തും ആ മാസം മുഴുവന്‍ നോന്പെടുക്കല്‍ സുന്നത്തുമാണ് (ഫതാവല്‍ കുബ്റാ 2/79). ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) എഴുതുന്നു: “റമളാനൊഴികെയുള്ള മാസങ്ങളില്‍ വെച്ച് വ്രതമനുഷ്ഠിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായത് യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളാണ്. അവയില്‍ തന്നെ ഏറ്റവും ശ്രേഷ്ഠത മുഹര്‍റത്തിനും. ശേഷം റജബും പിന്നെ ദുല്‍ഹിജ്ജയും പിന്നെ ദുല്‍ഖഅ്ദുമാണ് ( ഫത്ഹുല്‍ മുഈന്‍/204).
മുഹര്‍റം പത്തിനു വ്രതം സുന്നത്തുള്ളതു പോലെ ഒമ്പതിനും (താസൂആഅ്) സുന്നത്തുണ്ട്. മാസപ്പിറവിയുടെ നിര്‍ണയത്തില്‍ വന്നേക്കാവുന്ന ധാരണപ്പിശക് മൂലം ദിവസ വ്യത്യാസത്തിനുള്ള സാധ്യതയില്ലാതാവുക, പത്തിനു മാത്രം നോന്പെടുത്തിരുന്ന ജൂതന്മാരോട് എതിരാവുക തുടങ്ങിയവയാണ് ഇതിനു പിന്നിലെ രഹസ്യങ്ങള്‍ (മുഗ്നി1/446).
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു: “പ്രവാചകന്‍(സ്വ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: പ്രവാചകരേ, ഈ ദിവസത്തെ ജൂതക്രൈസ്തവര്‍ മഹത്ത്വപ്പെടുത്തുന്നുണ്ടല്ലോ? അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഒമ്പതാമത്തെ ദിവസവും നാം നോമ്പനുഷ്ഠിക്കുന്നതാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു: അടുത്ത വര്‍ഷമായപ്പോഴേക്കും നബി (സ്വ) വഫാത്തായിരുന്നു’ (മുസ്‌ലിം). ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് താസൂആഅ് ദിനത്തിലും നോമ്പ് സുന്നത്തുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നത്.
ജൂതര്‍ക്കൊപ്പം മുഹര്‍റം പത്തിന് നോന്പെടുക്കുന്ന നിലപാട് എട്ട് വര്‍ഷത്തോളം തുടര്‍ന്നതിനു ശേഷം ഹിജ്റയുടെ പത്താം വര്‍ഷം അഥവാ നബി(സ്വ)യുടെ അറുപത്തി മൂന്നാം വയസ്സിലാണ് ആ പ്രഖ്യാപനം. പരമാവധി സഹകരണം പ്രകടിപ്പിച്ചിട്ടും ബനുന്നളീര്‍, ബനൂഖുറൈള, ബനൂ ഖൈനുഖാഅ് തുടങ്ങിയ ജൂത ഗോത്രങ്ങള്‍ തിരു നബിയെ പലതവണ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തതു നിമിത്തം ഇനിയൊരു നിലക്കും രജ്ഞിപ്പിലെത്താന്‍ സാധ്യമല്ലെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടപ്പോഴാണ് ജൂതരോട് നിസ്സഹകരണവും എതിര്‍പ്പും പ്രകടിപ്പിക്കാനുള്ള ഈ കല്‍പന വരുന്നതെന്നുകൂടി മനസ്സിലാക്കണം.
മുഹര്‍റം ഒമ്പതിനും പത്തിനുമൊപ്പം പതിനൊന്നിനും നോന്പെടുക്കല്‍ സുന്നത്താണ്. “നിങ്ങള്‍ ആശൂറാഅ് ദിവസം നോന്പെടുക്കുക. ജൂതന്‍മാരോട് വ്യത്യാസം പുലര്‍ത്തുന്നവരാകുക. അതിന് മുന്പൊരു ദിവസവും ശേഷമൊരു ദിവസവും നിങ്ങള്‍ വ്രതമനുഷ്ഠിക്കുക’ എന്നു നിര്‍ദേശമുള്ള റിപ്പോര്‍ട്ട് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട് (ഇആനത്ത് 2/266).
മാസപ്പിറവിയുമായി ബന്ധപ്പെട്ട സൂക്ഷ്മതക്കു വേണ്ടി ഒമ്പതിന് നോന്പെടുത്താലും പതിനൊന്നിനും നോമ്പ് സുന്നത്തു തന്നെയാണ്. കാരണം പിറവിയിലെ പിഴവ് മുന്തിയും പിന്തിയുമൊക്കെയാവാമല്ലോ (ശര്‍വാനി 3/456). അതേ സമയം ഒമ്പതിനു നോമ്പനുഷ്ഠിച്ചവര്‍ക്കും അനുഷ്ഠിക്കാത്തവര്‍ക്കും പത്തോടൊപ്പം പതിനൊന്നിനും വ്രതം സുന്നത്തു തന്നെയാണ് (ഫത്ഹുല്‍ മുഈന്‍/203). ഇനി ഒരാള്‍ പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ മാത്രമാണ് അനുഷ്ഠിക്കാനുദ്ദേശിക്കുന്നതെങ്കില്‍ അവന് ഏറ്റവും ഉത്തമം ഒമ്പതാണ്. കാരണം അതില്‍ ജൂതന്മാരോടുള്ള നിസ്സഹകരണവും മുഹര്‍റത്തിന്റെ ആദ്യ പത്തു ദിനമെന്ന ശ്രേഷ്ഠതയുമുണ്ട്. ഇനി ഒമ്പതോ പതിനൊന്നോ ഇല്ലാതെ പത്തിനു മാത്രം നോമ്പനുഷ്ഠിക്കുന്നതും കറാഹത്തല്ല (ഇബ്നുഖാസിം 3/455).
ആശൂറാഅ് ദിവസത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കലും ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്. എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ സുഭിക്ഷത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്/327).
മുഹറം പത്തില്‍ ഭക്ഷണ വിശാലത നല്‍കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ സമൃദ്ധി ലഭിക്കുമെന്ന് പ്രമാണയോഗ്യമായ ഹദീസുകളിലുണ്ട്. ആശുറാഅ് ദിനത്തില്‍ കുടുംബത്തിനു വിശാലത നല്‍കിയവര്‍ക്ക് അല്ലാഹു വളരെ കൂടുതല്‍ വിശാലത നല്‍കിയതായി ഈ ഹദീസിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അനുഭവമുണ്ടെന്ന് ഇമാം കുര്‍ദി(റ) വ്യക്തമാക്കിയിട്ടുണ്ട് (തര്‍ശീഹ്/170). ആശുറാഅ് ദിവസവുമായി ബന്ധപ്പെട്ട് പല ആചാരങ്ങളും പ്രചാരത്തിലുണ്ടെങ്കിലും നോന്പും കുടുബത്തിനു നല്‍കുന്ന ഭക്ഷണ സുഭിക്ഷതയുമൊഴികെയുള്ള ഒന്നും തന്നെ സ്വഹീഹായ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടില്ലെന്ന് സയ്യിദ് ബകരി(റ) രേഖപ്പെടുത്തുന്നു.
പവിത്രമായ മുഹറം മാസത്തിലെ ആചാരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിനു പകരം അനാചാരങ്ങള്‍ പ്രചരിപ്പിക്കാനും അന്ധവിശ്വാസങ്ങള്‍ സൃഷ്ടിക്കാനുമാണ് ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നത്. മുഹര്‍റം മാസപ്പിറവി മറഞ്ഞു കാണുന്നതു ജീവിതത്തിലെ ഏറ്റവും വലിയ ദുശ്ശകുനമാണെന്നും മുഹര്‍റത്തില്‍ നഷ്ടം വന്നാല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും നഷ്ടം വരുമെന്നും മുഹറം പത്തിനുമുമ്പ് വിവാഹം, സല്‍ക്കാരം, ഗൃഹപ്രവേശം, കച്ചവടം പോലുള്ളവ തുടങ്ങാന്‍ പാടില്ലെന്നുമുള്ള അന്ധവിശ്വാസങ്ങള്‍ക്ക് മതത്തില്‍ യാതൊരു തെളിവുമില്ല. മുന്‍ഗാമികള്‍ മുഹര്‍റത്തിലെ ആദ്യത്തെ പത്തു ദിവസം നിര്‍ബന്ധ ബുദ്ധ്യാ നോന്പെടുത്തിരുന്നതു നിമിത്തം സദ്യ വിളമ്പുന്ന പരിപാടികളെല്ലാം പത്തിനു ശേഷമുള്ള ദിവസങ്ങളിലേക്ക് മാറ്റിവെച്ചതില്‍ നിന്ന് തെറ്റിദ്ധരിച്ചുണ്ടായതാവണം ഈ ധാരണ.
മുഹര്‍റത്തിലെ ഇത്തരം അന്ധവിശ്വാസങ്ങളെ മുഴുവന്‍ പണ്ഡിതന്മാര്‍ നഖശിഖാന്തം വിമര്‍ശിക്കുക യാണ് ചെയ്തത്. അവര്‍ പറയുന്നതു കാണുക: “ആശൂറാഇന്റെ ദിവസം സുറുമയിട്ടാല്‍ ആ വര്‍ഷം കണ്ണ് രോഗമുണ്ടാകില്ല, അന്നു കുളിച്ചാല്‍ ആ വര്‍ഷം തീരെ രോഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകളെല്ലാം നിര്‍മിതങ്ങളാണ്’ (ഇആനത്ത് 2/266,267). ആശൂറാഅ് ദിനത്തില്‍ സുറുമയിടുന്ന സന്പ്രദായം ഹുസൈന്‍(റ)ന്റെ ഘാതകര്‍ ആവിഷ്ക്കരിച്ചതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശര്‍വാനി 3/455). ഈ ദിവസത്തില്‍ ആശൂറാ പായസം കഴിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടെന്നും അതിനു മറ്റു ഭക്ഷണത്തേക്കാള്‍ മഹത്ത്വമുണ്ടെന്നും ശരീരത്തില്‍ എണ്ണ പുരട്ടലും ചായം തേയ്ക്കലുമെല്ലാം പ്രസ്തുത ദിവസം പ്രത്യേകം പുണ്യമുള്ളതാണെന്നുമുള്ള ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട് (തര്‍ശീഹ്/170).
ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ശിയാക്കള്‍ സംഘടിപ്പിക്കാറുള്ള ശാരീരിക പീഡനങ്ങള്‍ നടത്തിയുള്ള മുഹര്‍റം ആഘോഷത്തിനും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. ഹിജ്റ 61ാം വര്‍ഷം മുഹറം പത്തിനാണ് ഹുസൈന്‍(റ) വധിക്കപ്പെട്ടതെന്നതു ചരിത്ര സത്യ മാണ്. എന്നാല്‍ അനുഗ്രഹങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കാനും വിപത്തുകളില്‍ ക്ഷമ കൈക്കൊ ള്ളാനുമാണ് ഇസ്‌ലാമിന്റെ ആഹ്വാനം. പ്രവാചകന്മാരുടെ വഫാത്ത് ദിനങ്ങളുടെ ദുഃഖാചരണം പോലും അല്ലാഹുവോ പ്രവാചകനോ അനുവദിച്ചിട്ടില്ലെന്നിരിക്കെ, മറ്റുള്ളവരുടെ പേരില്‍ ദുഃഖാചരണം നടത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് പണ്ഡിതമതം.
സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍