പ്രവാചക പത്നിമാര്‍
Prophet Muhammed (Swa)Prophet Muhammed (Swa) TreatmentMarch 17, 2014
ഖുറൈശി ഗോത്രത്തില്‍ ഉന്നത കുടുംബത്തിലാണ് ഖദീജ(റ) ജനിച്ചത്. ഖദീജ(റ)യെ ത്വാഹിറ എന്നു വിളിച്ചിരുന്നു. പിതാവ് ഖുവൈലിദുബ്നു അസദായിരുന്നു. മാതാവ് ഫാത്വിമാ ബിന്‍ത് സായിദും. ഖദീജ(റ)യെ ആദ്യം വിവാഹം ചെയ്തത് അബൂഹാലയായിരുന്നു. ആ വിവാഹ ബന്ധത്തില്‍ ഹിന്ദ് എന്നും ഹാരിസ് എന്നും രണ്ട് കുട്ടികള്‍ ജനിച്ചു. അബൂഹാലയുടെ മരണത്തിന് ശേഷം അത്തീഖ് ബ്നു ആബിദ് ഖദീജയെ വിവാഹം കഴിച്ചു. അതില്‍ ഹിന്ദ് എന്ന് പേരായ പെണ്‍കുട്ടി ജനിച്ചു. അധികം താമസിയാതെ അത്തീഖും കാലഗതി പ്രാപിച്ചു.ഇതിനുശേഷമാണ് മുഹമ്മദ് നബി(സ) ഖദീജയെ വിവാഹം കഴിക്കുന്നത്. ഖദീജക്ക് നാല്‍പതും മുഹമ്മദ് നബിക്ക് ഇരുപത്തിഅഞ്ചുമായിരുന്നു പ്രായം. കറയറ്റ സ്നേഹബന്ധത്തിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ഇരുവരുടെയും ദാമ്പത്യ ജീവിതം. മുഹമ്മദിന് ഖദീജയും അവര്‍ക്ക് മുഹമ്മദും ജീവനില്‍ ജീവനായിരുന്നു. ഖദീജാ ബീവിയുടെ ജീവിതകാലത്ത് നബി മറ്റൊരു വിവാഹം ചെയ്തില്ല. ഒരിക്കല്‍ നബി(സ) ഖദീജയെ പുകഴ്ത്തിയപ്പോള്‍ ആഇശ കുത്തുവാക്കു പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു: “ഇല്ല, എനിക്ക് ഖദീജയേക്കാള്‍ നല്ല ഭാര്യയെ ലഭിച്ചിട്ടില്ല. എല്ലായ്പ്പോഴും അവര്‍ എന്നെ സഹായിച്ചു. അവരില്‍നിന്ന് അല്ലാഹു എനിക്ക് സന്താനങ്ങള്‍ പ്രദാനം ചെയ്തു”.നബിക്ക് ഖദീജയില്‍ ഖാസിം, അബ്ദുല്ല, സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നിങ്ങനെ ആറു മക്കള്‍ ജനിച്ചു. ഇബ്രാഹീം ഒഴിച്ചുളള നബിയുടെ മറ്റെല്ലാ സന്താനങ്ങളും ഖദീജയില്‍നിന്നാണ്. ആണ്‍മക്കളെല്ലാം ചെറുപ്പത്തില്‍ത്തന്നെ മരിച്ചുപോയിരുന്നു.ഖദീജ ഉത്തമ കുടുംബിനിയും സ്നേഹസമ്പന്നയായ മാതാവുമായിരുന്നു. ഖദീജയുടെ ഗൃഹഭരണപാടവത്തെ പുകഴ്ത്തി ഒരിക്കല്‍ നബി(സ) പറയുകയുണ്ടായി: “ഖദീജ ഉത്തമ കുടുംബ മാതാവും സുശീലയായ ഗൃഹനായികയുമാണ്”ഇസ്ലാമിലും റസൂലിലും വിശ്വസിക്കാനുള്ള ഭാഗ്യം ആദ്യമായി അവര്‍ക്ക് സിദ്ധിച്ചു. റസൂല്‍കരീമിനെക്കഴിച്ചാല്‍ അന്ന് ഈ ഭൂമുഖത്ത് ഒന്നാമത്തെ മുസ്ലിം ഖദീജയായിരുന്നു. അറുപത്തഞ്ചാം വയസ്സില്‍ ഖദീജ(റ) മരണപ്പെട്ടു. മരിക്കുമ്പോള്‍ ഇരുപത്തഞ്ച് വര്‍ഷത്തോളം നബി(സ)യുടെ പത്നിയായി ജീവിച്ചു. ഖദീജയും അബൂത്വാലിബും മരണമടഞ്ഞ വര്‍ഷത്തെ ‘ദുഃഖ വര്‍ഷം’ എന്നാണ് നബി വിശേഷിപ്പിച്ചത്.
സൌദ(റ)
ഉയര്‍ന്ന കുടുംബത്തിലാണ് സൌദ ജനിച്ചത്. പിതാവായ സംഅതുബ്നു ഖൈസ് പ്രസിദ്ധിയാര്‍ജിച്ച നേതാവായിരുന്നു. മാതാവിന്റെ പേര് ശമൂസ എന്നായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ്(സ) ഇസ്ലാമിന്റെ ദൌത്യവുമായി രംഗപ്രവേശം ചെയ്തപ്പോള്‍ അറബികള്‍ ഒന്നടങ്കം അദ്ദേഹത്തെ എതിര്‍ത്തു. ഈ സന്ദര്‍ഭത്തിലാണ് സൌദ(റ) നബി(സ)യുടെ സന്നിധിയില്‍ ചെന്ന് ഇസ്ലാം സ്വീകരിച്ചത്.മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ സൌദ(റ)യും ഭര്‍ത്താവ് സക്റാനുബ്നു അംറും നബി(സ)യുടെ അനുവാദത്തോടുകൂടി അബ്സീനിയയിലേക്ക് ഹിജ്റ പോയി. ഈ സമയത്താണ് സൌദയുടെ ഭര്‍ത്താവ് സക്റാന്‍ രോഗബാധിതനാവുകയും പരലോകം പ്രാപിക്കുകയും ചെയ്തത്. സക്റാന് സൌദയില്‍ അബ്ദുര്‍റഹ്മാന്‍ എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു ഭര്‍ത്താവിന്റെ മരണത്തില്‍ വേദന തിന്നു കഴിയുന്ന സമയത്ത്, ഖൌല(റ) നബി(സ)യുടെ അടുക്കല്‍ വന്ന് സൌദയെ വിവാഹം കഴിക്കണമെന്ന് അഭ്യര്‍ഥിച്ചു. നബി(സ) വിവാഹം കഴിക്കാന്‍ സമ്മതിച്ചു. സൌദക്കും പിതാവിനും സന്തോഷമായി. അങ്ങനെ സൌദ(റ) ഉമ്മുല്‍ മുഅ്മിനീന്‍(സത്യവിശ്വാസികളുടെ മാതാവ്) ആയി. സൌദയുടെയും ആഇശയുടെയും വിവാഹം ഏതാണ്ട് ഒരേ കാലത്തായിരുന്നു. പക്വമതിയും വിവേകശാലിയുമായിരുന്ന സൌദ തികഞ്ഞ ഗൌരവത്തോടുകൂടിയാണ് കാര്യങ്ങള്‍ ചെയ്യുക. അവരുടെ ചില ഫലിതങ്ങള്‍ നബി(സ)യെപ്പോലും ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നബി(സ)യോട് അവര്‍ പറഞ്ഞു: “കഴിഞ്ഞരാത്രി ഞാന്‍ അങ്ങയുടെ പുറകില്‍ നമസ്കരിച്ചു. ദീര്‍ഘനേരം സുജൂദില്‍ കഴിച്ചുകൂട്ടിയപ്പോള്‍ എന്റെ തരിമൂക്ക് പൊട്ടി ചോരയൊലിക്കുമോ എന്ന് പേടിച്ചു. മൂക്ക് പിടിച്ചുകൊണ്ടാണ് ആ സമയമത്രയും ഞാന്‍ കഴിച്ചുകൂട്ടിയത്.” സൌദയും ആഇശയും തമ്മില്‍ മാതൃകാപരമായ ബന്ധമാണ് ഉണ്ടായിരുന്നത്. ഗാര്‍ഹിക കാര്യങ്ങളില്‍ സൌദ ആഇശക്ക് വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. സൌദയുടെ സ്വഭാവശുദ്ധിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ആഇശ പറയുന്നു: “ഞാന്‍ കണ്ടവരില്‍ അസൂയ തീണ്ടാത്ത ഏക സ്ത്രീ സൌദ മാത്രമാണ്”. സൌദ(റ)യില്‍നിന്ന് ആകെ അഞ്ച് ഹദീസുകള്‍ രിവായത്ത് ചെയ്യപ്പെട്ടിട്ടുണ്ട്. നബിയുടെ കാലശേഷം 13 കൊല്ലത്തോളം സൌദ ജീവിച്ചു. ഉമറിന്റെ ഖിലാഫത്തിന്റെ അവസാനകാലത്താണ് സൌദ നിര്യാതയായത്. നബിക്ക് സൌദയില്‍ സന്താനമൊന്നുമുണ്ടായില്ല.
ഉമ്മുഹബീബ ബിന്‍തു അബീസുഫ്യാന്‍(റ)
റംല എന്നാണ് ശരിയായ പേരെങ്കിലും ഉമ്മുഹബീബ എന്ന പേരിലാണ് പ്രസിദ്ധി നേടിയത്. ഉമയ്യാ ഗോത്രത്തില്‍ ജനിച്ചു. ഇസ്ലാമിന്റെയും മുഹമ്മദ് നബി(സ)യുടെയും പരമവിരോധിയായിരുന്ന അബൂസുഫ്യാനാണ് ഉമ്മുഹബീബയുടെ പിതാവ്. മാതാവ് ഉസ്മാന്‍(റ)വിന്റെ പിതൃസഹോദരിയും അബുല്‍ആസ്വിന്റെ പുത്രിയുമായ സ്വഫിയ്യയാണ്. മുആവിയ ഉമ്മുഹബീബയുടെ സഹോദരനാണ്.സഅദ് ഗോത്രക്കാരനായ ഉബൈദില്ലാഹിബ്നു ജഹ്ശിനെ ഭര്‍ത്താവായി സ്വീകരിച്ചു. തിരുമേനിക്ക് നുബുവ്വത്ത് ലഭിച്ചപ്പോള്‍ ഉമ്മുഹബീബക്ക് 17 വയസ്സായിരുന്നു. ഉമ്മുഹബീബയുടെ ഇസ്ലാം സ്വീകരണം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഉമ്മുഹബീബയുടെയും ഭര്‍ത്താവിന്റെയും ഇസ്ലാം സ്വീകരണം അബൂസുഫ്യാനും കുടുംബത്തിനും കനത്ത ആഘാതമായിരുന്നു. മകളെ ഇസ്ലാമില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അബൂസുഫ്യാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അവര്‍ വഴങ്ങിയില്ല. ഖുറൈശികളുടെ അക്രമം സഹിക്കവയ്യാതെ വന്നപ്പോള്‍ ഉമ്മുഹബീബയും ഭര്‍ത്താവും അബ്സീനിയയിലേക്ക് യാത്രയായി. അധികം കഴിഞ്ഞില്ല അതിനുമുമ്പേ ഭര്‍ത്താവ് ഉബൈദുല്ല ക്രിസ്തുമതത്തിലേക്ക് മടങ്ങി. ഉമ്മുഹബീബ വല്ലാതെ പ്രയാസപ്പെട്ടു.ഉമ്മുഹബീബയുടെ കരളലിയിക്കുന്ന കഥ നബി(സ) തിരുമേനി അറിഞ്ഞു. ഇസ്ലാമിനു വേണ്ടി സര്‍വ്വസ്വം ഉപേക്ഷിച്ച് അതുല്യമായ ത്യാഗങ്ങള്‍ സഹിച്ച ആ മഹതിയെ ആശ്വസിപ്പിക്കണമെന്ന് നബി(സ) ആഗ്രഹിച്ചു.ഒട്ടും താമസിയാതെ അംറുബ്നു ഉമയ്യയെ തിരുമേനി നജ്ജാശി രാജാവിന്റെ അടുക്കലേക്കയച്ചു. നജ്ജാശീ രാജാവ് ജഅ്ഫറുബ്നു അബീത്വാലിബിനെയും മറ്റു മുസ്ലിംകളെയും കൊട്ടാരത്തിലേക്കു ക്ഷണിച്ചു. എല്ലാവരുടെയും സന്നിധിയില്‍ വെച്ച് യഥാവിധി നബി(സ)യും ഉമ്മുഹബീബയും വിവാഹിതരായി. അടിയുറച്ച ഈമാനിന്റെയും തഖ്വയുടെയും പ്രതീകമായിരുന്നു ഉമ്മുഹബീബ(റ). അബൂസുഫ്യാന്‍ നിര്യാതനായി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ സുഗന്ധദ്രവ്യം വരുത്തിച്ച് മുഖത്തും വസ്ത്രത്തിലും പുരട്ടി. എന്നിട്ട് അവിടെയുണ്ടായിരുന്നവരോട് പറഞ്ഞു: എനിക്ക് ഇതിലൊന്നും ഭ്രമമുണ്ടായിട്ടല്ല. ഭര്‍ത്താവൊഴിച്ച് ബന്ധുക്കളിലാരെങ്കിലും മരിച്ചാല്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദുഃഖമാചരിക്കരുതെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.ഹിജ്റ: 44ല്‍ എഴുപത്തിമൂന്നാമത്തെ വയസ്സില്‍ ഉമ്മുഹബീബ(റ) ഇഹലോകവാസം വെടിഞ്ഞു. സഹോദരനായ മുആവിയയുടെ ഭരണകാലത്തായിരുന്നു ഉമ്മുഹബീബ നിര്യാതയായത്.
ഉമ്മുസലമ ഹിന്ദ് ബിന്‍ത് അബീഉമയ്യ(റ)
ഖുറൈശികളില്‍പ്പെട്ട മഖ്സൂം ഗോത്രത്തില്‍ ജനിച്ച ഉമ്മുസലമയുടെ പിതാവ് അബൂഉമയ്യത്തുബ്നു മുഗീറയും മാതാവ് ആതിഖ ബിന്‍ത് ആമിറുമായിരുന്നു. ഉമ്മുസലമയെ ഹിന്ദ് എന്നാണ് മാതാപിതാക്കള്‍ വിളിച്ചിരുന്നത്. ഇസ്ലാമിന്റെ ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് ഒരു പാട് പീഡനങ്ങളേല്‍ക്കേണ്ടിവന്നു. അവര്‍ അബ്സീനിയയിലേക്ക് ഹിജ്റ പോയി. അബ്സീനിയയില്‍ വെച്ച് ഹിന്ദ് ഗര്‍ഭം ധരിച്ചു.
മദീനയിലേക്ക് പലായനം ചെയ്ത പ്രഥമ മുസ്ലിം വനിത ഉമ്മുസലീം ആയിരുന്നു. 200ല്‍ പരം നാഴിക ഒറ്റയ്ക്കു സഞ്ചരിച്ചാണ് അവര്‍ മദീനയിലെത്തിയത്. അതിനവര്‍ക്ക് ധൈര്യം നല്‍കിയത് അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസം മാത്രമായിരുന്നു. ഇസ്ലാമിന്റെ പേരില്‍ ശാരീരികമായും മാനസികമായും ഞാന്‍ സഹിച്ചത്ര ത്യാഗം മറ്റാരും സഹിച്ചിട്ടില്ലെന്ന് ഉമ്മുസലമ ഒരിക്കല്‍ അനുസ്മരിക്കുകയുണ്ടായി.
ഉമ്മുസലമയുടെ ഭര്‍ത്താവ് കുതിരസവാരിക്കാരനും ധീരപരാക്രമിയുമായിരുന്നു. ബദ്റിലും ഉഹ്ദിലും അദ്ദേഹം തന്റെ യുദ്ധപാടവം തെളിയിച്ചു. ഉഹ്ദ് യുദ്ധത്തില്‍ മാരകമായി പരിക്കേറ്റ അബൂസലമ ഏതാനും മാസങ്ങള്‍ക്കകം മരണപ്പെട്ടു.
ഭര്‍ത്താവിന്റെ വിയോഗത്തില്‍ വേദനിച്ചു കഴിയുകയായിരുന്നു ഉമ്മുസലമ. പല പ്രമുഖ സ്വഹാബികളും ഉമ്മുസലമയെ സഹധര്‍മിണിയായി സ്വീകരിക്കാന്‍ തയ്യാറായി. താന്‍ വിവാഹം ചെയ്തുകൊള്ളാമെന്ന് നബി(സ) ഉമ്മുസലമയെ അറിയിച്ചു. ഹിജ്റ: 4 ശവ്വാല്‍ മാസം നബി(സ) ഉമ്മുസലമയെ വിവാഹം ചെയ്തു. അബൂസലമക്ക് ഉമ്മുസലമയില്‍ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ടായിരുന്നു.
ലളിതവും ആഡംബരരഹിതവുമായിരുന്നു ഉമ്മുസലമയുടെ ജീവിതം. തുഛമായ ആഹാരസാധനങ്ങള്‍ക്കൊണ്ട് ജീവിച്ചു. ചോദിച്ചുവരുന്നവര്‍ക്ക് എന്തെങ്കിലും നല്‍കിയശേഷം മാത്രമേ അവര്‍ പറഞ്ഞയച്ചിരുന്നുള്ളൂ. 378 ഹദീസുകള്‍ ഉമ്മുസലമയില്‍നിന്ന് റപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീസ് നിവേദനത്തില്‍ സ്ത്രീകളില്‍ ഒന്നാം സ്ഥാനം ആഇശക്കും രണ്ടാം സ്ഥാനം ഉമ്മുസലമക്കുമാണ്. ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു.
ഹി: 61ല്‍ ഉമ്മുസലമ ഈ ലോകത്തോട് വിട പറഞ്ഞു. നബി(സ)യുടെ പത്നിമാരില്‍ ഏറ്റവും അവസാനം മരിച്ചത് ഉമ്മുസലമയാണ്. ജനാസ നമസ്കാരത്തിന് നേതൃത്വം കൊടുത്തത് അബൂഹുറൈറയായിരുന്നു.
സ്വഫിയ്യ(റ)
ബനൂനളീര്‍ ഗോത്രത്തലവനായിരുന്ന ഹുയയ്യുബ്നു അഖ്തബാണ് സ്വഫിയ്യയുടെ പിതാവ്. ഖുറൈള ഗോത്രനേതാവ് സമൂഈലിന്റെ മകള്‍ സര്‍റയായിരുന്നു മാതാവ്. പതിനാലാം വയസ്സില്‍ വിവാഹിതയായി. യുവകവിയും ധൈര്യശാലിയുമായ സലാമുബ്നു മശ്കം ആയിരുന്നു ഭര്‍ത്താവ്. അധികനാള്‍ കഴിഞ്ഞില്ല, സംഗതിവശാല്‍ ദമ്പതിമാര്‍ പിണങ്ങി. പിണക്കം വിവാഹമോചനത്തില്‍ കലാശിച്ചു. വിവാഹ മോചനത്തിനുശേഷം ഹുയയ്യ് സ്വഫിയയെ കിനാനത്തുബ്നു അബില്‍ ഹുഖൈഖിന് വിവാഹം ചെയ്തുകൊടുത്തു.ബനൂനളീര്‍ ഗോത്രം മദീനയുടെ പരിസരങ്ങളിലാണ് താമസിച്ചിരുന്നത്. നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാരുമായി സഖ്യം ചെയ്തു. പക്ഷേ, അവരത് ലംഘിച്ചു. നബി(സ) അവരെ ഖൈബറിലേക്ക് നാടുകടത്തി. ഖൈബറിലും അവര്‍ ഇസ്ലാമിനെതിരെ നിലപാടെടുത്തപ്പോള്‍ നബി(സ) 1600 യോദ്ധാക്കളുമായി പുറപ്പെടുകയും അവരെ കീഴ്പ്പെടുത്തുകയും ചെയ്തു. ബന്ധികളുടെ കൂട്ടത്തില്‍ സ്വഫിയ്യ(റ)യും ഉണ്ടായിരുന്നു. സ്വഫിയ്യക്ക് ഇഷ്ടമുണ്ടെങ്കില്‍ സ്വന്തം വീട്ടിലേക്കുപോകുന്നതിന് വിരോധമില്ലെന്ന് നബി(സ) അറിയിക്കുകയുണ്ടായി. നബി(സ)യുടെ സ്വഭാവമഹിമയും സത്യസന്ധതയും മനസ്സിലാക്കിയ സ്വഫിയ്യ ഇസ്ലാം മതം സ്വീകരിച്ച് നബി(സ)യുടെ പത്നിയായിക്കഴിയാന്‍ ആഗ്രഹിച്ചു.സ്വഫിയ്യയുടെ മുഖത്ത് ചില പാടുകളുണ്ടായി. നബി(സ) അതെന്താണെന്ന് തിരക്കിയപ്പോള്‍ സ്വഫിയ്യ പറഞ്ഞു: “ആകാശത്തുനിന്ന് ചന്ദ്രന്‍ എന്റെ മടിയില്‍ അടര്‍ന്നു വീണതായി ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഞാന്‍ അത് പിതാവിനോട് പറഞ്ഞു. അതു കേട്ട അദ്ദേഹത്തിന് കലശലായ കോപമുണ്ടായി. അറബികളുടെ റാണിയായി ലോകപ്രശസ്തിയാര്‍ജിക്കാനാണോ നിന്റെ ആഗ്രഹം? എന്ന് പറഞ്ഞ് ഊക്കോടെ എന്റെ മുഖത്തടിച്ചു. അതിന്റെ അടയാളമാണ് ഈ കാണുന്നത്.ഹൃദയ വിശാലത, സത്യസന്ധത, നീതിനിഷ്ഠ, വിനയം, ആത്മാര്‍ഥത, ആത്മനിയന്ത്രണം, ക്ഷമ എന്നിവ സ്വഫിയ്യ(റ)യുടെ സവിശേഷതകളായിരുന്നു. ബുദ്ധികക്തിയിലും അവര്‍ ആരുടെയും പിന്നിലായിരുന്നില്ല.അക്രമികള്‍ ഖലീഫ ഉസ്മാന്റെ വീടു വളഞ്ഞ് ഭക്ഷണ സാധനങ്ങള്‍ പോലും വിലക്കിയപ്പോള്‍ സ്വഫിയ്യയാണ് സഹായത്തിനെത്തിയത്.ഹിജ്റ: 50ല്‍ അറുപതാം സ്വഫിയ്യ വയസ്സില്‍ മരിച്ചു.
മൈമൂന ബിന്‍ത് ഹാരിസ്(റ)
ബര്‍റ എന്നായിരുന്നു ആദ്യത്തെ പേര്. നബിയുമായുള്ള വിവാഹശേഷം മൈമൂന എന്ന് മാറ്റി. മൈമൂനയുടെ പിതാവ് ഹാരിസും മാതാവ് ഹിന്ദുമാണ്. ഹാരിസിന് 16 പെണ്‍മക്കളുണ്ടായിരുന്നു. മൈമൂനയുടെ ആദ്യഭര്‍ത്താവ് മസ്ഊദുബ്നു അംറായിരുന്നു. പിന്നീട് അബൂറഹം എന്ന ആളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടു.
ഖൈബര്‍ യുദ്ധം കഴിഞ്ഞു. ഹുദൈബിയ്യാ സന്ധിയിലെ വ്യവസ്ഥയനുസരിച്ച് ഹിജ്റ ഏഴാം വര്‍ഷം നബിയും സ്വഹാബിമാരും ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍വെച്ച് നബി(സ) മൈമൂനയെ വിവാഹം ചെയ്തു.
സല്‍സ്വഭാവിയും ബുദ്ധിമതിയുമായിരുന്നു മൈമൂന(റ). ശര്‍ഇന്റെ വിധിവിലക്കുകള്‍ അക്ഷരംപ്രതി പാലിക്കും. സുന്നത്തിനു വിപരീതമായി വല്ലതും കണ്ടാല്‍ തല്‍സമയം അത് തിരുത്തുകയും ചെയ്തു. സ്നേഹത്തിന്റെയും സല്‍സ്വഭാവത്തിന്റെയും നിറകുടമായിരുന്നു മൈമൂന. അടിമസ്ത്രീകളെ ധാരാളമായി വിലയ്ക്കുവാങ്ങി മോചിപ്പിച്ചു. അവരുടെ ഈ സല്‍ക്കര്‍മത്തെ നബി(സ) പുകഴ്ത്തുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.
മൈമൂന(റ) ഒരിക്കലും വെറുതെയിരിക്കുന്നത് കാണുകയില്ല. വീട്ടു പണികളിലോ സുന്നത്ത് നമസ്കാരങ്ങളിലോ മറ്റെന്തെങ്കിലും ജോലിയിലോ വ്യാപൃതയായിരിക്കും. തഖ്വയിലും കുടുംബബന്ധം പുലര്‍ത്തുന്നതിലും തങ്ങളെയെല്ലാം പിന്നിലാക്കുമായിരുന്നു മൈമൂനയെന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്. 46 ഹദീസുകള്‍ മൈമൂനയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഹി. 51ല്‍ മൈമൂന ഇഹലോകവാസം വെടിഞ്ഞു. വിവാഹാനന്തരം നബി(സ)യുമായി ഒന്നാമത്തെ കൂടിക്കാഴ്ച നടന്ന സരിഫിലാണ് മൈമൂന നിര്യാതയായത്. ഇബ്നുഅബ്ബാസ് ജനാസ നമസ്കാരത്തിന് നേതൃത്വം കൊടുത്തു. നബി(സ)യുടെ അവസാനത്തെ പത്നിയാണ് മൈമൂന(റ).
ആഇശ(റ)
ആയിശയുടെ സ്ഥാനപ്പേരാണ് സിദ്ദീഖഃ. ഉമ്മു അബ്ദില്ല എന്ന ഓമനപ്പേരിലും അവരെ വിളിക്കാരുണ്ടായിരുന്നു.
ആഇശയുടെ പിതാവ് അബൂബക്റിന്റെ സാക്ഷാല്‍ നാമം അബ്ദുല്ല എന്നത്രെ. അബൂബക്ര്‍ എന്നത് ഓമനപ്പേരാണ്. സിദ്ദീഖ് എന്നത് സ്ഥാനപ്പേരും. ഉമ്മുറൂമാന്‍ ആണ് ആഇശയുടെ മാതാവ്.
ആഇശ(റ)യുടെ ജനനത്തെ സംബന്ധിച്ച് ചരിത്രകാരന്മാര്‍ പൊതുവെ മൌനം ദീക്ഷിച്ചിരിക്കുന്നു. പ്രവാചകത്വ ലബ്ധിയുടെ നാലാം വര്‍ഷത്തിലാണ് ആഇശയുടെ ജനനം. ആറാം വയസ്സില്‍ വിവാഹം നടന്നുവെന്ന് ചരിത്രകാരനായ ഇബ്നുസഅദ് അഭിപ്രായപ്പെടുന്നു.
ആഇശയുടെ ബാല്യകാലത്തുതന്നെ സൌഭാഗ്യത്തിന്റെയും ഔന്നത്യത്തിന്റെയും ലക്ഷണങ്ങള്‍ അവരില്‍ പ്രകടമായിരുന്നു. “ഒരിക്കല്‍ പാവകളെക്കൊണ്ട് കളിക്കുകയായിരുന്നു. അപ്പോള്‍ റസൂല്‍ അവിടെ കടന്നുവന്നു. പാവകളുടെ കൂട്ടത്തില്‍ ഇരു പാര്‍ശ്വങ്ങളിലും ചിറകുകളുള്ള ഒരു കുതിരയും ഉണ്ട്. തിരുമേനി ചോദിച്ചു: ‘ആഇശ, ഇതെന്താണ്? കുതിരയാണെന്ന് അവര്‍ മറുപടിപറഞ്ഞു. കുതിരക്കു ചിറകുകളുണ്ടാകുമോ? എന്തുകൊണ്ട് ഉണ്ടാവില്ല? സുലൈമാന്‍ നബിയുടെ കുതിരക്ക് ചിറകുണ്ടായിരുന്നില്ലേ?’ തിരുമേനി പുഞ്ചിരിച്ചു. ഇതില്‍നിന്ന് ആഇശയുടെ സാമര്‍ഥ്യവും കഴിവും മനസ്സിലാക്കാം.
നുബുവ്വത്തിന്റെ പത്താം വര്‍ഷം ഖദീജയുടെ മരണത്തിനുശേഷം ഒരു മാസം കഴിഞ്ഞാണ് നബി ആഇശയെ വിവാഹം കഴിക്കുന്നത്. അന്ന് ആഇശക്ക് 6 വയസ്സായിരുന്നു. വിവാഹം അന്നു നടന്നുവെങ്കിലും മൂന്ന് വര്‍ഷത്തിനുശേഷം ഒമ്പതാം വയസ്സിലാണ് ഭാര്യാഭര്‍തൃബന്ധങ്ങള്‍ ഉണ്ടായത്.
മുആവിയ്യയുടെ ഭരണത്തിന്റെ അവസാനകാലമായിരുന്നു ആഇശയുടെ അന്ത്യം. അന്നവര്‍ക്ക് 67 വയസ്സായിരുന്നു. ഹിജ്റവര്‍ഷം 58ല്‍ റമദാന്‍ മാസം രോഗബാധിതയായി. ആരോഗ്യസ്ഥിതി ചോദിക്കുന്നവരോടെല്ലാം സുഖം തന്നെ എന്നവര്‍ പറയും. രോഗിയെ സന്ദര്‍ശിക്കാന്‍ വരുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കും.
ഹഫ്സ ബിന്‍തു ഉമറുബ്നുല്‍ ഖത്വാബ്(റ)
ഉമറുബ്നുല്‍ഖത്വാബിന്റെ പുത്രിയാണ് ഹഫ്സ(റ). മാതാവ് സൈനബ് ബിന്‍തു മള്ഊന്‍. മുഹമ്മദ് നബിക്ക് നുബുവ്വത്ത് ലഭിക്കുന്നതിന് അഞ്ച് കൊല്ലം മുമ്പ് ഖുറൈശികള്‍ കഅ്ബ പുതുക്കിപ്പണിയുന്ന കാലത്താണ് ഹഫ്സ ജനിച്ചത്. ഉമര്‍ ഇസ്ലാം സ്വീകരിച്ചതോടെ ഹഫ്സയും മറ്റു കുടുംബാംഗങ്ങളും മുസ്ലിംകളായി. നുബുവ്വത്തിന്റെ ആറാം വര്‍ഷത്തിലാണത്. അന്ന് ഹഫ്സക്ക് ഏകദേശം 11 വയസ്സായിരുന്നു.
ഹഫ്സയുടെ പ്രഥമ വരന്‍ ഖുനൈസുബ്നു ഖുദാഫയാണ്. ഖുറൈശികളുടെ അക്രമമര്‍ദ്ദനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ മറ്റു മുസ്ലിംകളോടൊപ്പം ഹഫ്സയും ഭര്‍ത്താവും മദീനയിലേക്ക് ഹിജ്റപോയി. ബദര്‍ യുദ്ധത്തില്‍ ഖുനൈസും പങ്കെടുത്തു. യുദ്ധത്തില്‍ കഠിനമായി പരിക്കുപറ്റിയ അദ്ദേഹം മദീനയില്‍ നിര്യാതനായി. ഖുനൈസിന് ഹഫ്സയില്‍ സന്താനങ്ങളുണ്ടായില്ല. അധികം താമസിയാതെ നബി(സ) ഹഫ്സയെ വിവാഹം ചെയ്തു.
തികഞ്ഞ ബുദ്ധിശാലിനിയും പണ്ഡിതയുമായിരുന്നു ഹഫ്സ. എഴുത്തും വായനയും ശീലിച്ചിട്ടുണ്ട്. മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ ഏറെ ശുഷ്കാന്തി കാണിച്ചു. തന്നിമിത്തം സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നല്ല ഒരു ശിഷ്യഗണത്തെ സമ്പാദിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. അവര്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയിരുന്നു. ഖുര്‍ആന്റെ ഒന്നാമത്തെ കയ്യെഴുത്തുപ്രതി ഹഫ്സയാണ് സൂക്ഷിച്ചത്. 60 ഹദീസുകള്‍ ഹഫ്സയില്‍നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
തഖ്വയും സൂക്ഷ്മതയുമുള്ള വനിതയായിരുന്നു ഹഫ്സ. തഹജ്ജുദ് നമസ്കരിക്കുന്നതിലും സുന്നത്തുനോമ്പുകളനുഷ്ഠിക്കുന്നതിലും നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു. നബി(സ)യുടെ വിയോഗശേഷം വീട്ടില്‍നിന്ന് പുറത്തെങ്ങും പോകാറുണ്ടായിരുന്നില്ല.
ഹിജ്റ 45 ല്‍ മുആവിയയുടെ ഭരണകാലത്ത് സത്യവിശ്വാസികളുടെ മാതാവായ ഹഫ്സ ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുമ്പോള്‍ ഏകദേശം 63 വയസ്സുണ്ടായിരുന്നു. മദീന ഗവര്‍ണറായിരുന്ന മര്‍വാനുബ്നു ഹക്കമിന്റെ നേതൃത്വത്തിലാണ് ജനാസ നമസ്കാരം നിര്‍വഹിക്കപ്പെട്ടത്. മദീനയിലെ പൊതു മഖ്ബറയായ ‘ബഖീഇല്‍’ ഹഫ്സയുടെ ഭൌതിക ശരീരം മറവ് ചെയ്തു.
സൈനബ് ബിന്‍ത് ഖുസൈമ(റ)
മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഉമ്മുല്‍ മുഅ്മിനീന്‍ എന്ന ഉത്കൃഷ്ട പദവിയലങ്കരിക്കാന്‍ ഭാഗ്യം സിദ്ധിച്ച മഹതിയാണ് ഉമ്മുല്‍മസാകീന്‍ സൈനബ് ബിന്‍ത് ഖുസൈമ. ആ മഹല്‍ ജീവിതത്തിന്റെ സിംഹഭാഗവും ചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളില്‍ മൂടിക്കിടക്കുന്നതിനാല്‍ ജീവിതത്തിന്റെ പലവശങ്ങളെപ്പറ്റിയും നമുക്ക് വേണ്ടത്ര അറിവില്ല. നുബുവ്വത്തിന് 14 വര്‍ഷം മുമ്പ് ഹിലാല്‍ ഗോത്രത്തിലാണ് സൈനബിന്റെ ജനനം. പിതാവ് ഖുസൈമുബ്നു ഹാരിസും മാതാവ് ഹിന്ദ് ബിന്‍തു ഒഫുമാകുന്നു.
അബ്ദുല്ലാഹിബ്നുജഹ്ശാണ് ആദ്യ ഭര്‍ത്താവ്. ഉഹ്ദ് യുദ്ധത്തില്‍ അബ്ദുല്ലാഹിബ്നുജഹ്ശ് ശഹീദായി. വിധവയായ സൈനബിന് താങ്ങും തണലുമായി ആരുമുണ്ടായില്ല. ബന്ധുക്കള്‍ തികഞ്ഞ ദരിദ്രരായിരുന്നു. ഈ സന്ദര്‍ഭത്തില്‍ നബി(സ) അവരെ വിവാഹം കഴിച്ചു. നബിയുടെ ഭാര്യാപദം അലങ്കരിച്ച ഒന്നാമത്തെ ഖുറൈശിയിതര വനിതയാണ് സൈനബ് ബന്‍തു ഖുസൈമ.
അലിവും അനുകമ്പയും നിറഞ്ഞ സൈനബിന് ആരും കഷ്ടപ്പെടുന്നതു കാണാന്‍ കെല്‍പ്പുണ്ടായിരുന്നില്ല. പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിലും അശരണരെ സഹായിക്കുന്നതിലും അവര്‍ താല്‍പര്യം കാണിച്ചു. അതുകൊണ്ട് ഉമ്മുല്‍മസാകീന്‍(പാവങ്ങളുടെ മാതാവ്) എന്ന കീര്‍ത്തി നാമം ലഭിച്ചു.
നബി(സ)യുടെ പത്നീപദം അലങ്കരിച്ച് അധികകാലം ജീവിക്കുവാന്‍ ആ മഹതിക്ക് ഭാഗ്യമുണ്ടായില്ല. വിവാഹത്തിനുശേഷം മൂന്നാമത്തെ മാസം സൈനബ്(റ) ഇഹലോകവാസം വെടിഞ്ഞു. നബിയുടെ ജീവിതകാലത്ത് നിര്യാതയായ പത്നിയാണ് സൈനബ്. മരിക്കുമ്പോള്‍ 30 വയസ്സുണ്ടായിരുന്നു. നബി ജനാസ നമസ്കാരം നിര്‍വഹിച്ച ഏകപത്നിയും സൈനബാണ്.
സൈനബ് ബിന്‍ത് ജഹ്ശ്(റ)
സൌന്ദര്യവും കുലീനതയും തികഞ്ഞ ആഭിജാത്യ ബോധവുമുള്ള സൈനബിന്റെ ഓമനപ്പേര് ഉമ്മുഹക്കം എന്നായിരുന്നു. ബനൂഅസദ് വംശജനായ ജഹ്ശുബ്നുരുബാബാണ് പിതാവ്. നബി(സ)യുടെ പിതൃസഹോദരിയും അബ്ദുല്‍ മുത്തലിബിന്റെ മകളുമായ ഉമൈമയാണ് മാതാവ്.
ഇസ്ലാമിന്റെ ആദ്യകാലത്തുതന്നെ തൌഹീദിന്റെ ശബ്ദത്തില്‍ ആകൃഷ്ടയായി സത്യവിശ്വാസം സ്വീകരിച്ച സൈനബ് സ്വകുടുംബത്തിന്റെയും സമുദായത്തിന്റെയും ശത്രുതക്ക് പാത്രമായി. അവസാനം നാടും വീടും വെടിഞ്ഞ് മദീനയിലേക്ക് പാലായനം ചെയ്തു. സൈദുബ്നു ഹാരിസ് ആണ് സൈനബിനെ ആദ്യം വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞുവെങ്കിലും രണ്ടുപേര്‍ക്കും പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിവാഹ മോചനത്തില്‍ കലാശിച്ചു.
വിവാഹ മുക്തയായ ദത്തുപുത്രന്റെ ഭാര്യയുമായുള്ള വിവാഹബന്ധം തെറ്റാണെന്നായിരുന്നു അറബികളുടെ പരമ്പരാഗത വിശ്വാസം. ദത്തു പുത്രന്‍ സ്വന്തം പുത്രനല്ലെന്നും അതുകൊണ്ടയാള്‍ ഉപേക്ഷിച്ച സ്ത്രീയെ നിക്കാഹ് ചെയ്യാമെന്നും അസന്ദിഗ്ധമായിത്തെളിയിച്ച് നബി സൈനബിനെ വിവാഹം കഴിച്ചു.
ഭയഭക്തിയും സൂക്ഷ്മതയുമുള്ള മഹതിയായിരുന്നു സൈനബ്. ഉമ്മുസലമയുടെ വാക്കുകളില്‍: “ദീനിലും തഖ്വയിലും സത്യസന്ധതയിലും കുടുംബ ബന്ധം പുലര്‍ത്തുന്നതിലും ദാനധര്‍മങ്ങളിലും നിസ്വാര്‍ഥതയിലും സൈനബിനെ വെല്ലുന്ന ഒരു സ്ത്രീയെയും കാണപ്പെടുകയില്ല. ഇതാണ് സൈനബിനെക്കുറിച്ചുള്ള ആഇശയുടെ അഭിപ്രായം”
നിങ്ങളില്‍ കൈ നീളമുളളവള്‍ ആദ്യം എന്നോടു ചേരും എന്ന് മരണവേളയില്‍ നബി പറഞ്ഞിരുന്നു. നബി(സ)ക്ക് ശേഷം ആദ്യം സൈനബ് നിര്യാതയായപ്പോഴാണ് ആ പറഞ്ഞതിന്റെ ആന്തരാര്‍ഥം അവര്‍ക്കു മനസ്സിലായത്. കൈ നീളമുളളവള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് കൈയ്യയച്ചു ദാനം ചെയ്യുന്നവള്‍ എന്നായിരുന്നു.
അമ്പത്തിമൂന്നാം വയസ്സില്‍ ഉമര്‍(റ)വിന്റെ ഭരണകാലത്ത് സൈനബ് നിര്യാതയായി. ഉമര്‍(റ) മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം കൊടുത്തു.
ജുവൈരിയ്യ ബിന്‍തു ഹാരിസ്(റ)
മുസ്തലിഖ് ഗോത്രക്കാര്‍ മദീനയെ ആക്രമിക്കുവാന്‍ വേണ്ടി ഒരുങ്ങുന്നു എന്നറിഞ്ഞ നബി(സ)യും സ്വഹാബാക്കളും ശത്രുക്കളെ ലക്ഷ്യമാക്കിപ്പുറപ്പെട്ടു. യുദ്ധം തുടങ്ങി. മുസ്ലിംകളോട് പൊരുതിനില്‍ക്കാന്‍ ശത്രുക്കള്‍ക്കായില്ല. അവര്‍ തോറ്റോടി. അറുനൂറോളം പേരെ തടവുകാരായിപ്പിടിച്ചു. മുസ്തലിഖ് ഗോത്രനേതാവായ ഹാരിസുബ്നു അബൂസിറാറിന്റെ പുത്രി ജുവൈരിയ്യയും തടവുകാരിയായി പിടിക്കപ്പെട്ടു. അവരുടെ ഭര്‍ത്താവ് മുസാഫിഉബ്നു സഫ്വാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
നബി(സ) തടവുകാരെ മുസ്ലിംകള്‍ക്ക് വീതിച്ചുകൊടുത്തു.ജുവൈരിയ്യ സാബിതുബ്നുഖൈസ്(റ)ന്റെ വിഹിതത്തില്‍ വന്നു. തറവാടിത്തമുള്ള ജുവൈരിയ്യ അടിമ ജീവിതം ഇഷ്ടപ്പെട്ടില്ല. അവര്‍ മോചനപത്രമെഴുതി സ്വതന്ത്രയാകാന്‍ തീരുമാനിച്ചു. സാബിത്തുബ്നുഖൈസ് സമ്മതിക്കുകയും ചെയ്തു. പക്ഷേ, അടച്ചുതീര്‍ക്കാനുള്ള തുക അവരുടെ പക്കലുണ്ടായിരുന്നില്ല. സഹായത്തിനു നബി(സ)യെ സമീപിച്ചു. ഉന്നത കുലജാതയായ ജുവൈരിയ്യയെ നബി(സ) അടിമത്വത്തില്‍നിന്നു മോചിപ്പിക്കുകയും അവരുടെ ഇഷ്ട പ്രകാരം സ്വപത്നിയായി സ്വീകരിക്കുകയും ചെയ്തു. ജുവൈരിയ്യയുടെ വിവാഹത്തോടെ ബനുമുസ്തലിഖുകാര്‍ ഒന്നടങ്കം ഇസ്ലാം സ്വീകരിക്കുകയുണ്ടായി.
മാതൃകാപരമായിരുന്നു ജുവൈരിയ്യയുടെ ജീവിതം. ഇസ്ലാം സ്വീകരിച്ചതോടെ ദിനചര്യകളില്‍ അത്ഭുതാവഹമായ മാറ്റങ്ങള്‍ ഉണ്ടായി. സദാ ദിക്റിലും ഇബാദത്തിലും കഴിഞ്ഞുകൂടി. സുന്നത്ത് നോമ്പുകള്‍ ധാരാളമായി അനുഷ്ഠിച്ചിരുന്നു. കുടുംബിനി എന്ന നിലയ്ക്ക് നബിയെ പരിചരിക്കുവാനും ഭക്ഷണം പാകം ചെയ്തുകൊടുക്കുവാനും ജുവൈരിയ്യ ശ്രദ്ധിച്ചിരുന്നു.
ഹിജ്റ: 50ല്‍ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ ആ പുണ്യതേജസ്സ് ലോകത്തോട് വിടപറഞ്ഞു.
(56)