2014 ഡിസംബർ 27, ശനിയാഴ്‌ച

തിരു ദൂദർ (സ്വ) കാലത്തില്ലായിരുന്നു എന്ന കാരണത്താൽ ഒരു കാര്യം ബിദ്‌ അത്താകുമോ?

ഇന്ന് വ്യാപകമായി കണ്ട് വരുന്ന മൌലിദും മൌലിദാഘോഷവും അതുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന മറ്റുപരിപാടികളും മുഹമ്മദ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നതിനാല്‍ ഭാഷാര്‍ത്ഥത്തില്‍ അവ ബിദ്അത്ത് ആണ്. മൌലിദും നബിദിനാഘോഷവും ഒരു നിലക്കും മതപ്രമാണങ്ങളോട് എതിരാകുന്നില്ല എന്നതിനാല്‍ അവ ശാഫഈ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആകുന്നില്ല. പ്രസ്തുത പരിപാടികളില്‍ പ്രധാനമായി നടത്തപ്പെടുന്ന ചടങ്ങ് പ്രവാചക പ്രകീര്‍ത്തനം, മൌലിദ് പാരയണം, അന്നദാനം തുടങ്ങി ശറഅ് അംഗീകരിക്കുന്ന കാര്യങ്ങളാണ്.
ബിദ്അത്തിന്റെ അപാകതയും ഭീകരതയും വരച്ചുകാട്ടാന്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന ഹദീസ് ഇതാണ്. ജാബിര്‍ ബിന്‍ അബ്ദുല്ലാ(റ)യില്‍ നിന്ന് നിവേദനം, തിരുദൂതര്‍ (സ്വ) പറയുന്നു: .... ഏറ്റവും മോശപ്പെട്ട കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ്. (മുസ്ലിം)
തിരുദൂതര്‍ (സ്വ)യുടെ കാലത്തില്ലാത്ത പുതുതായി ഉണ്ടായവയും വൈജ്ഞാനികവും കര്‍മ്മശാസ്ത്രപരവുമായ എല്ലാ പുതുതായി ഉണ്ടായവയും ശറഇന്റെ വീക്ഷണത്തില്‍ ചീത്തയായ ബിദ്അത്ത് ആണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് യുക്തിയല്ല. കാരണം, അങ്ങനെയാണെങ്കില്‍ നാമിന്ന് കാണുന്ന പഠന രീതിയും സര്‍ട്ടിഫിക്കറ്റ് വിതരണവും സനദ്ദാനവും സാങ്കേതിക വിദ്യ ഉപയോഗിച്ച് രമ്യഹര്‍മ്മങ്ങള്‍ നിര്‍മിക്കുന്നതും ചീത്തയായ ബിദ്അത്ത് ആവേണ്ടതല്ലേ?. ഒരിക്കലും അവ അങ്ങനെയല്ലല്ലോ. എന്നാല്‍ ഉപര്യുക്ത ഹദീസ് സൂചിപ്പിക്കുന്ന പുതുതായി നിര്‍മ്മിക്കപ്പെട്ട കാര്യങ്ങള്‍ ശറഇല്‍ അടിസ്ഥാനമില്ലാത്തവയാണെന്നും വ്യക്തമാണ്.
എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും കുല്ലു ബിദ്അതിന്‍ പിഴച്ചതാണ് എന്ന തിരുമേനി(സ്വ) വ്യക്തമാക്കിയതാണല്ലോ, അതിനാല്‍ കുല്ല് എന്ന സമഗ്ര വാചകത്തില്‍ നിന്ന് ചില ബിദ്അത്തുകളെ മാറ്റി നിര്‍ത്താമോ എന്ന് ചില മുബ്തദീഈങ്ങള്‍ (പുത്തനാശയക്കാര്‍) സംശയം ജനിപ്പിക്കാറുണ്ട്. അവര്‍ക്ക് അവരുടെ പ്രിയനേതാവായ ഇബ്നു തൈമിയ്യ നല്‍കുന്ന മറുപടി ഇങ്ങനെയാണ്.
ഇബ്നു തൈമിയ്യ പറയുന്നു: എല്ലാ പുതുതായി ഉണ്ടാക്കപ്പെട്ടതും പിഴച്ചതാണ് എന്ന സമഗ്ര വാചകത്തില്‍ നിന്നും ചില ബിദ്അത്തിനെ മാറ്റി നിര്‍ത്താമോ എന്നതിന് രണ്ട് രൂപത്തില്‍ മറുപടി പറയാം. ഒന്ന്, നല്ലതാണെന്ന് സ്ഥിരപ്പെട്ടവ ബിദ്അത്ത് അല്ല. അപ്പോള്‍ മേല്‍ ഹദീസിന്റെ സമഗ്രത സുരക്ഷിതമായിരിക്കുമല്ലോ. രണ്ട്, നല്ല ബിദ്അത്ത് മേല്‍ ഹദീസിലെ പൊതുനിയമത്തില്‍ നിന്ന് വിരുദ്ധമായി വേര്‍പെട്ടതാണ്. ഇത്തരും പൊതുനിയമം മാറ്റിനിര്‍ത്തിയവയില്ലാല്ലത്തതിലാണല്ലോ തെളിവാകുക. (ഇഖ്തിളാഅ്2/88)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ