2014 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

മുങ്ങുന്ന കപ്പൽ

മുങ്ങുന്ന കപ്പലുകള്‍

അയാളുടെ കപ്പല്‍ യാത്ര ഏറെ സുഖകരമായിരുന്നു. യാത്രപുറപ്പെട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രയസങ്ങളൊന്നും കാര്യമായി നേരിട്ടിരുന്നില്ല. പക്ഷെ നാലാം ദിവസം പുലര്‍ച്ചെ  മുതല്‍ ശക്തമായ കാറ്റടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉച്ചയോടടുത്തപ്പോള്‍ കാറ്റിന്‍റെ ശക്തി കൂടി കൂടി വന്നു. ഏറെ കഴിഞ്ഞില്ല അപായ ശബ്ദങ്ങളും സന്ദേശങ്ങളും ക്യാപ്റ്റന്‍ യാത്രക്കാര്‍ക്ക് കൈമാറി തുടങ്ങി. ഇളകിയാടുന്ന കപ്പലില്‍ ഉച്ചഭക്ഷണം പോലും കഴിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. കാറ്റ് വീണ്ടും ശക്തമായി തന്നെ വീശി. മണിക്കൂറുകള്‍ കഴിഞ്ഞില്ല. കപ്പല്‍ മുങ്ങാന്‍ ആരംഭിച്ചു. രക്ഷാ ബോട്ടില്‍ കയറി കുറെ ആളുകള്‍ രക്ഷപ്പെട്ടു. അതിന്ന് സാധിക്കാത്തവര്‍ കടലില്‍ ചാടി. കുറെ ആളുകള്‍ മുങ്ങി മരിച്ചു. അയാളും കടലില്‍ ചാടി നീന്താന്‍ ആരംഭിച്ചു. എങ്ങോട്ട് നീന്തണമെന്ന് അയാള്‍ക്കറിയില്ലായിരുന്നു. ഏറെ നീന്തിയെങ്കിലും അയാള്‍ക്ക് കരപറ്റാന്‍ കഴിഞ്ഞില്ല. നീന്തി നീന്തി അയാള്‍ ക്ഷീണിച്ച് അബോധാവസ്ഥയില്‍ ആയി. കടലിന്നു നടുക്കുള്ള ഒരു കൊച്ചു ദ്വീപിന്‍റെ തീരത്തടിഞ്ഞ നിലയിലാണ്  ബോധം തിരിച്ച് കിട്ടുമ്പോള്‍ അയാള്‍ കിടന്നിരുന്നത്. ദ്വീപില്‍ ആള്‍ താമസമേ ഇല്ലായിരുന്നു. പക്ഷെ അവിടെ ഉണ്ടായിരുന്ന തെങ്ങില്‍ നിന്ന് തേങ്ങയും ഇളനീരും കുത്തി വീഴ്ത്തിയും പഴവര്‍ഗങ്ങള്‍ പറിച്ച് ത്തിന്നും അയാള്‍ ജീവന്‍ നിലനിര്‍ത്തി. മരചില്ലകളും ഇലകളും ചേര്‍ത്ത് വെച്ച് കിടക്കാന്‍ ഒരു കൊച്ചു കൂരയും അയാള്‍ കെട്ടിയുണ്ടാക്കി. വളരെ പണിപ്പെട്ടാണ് മുള കഷ്ണങ്ങള്‍ തമ്മില്‍ ഉരതി അതിന്നിടയില്‍  ചകിരി വെച്ച് അയാള്‍ തീയുണ്ടാക്കിയത്. പിന്നീട് അയാള്‍ ഭക്ഷണം വേവിച്ചു കഴിക്കാന്‍ തുടങ്ങി. ഒരു ദിവസം രാത്രി അയാള്‍ ഭക്ഷണം തീയില്‍ വെച്ച് കുറച്ചകലെ വീണ് കിടക്കുന്ന തെങ്ങോല എടുക്കാന്‍ പോയി.തിരിച്ച് നടക്കവേ അയാള്‍ തന്‍റെ കൊച്ചു കൂര കത്തിയമരുന്നതാണ് കണ്ടത്. ഓടി അടുത്തെതെത്തിയപ്പോഴേക്കും എല്ലാം തീനാളങ്ങളില്‍ ഒതുങ്ങിയിരുന്നു. അയാള്‍ക്ക് സങ്കടവും പിന്നെ ദേഷ്യവുംമാണ് തോന്നിയത്. ആവുന്നത്ര ഉച്ചത്തില്‍ അയാള്‍ ഇങ്ങിനെ വിളിച്ചു പറഞ്ഞു: “ദൈവമേ നീ എന്നോട് ചെയ്തത് എന്തൊരു ചതിയായിപ്പോയി. എന്‍റെ ഈ കൊച്ചു കൂര പോലും നീ കത്തിച്ച് കളഞ്ഞല്ലോ? ഈ കൂരയല്ലാതെ മറ്റൊന്നും എനിക്കില്ല എന്ന് നിനക്കറിയാമായിരുന്നു. എന്തിനാണ് നീ എന്നെ ഇങ്ങിനെ ദുരന്തങ്ങളില്‍ ഇട്ട് നീറ്റുന്നത്. ഇനിയും നീ കരുണാവാരിധി യാണെന്ന് ഞാന്‍ വിശ്വസിക്കണമോ?” ദുഃഖഭാരത്താല്‍  വിശന്ന വയറുമായി     അയാള്‍ ഉറങ്ങിപ്പോയി. രണ്ട് മൂന്ന് ആളുകള്‍ അയാളുടെ ചുറ്റുംകൂടി നിന്ന് അടക്കം പറയുന്നത് കേട്ടാണ് അയാള്‍ ഉണര്‍ന്നത്. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച അയാളെ പിടിച്ചിരുത്തി അവരില്‍ ഒരാള്‍ ഇങ്ങിനെ പറഞ്ഞു: “ഞങ്ങള്‍ ഇതിലൂടെ സ്ഥിരമായി കടന്ന് പോകുന്ന കപ്പലിലെ ജോലിക്കാരാണ്. ഈ ദ്വീപ് ആള്‍പാര്‍പ്പില്ലാത്തതാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും ഇവിടെ നിന്ന് തീയും പുകപടലങ്ങളും ഉയര്‍ന്നപ്പോള്‍ അപകടത്തില്‍പ്പെട്ട ആരോ സഹായത്തിന്നു വേണ്ടി  ഇതിലൂടെ കടന്ന് പോകുന്ന കപ്പലില്‍ ഉള്ളവര്‍ക്ക് അപായ സൂചന നല്‍കുന്നതായാണ് ഞങ്ങളുടെ ക്യാപ്റ്റന് തോന്നിയത്. കപ്പല്‍ കുറച്ചകലെയാണ്.അവിടേക്ക് സഞ്ചരിക്കാന്‍ ബോട്ടുമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്” ബോട്ടില്‍ യാത്രയായപ്പോള്‍ സന്തോഷത്തെക്കാള്‍ ഏറെ അയാള്‍ ദൈവത്തോട് പറഞ്ഞ വാക്കുകളെ ക്കുറിച്ചുള്ള ലജ്ജയായിരുന്നു അയാളുടെ മനസ്സ് നിറച്ചും.
വന്ന് ഭവിക്കുന്ന ദുരന്തങ്ങള്‍ ദൈവ കാരുണ്ണൃത്തിലേക്കുള്ള വഴിയാണെന്ന് തിരിച്ചറിയുന്നവര്‍ വളരെ വിരളമാണ്. പെട്ടെന്ന് പ്രതികരിക്കുന്നവരാണ് മനുഷ്യന്‍.ഒരു മുള്ള് തറക്കുന്നത് പോലും ക്ഷമിച്ചാല്‍ നന്മയായി ഭവിക്കും. അത് പാപങ്ങള്‍ പോറുക്കപ്പെടാന്‍ കാരണമാകും. ബാധിക്കുന്ന ദുരന്തങ്ങളെ അവധാനതയോടെ നോക്കികാണാത്തവരും ദീര്‍ഘവീക്ഷണത്തോടെയല്ലാതെ  പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെയും കപ്പലുകള്‍ നിരന്തരം  മുങ്ങികൊണ്ടേയിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ