മദ്യം, ചൂതാട്ടം എന്നിവയില്‍നിന്ന് കിട്ടുന്ന വരുമാനമാണ് കേരളത്തെ മുന്നോട്ടുനയിക്കുന്നതെന്ന് പറഞ്ഞാല്‍ ഭരിക്കുന്ന സര്‍ക്കാരോ പ്രതിപക്ഷമോ അത് ഖണ്ഡിക്കാന്‍ മുതിരില്ല. കാരണം, അതൊരു യാഥാര്‍ഥ്യമാണ്. മദ്യത്തില്‍നിന്ന് പ്രതിവര്‍ഷം ഏഴായിരത്തി അഞ്ഞൂറോളം കോടി രൂപയാണ് ഖജനാവിലേക്ക് ഒഴുകുന്നത് . സംസ്ഥാനത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ നാലിലൊന്ന്. (തമിഴ്നാടാണ് ഈ മേഖലയില്‍ ദേശീയ നേട്ടം’ കരഗതമാക്കിയത്. അവിടെ, 28,000കോടി രൂപയാണ് മദ്യംവഴി പ്രതിവര്‍ഷം ഖജനാവിലേക്കൊഴുകുന്നത് ) .പൗരന്മാരുടെ, വിശിഷ്യാ സാധാരണക്കാരുടെ ജീവിതം തന്നെ മദ്യത്തില്‍ മുക്കി നേടുന്ന പണം കൊണ്ടാണ് പ്രബുദ്ധമെന്ന് സ്വയം അഭിമാനിക്കുന്ന കേരളം വികസനപദ്ധതികള്‍ സ്വപ്നം കാണുന്നതെന്ന വൈരുധ്യം ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഇങ്ങനെയൊരു സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധം സാധ്യമാകുമോ എന്ന ചോദ്യം ഉച്ചത്തില്‍ ഉയര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഘട്ടംഘട്ടമായുള്ള മദ്യനിരോധത്തിന് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പദ്ധതിയനുസരിച്ച് ഈ ഓണത്തിനു കൂടി മദ്യം ലഭ്യമാക്കി സെപ്റ്റംബര്‍ പന്ത്രണ്ടോടെ കേരളത്തിലെ 730 ബാറുകളും അടച്ചുപൂട്ടും. പിന്നെ, വിദേശമദ്യം അകത്താക്കണമെങ്കില്‍ പഞ്ചനക്ഷത്രപദവിയുള്ള ഹോട്ടലുകളോടനുബന്ധിച്ചുള്ള ബാറുകളില്‍ കയറണം. സര്‍ക്കാര്‍ വക മദ്യവിതരണ സംവിധാനമായ ബീവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകളുടെ എണ്ണം ഓരോ വര്‍ഷവും പത്തുശതമാനം കണ്ട് കുറച്ച് കേരളത്തെ മദ്യമുക്ത സംസ്ഥാനമായി മാറ്റിയെടുക്കുമെന്നാണ് വാഗ്ദാനം. മേലില്‍ ഞായറാഴ്ചകളില്‍ മദ്യം വില്‍ക്കില്ല ഡ്രൈ ഡേ’ . ഏവരെയും അദ്ഭുതപ്പെടുത്തിയ ഒരു സംഗതി ഒരു മുന്നറിയിപ്പുമില്ലാതെ പുര്‍ണമദ്യനിരോധം യു.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിതനയമായി മാറിയതാണ്. ഇടക്കിടെ മത സംഘടനകള്‍ നടത്തുന്ന മദ്യവിരുദ്ധ സമരങ്ങള്‍ക്കപ്പുറം കേരളത്തിലെ കക്ഷിരാഷ്ട്രീയം ഇതില്‍ താല്‍പര്യമെടുക്കാറില്ല. 1970കളിലും എണ്‍പതുകളിലും എന്‍ പി മന്‍മഥന്‍റെ നേതൃത്വത്തില്‍ നടന്ന മദ്യവര്‍ജന യത്നങ്ങള്‍ ഇന്ന് ഓര്‍മ മാത്രമാണ്.ദേശീയതലത്തിലും മദ്യനിരോധത്തിനായി ഒരിടത്തുനിന്നും മുറവിളി അടുത്തൊന്നും കേള്‍ക്കാന്‍ സാധിച്ചിട്ടില്ല. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ രായ്ക്കുരാമാനം മദ്യനിരോധവുമായി മുന്നോട്ടുവന്നതിലെ നിഗൂഢത നമുക്കു വിട്ടുകളയാം. മദ്യത്തിന്നെതിരായ നിലപാട് തന്‍റെ ആദര്‍ശപരിവേഷത്തിനു മകുടം ചാര്‍ത്തുമെന്ന് ആരെങ്കിലും ചിന്തിച്ചുപോയിട്ടുണ്ടെങ്കില്‍ അവരെയും നമുക്ക് വെറുതെ വിടാം. നിലവാരമുള്ള കേരളം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ദൃഢപ്രതിജ്ഞയുടെ ഭാഗമായി നമുക്കീ നീക്കത്തെ വളരെ ക്രിയാത്മകമായി കാണാം. മദ്യനിരോധമാണ് തങ്ങളുടെ അടിസ്ഥാനനയം എന്ന പ്രഖ്യാപനം വന്നതോടെ എല്ലാ പാര്‍ട്ടികളും നേതാക്കളും വാക്കാലെങ്കിലും ആ വഴിക്ക് വരേണ്ടിവന്നു. ഏതു ലക്ഷ്യത്തോടെയാണെങ്കിലും, മദ്യത്തിന്നെതിരെ ശക്തമായ ഒരു രാഷ്ട്രീയ പൊതുബോധം ഇക്കാലത്ത് സൃഷ്ടിക്കപ്പെടുന്നതും മദ്യാനുകൂലികള്‍ക്ക് പ്രത്യക്ഷത്തിലെങ്കിലും പിടിച്ചു നില്‍ക്കാനാവാതിരിക്കുന്നതും ചെറിയ കാര്യങ്ങളല്ല. കാരണം, മദ്യത്തിന്‍റെയും ലോട്ടറി എന്ന ചൂതുകളിയുടെയും ഏറ്റവും വലിയ ഇരകള്‍ അടിസ്ഥാനവര്‍ഗമാണ്. അധ്വാനിക്കുന്ന ജനവിഭാഗം. പകലന്തിയോളം എല്ലുമുറിയെ പണിയെടുത്ത് കിട്ടുന്ന അഞ്ഞൂറോ ആയിരമോ കൊണ്ടുപോയി തുലക്കുന്നത് ബാറുകളിലും ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകളിലും കള്ളുഷാപ്പുകളിലുമാണ്. വൈകീട്ട് എന്താ പരിപാടി’ എന്നു ചോദിച്ച് താരരാജാവ് മദ്യത്തിനു ജനപ്രിയത നേടിക്കൊടുത്ത പാരന്പര്യം പോലും സാംസ്കാരിക കേരളത്തിന് അവകാശപ്പെടാനുണ്ട്. കുഞ്ഞ് പിറന്നുവീഴുന്ന നിമിഷം തൊട്ട് അവന്‍റെ ശവമടക്കല്‍ ചടങ്ങിനു വരെ മദ്യസേവ അനിവാര്യമാണെന്ന് സാമാന്യജനത്തെ തെറ്റിദ്ധരിപ്പിക്കും വിധം സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും നിമിഷങ്ങള്‍ തള്ളിനീക്കാന്‍ മദ്യത്തില്‍ അഭയം തേടുന്ന ഒരു ശീലം ജനങ്ങളില്‍ വളര്‍ത്തിയത് അധികൃതരുടെ തീര്‍ത്തും നിരുത്തരവാദപരമായ നയം മൂലമാണ്. സാംസ്കാരികമായി സന്പന്നമെന്ന് കരുതപ്പെട്ട ഒരു സമൂഹം എങ്ങനെ രാജ്യത്തെ ഏറ്റവും വലിയ കുടിയന്മാരായി എന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ രാഷ്ട്രീയഭരണമതസാമൂഹികനേതൃത്വത്തിനു ബാധ്യതയുണ്ട്. അബ്കാരികളാണ് സര്‍ക്കാരിന്‍റെയും സാംസ്കാരികമേഖലയുടെയും കടിഞ്ഞാണ്‍ പിടിക്കുന്നത്. അവര്‍ നല്‍കുന്ന സംഭാവനകളാണ് പലരെയും ചലിപ്പിക്കുന്നതും സന്പന്നമാക്കുന്നതും. ഏറ്റവും വലിയ മദ്യവര്‍ജന പരിപാടി സംഘടിപ്പിക്കുന്നവര്‍ പോലും പലപ്പോഴും തങ്ങളുടെ പരിധിയിലുള്ള മദ്യരാജാക്കന്മാരുടെ പിണിയാളുകളായി അവര്‍ക്കു വേണ്ടി രാഷ്ട്രീയഭരണ നേതൃത്വങ്ങളില്‍ സ്വാധീനം ചെലുത്തുന്നു. മാധ്യമരംഗവും വിശുദ്ധഗോക്കളല്ല. രാഷ്ട്രീയമതമദ്യമാധ്യമ കൂട്ടുകെട്ടാണ് നമ്മുടെ നാട്ടിനെ നിയന്ത്രിക്കുന്നത് എന്ന് ആരോപിച്ചാല്‍ ആരും രോഷാകുലരാവേണ്ട. മദ്യമാഫിയയെ ഇത്രമാത്രം ശക്തമാക്കിയത് അവരുടെ സാന്പത്തിക അടിത്തറയുടെ ബലം തന്നെയാണ്. മനുഷ്യരെ ഭ്രാന്തന്മാരാക്കുന്നതോടെ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവഹിക്കുന്നത് കോടികളാണ്. ഈ കോടികളില്‍ ചെറിയൊരു വിഹിതം നല്‍കിയാണ് രാഷ്ട്രീയപാര്‍ട്ടികളെ വിലക്കെടുക്കുന്നതും വരുതിയില്‍ കൊണ്ടുവരുന്നതും. മക്കളേ മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്, കൊടുക്കരുത, കുടിക്കരുത് എന്ന് ഉപദേശിച്ച ഗുരുവിന്‍റെ അരുമശിഷ്യന്മാരുടെ കുത്തകയാണ് കേരളത്തിലെ അബ്കാരിരംഗം എന്ന വിരോധാഭാസത്തില്‍നിന്ന് തന്നെ കേരളത്തിന്‍റെ മനസ് എന്തുമാത്രം കപടജഡിലമാണെന്ന് ബോധ്യപ്പെടുന്നു. കുട്ടിക്കള്‍ക്ക് ചോറ് വാങ്ങിക്കൊടുക്കാനുള്ള പണം കൊണ്ടാണ് നിങ്ങള്‍ മദ്യം വാങ്ങി കുടിക്കുന്നതെന്നും പണം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിക്കുന്നത് എത്രമാത്രം ഭോഷ്ക്കാണെന്നും ഓര്‍മപ്പെടുത്തിയ ഗുരുവിനെ മദ്യത്തിന്‍റെ ലേബലില്‍ ആലേഖനം ചെയ്യാന്‍ മടിക്കാത്തവരാണ് ഇന്നത്തെ അധഃസ്ഥിത മേലാളന്മാര്‍. മദ്യം എന്നു കേള്‍ക്കുന്പോള്‍ അവര്‍ എഴുന്നെള്ളി ഗീര്‍വാണം മുഴക്കുന്നത് ആ മേഖല തങ്ങളുടെ തറവാട്ട് സ്വത്താണെന്നും ആരും അത് തൊട്ടുകളിക്കരുതെന്നുമുള്ള അന്ത്യശാസനയോടെയാണ്. ഇപ്പോഴത്തെ മദ്യവിരുദ്ധനീക്കം പോലും ഈഴവസമുദായത്തോടുള്ള വെല്ലുവിളിയായി അവര്‍ വിശദീകരിച്ചു കഴിഞ്ഞു. മദ്യനിരോധം വിജയിക്കാന്‍ പോകുന്നില്ല എന്ന് വെള്ളാപ്പള്ളിക്കൊപ്പം എന്‍ എസ് എസ് ജന.സെക്രട്ടറി സുകുമാരന്‍ നായരും കോറസ് പാടുകയാണ്. എന്തേയ് മദ്യത്തിന്‍റെ കാര്യം വരുന്പോള്‍ ജാതിമറന്ന് ബദ്ധശത്രുക്കള്‍ കൈകോര്‍ക്കുന്നു? മദ്യലോബിയുടെ കരുത്താണ് അത് കാണിക്കുന്നത്. സാധാരണക്കാരായ എത്രയോ ഈഴവരും നായന്മാരും മദ്യത്തില്‍ മുങ്ങിത്താഴുന്പോള്‍ തങ്ങളുടെ സമൂഹത്തിന്‍റെ സന്പത്തും ആരോഗ്യവും ക്രിയാശേഷിയുമാണ് നശിച്ചുതീരുന്നതെന്ന ചിന്ത അശേഷം ഇല്ലാതെ മദ്യത്തിനു അനുകൂലമായി വാദിക്കുന്പോള്‍ മനസ്സിലാക്കണം ഈ മഹാവിപത്തിന്‍റെ വേരുകള്‍ എത്ര ആഴത്തിലാണ് നമ്മുടെ വ്യവസ്ഥിതിയുടെ അസ്തിവാരത്തില്‍പോലും ആണ്ടിറങ്ങിയിരിക്കുന്നതെന്ന്. മദ്യം കഠിനമായി നിഷിദ്ധമാക്കിയ മുസ്ലിം സമൂഹത്തിലെ ചെറുപ്പക്കാരും സന്പന്നവര്‍ഗവും മദ്യപാനത്തെ ഒരു തെറ്റായി പോലും കാണാന്‍ കഴിയാത്തവിധം ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. രണ്ടുവര്‍ഷം മുന്പ് ഓണസീസണില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിഞ്ഞ മേഖലകളിലൊന്ന് മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന മലപ്പുറത്തെ തിരൂരാണെന്ന ഔദ്യോഗിക വെളിപ്പെടുത്തലില്‍ രോഷം കൊണ്ടിട്ട് ഫലമില്ല. വിവാഹചടങ്ങിലും പേരിടല്‍ ചടങ്ങിലുമൊക്കെ മദ്യം വിളന്പുന്നത് തെറ്റായി കാണാത്ത ചെറിയൊരു വിഭാഗം മുസ്ലിംകളിലുണ്ട് എന്നത് നിഷേധിച്ചിട്ടു ഫലമില്ല. ഗള്‍ഫില്‍ അധ്വാനിച്ചുകിട്ടുന്ന പണം മുഴുവന്‍ ചങ്ങാതിമാരോടൊപ്പം ഊട്ടിയിലും ബങ്കളുരുവിലും മുന്നാറിലും ചെലവഴിക്കുന്ന ശീലം ഗള്‍ഫിന്‍റെ ഒന്നാം തീയതി തൊട്ട് തുടങ്ങിയതാണ്. പഴയ മുല്യവ്യവസ്ഥയില്‍നിന്ന് പൂര്‍ണമായി വിഛേദിക്കപ്പെട്ട ന്യൂ ജനറേഷനെ സംബന്ധിച്ചിടത്തോളം മദ്യവും മയക്കുമരുന്നുമൊക്കെ നിഷിദ്ധമാണെന്ന് കേള്‍ക്കുന്നത് പോലും അരോചകമാണ്. അക്ഷരത്തിന്‍റെയോ സര്‍ഗവാസനയുടെയോ അരികത്തൂടെ പോയിട്ടുണ്ടെങ്കില്‍ എത്രയും വീശാം എന്നതാണ് പണ്ടുമുതല്‍ക്കേ നമ്മുടെ നാട്ടിലെ മാമൂല്‍. മദ്യനിരോധത്തെ കുറിച്ചുള്ള ഇപ്പോഴത്തെ സ്വപ്നങ്ങള്‍ മദ്യം തൊടാത്ത ഒരു കേരളത്തിന്‍റെ പുതുപിറവിയിലേക്ക് വഴിതെളിയിച്ചെങ്കില്‍ ആദ്യമായി രക്ഷപ്പെടുന്നത് കുടിലുകളിലും ചേരികളിലും നരകതുല്യജീവിതം നയിക്കുന്ന കുറെ സ്ത്രീകളും കുഞ്ഞുങ്ങളുമായിരിക്കും. മദ്യത്തിന്‍റെ യഥാര്‍ഥ ഇര കുടുംബമാണ്. ചോറ് വാങ്ങിക്കൊടുക്കേണ്ട പണം കൊണ്ട് ഭ്രാന്തന്‍വെള്ളം വാങ്ങിക്കഴിക്കുന്നു എന്ന് മാത്രമല്ല, കെട്ടിയവളേയും കുട്ടികളേയും കഠിന പീഢനങ്ങള്‍ക്ക് വിധേയമാക്കുന്ന ക്രൂരതക്കുപിന്നിലെ മുഖ്യപ്രചോദനം മദ്യത്തിന്‍റെ ഊക്കാണ്. അച്ഛന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കേള്‍ക്കുന്പോള്‍ ആദ്യമായി മനസ്സിലാക്കേണ്ടത് ആ മൃഗതുല്യന്‍ സ്വബോധത്തിലായിരുന്നില്ല എന്നാണ്. എല്ലാ കൊടിയപീഢനങ്ങള്‍ക്ക് പിന്നിലും മദ്യത്തിന്‍റെ ദുസ്വാധീനമുണ്ട്. എല്ലാ കുറ്റകൃത്യങ്ങളുടെയും മാതാവായി മദ്യപാനത്തെ കാണുന്നത് ഇതുകൊണ്ടാണ്. എന്നിട്ടും മദ്യനിരോധത്തിന്‍റെ ശംഖ് മുഴങ്ങിക്കേട്ടപ്പോഴേക്കും അതിനെ പരാജയപ്പെടുത്താന്‍ മദ്യനിര്‍മാതാക്കളും മാധ്യമങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. മിസോറാമില്‍ 17വര്‍ഷത്തെ മദ്യനിരോധം പരാജയമാണെന്ന് കണ്ട് അത് എടുത്തുകളയുകയാണെന്നും നാഗാലാന്‍ഡ് ആ വഴിക്കാണ് നീങ്ങുന്നതെന്നും വാദിക്കുന്നത് ഒറിജിനല്‍ ചോയ്സ് വിസ്കി നിര്‍മാതാക്കളായ ജോണ്‍ ഡിസ്റ്റലറീസിന്‍റെ ഉടമ പോള്‍ ജോണ്‍ ആണ്. ആയിരക്കണക്കിന് പേര്‍ക്ക് മദ്യനിരോധത്തോടെ തൊഴില്‍ നഷ്ടപ്പെടുമെന്നും വിനോദസഞ്ചാര മേഖല തകരുമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്തുന്ന ഇദ്ദേഹത്തെ പോലുള്ളവര്‍ മരിച്ചുജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ വേദനകളെ കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ തയാറല്ല. രാഷ്ട്രീയ സമ്മര്‍ദത്തിന്‍റെ ഫലമായാണ് ഇപ്പോഴത്തെ മദ്യവര്‍ജന നീക്കമെന്ന് പറഞ്ഞ് മുതലെടുപ്പ് നടത്തുന്നതിന്ന് പകരം ഈ അവസരം ഉപയോഗപ്പെടുത്തുന്നതാണ് ബുദ്ധി. മദ്യത്തിന്‍റെ ലഭ്യത കുറക്കാനുള്ള ഏത് നീക്കത്തെയും മനുഷ്യത്വമുള്ളവര്‍ പ്രോല്‍സാഹിപ്പിക്കണം. അതോടൊപ്പം നിരന്തരമായ ബോധവത്കരണത്തിലൂടെ ജനമനസ്സുകളില്‍ മദ്യത്തെ കുറിച്ച് വെറുപ്പ് ഉല്‍പാദിപ്പിക്കുകയും വേണം. അവസരം ഉപയോഗപ്പെടുത്തുന്നവരാണ് വിവേകമതികള്‍. By,ശാഹിദ് @Risala Weekly More,Reading►http://risalaonline.com/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ