'ഉപ്പാ .. ഇങ്ങള് പോയി വരുമ്പോ ഇന്‍റെ ഫോണിനു ഒരു കവർ വേടിച്ചു വരീം "
'"ഇന്‍റെ മോളാ .. ഓൾടെ നിക്കാഹ് ഉറപ്പിച്ചിരിക്കാ ..അതിന്റെ സന്തോഷത്തിലാ ഓള്. "
"ഓള് മാത്രല്ലാട്ടോ ഞങ്ങളെല്ലാവരും. രണ്ടാഴ്ചകൂടി കഴിഞ്ഞാ പടച്ചോന്‍റെ സഹായം ഉണ്ടായാൽ ഓൾടെ കല്യാണം നടക്കും . "
ഓൾടെ പുതിയാപ്ല ചെക്കൻ ഇന്നലെ ഒള്‍ക്കൊരു മൊബൈൽ ഫോണ് കൊടുന്നു കൊടുത്തു . അതിന്റെ കവറാ ഒള് വാങ്ങാൻ പറഞ്ഞത് ."
"ഇതാ ഉപ്പാ ..ഈ കടലാസ് മൊബൈൽ കടയിൽ കാണിച്ചു കൊടുത്താ മതി .അവർ ഇതിനു യോജിച്ച കവർ തരും "
"അവൾ എന്തോ കുത്തി കുറിച്ചൊരു കടലാസ് ഇന്റെ കയ്യിൽ തന്നു . ഞാൻ അതും പിടിച്ചു വീട്ടിൽ നിന്നും ഇറങ്ങി."
"പാവം അവൾക്കറിയില്ലാലോ ഞാൻ പോവുന്നത് ഓൾടെ കല്യാണത്തിനുള്ള സ്ത്രീധനത്തിന് നാട്ടുകാരുടെ മുന്നിൽ കൈ നീട്ടാൻ പോവുകയാണെന്ന് ."
" ഇന്‍റെ കുട്ടി ഇത്തിരി നിറംകുറവാണ്. അതോണ്ടായിരിക്കാം ഓൾക്ക് കല്യാണങ്ങൾ ഒന്നും വന്നിരുന്നില്ല. .ഇനി വന്നവരാകട്ടെ ഓരോ കുറ്റങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും . "
"ഇന്‍റെ കുട്ടിയുടെ മുഖം കാണുമ്പോ ഇന്‍റെ ഉള്ളിൽ തീയ്യായിരുന്നു . ഓൾടെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരികൾക്കല്ലാം കല്യാണം കഴിഞ്ഞ് ഒന്നും രണ്ടും കുട്ടികളായി .
അപ്പഴാ ബ്രോക്കർ കുഞ്ഞാണി ഇങ്ങനെയൊരു ആലോചനയുമായി വന്നത് . അവർക്ക് അൽഹംദു ലില്ലാഹ് കുട്ടിയെ ഇഷ്ട്ടായി .
പക്ഷേ.. അവര് 40 പവൻ പണ്ടവും 1 ലക്ഷം ഉറുപ്പിക സ്ത്രീധനവും വേണം എന്നാ പറയുന്നത് . എന്നെ കൊണ്ട് അതിനൊന്നും കഴിയില്ല എന്ന് പറയാൻ എനിക്ക് തോന്നിയെങ്കിലും എന്‍റെ കുട്ടിയെ ഓർത്തപ്പോ ഞാനതങ്ങ് സമ്മതിച്ചു .
ഇരിക്കിണ വീടും പറമ്പും വിറ്റു. അതോണ്ട് സ്വർണം വാങ്ങാനുളളതെ ആയൊള്ളൂ .. ഇനി സ്ത്രീധനം കൊടുക്കാനുള്ളതും കല്യാണ ചിലവിനുള്ളതും കൂടെ കിട്ടണം.
ഇക്ക് പണിക്കൊന്നും പോവാൻ വയ്യാ.. ശ്വാസം മുട്ടലാ .പണിക്ക് പോവാന്ന് വെച്ചാലും ആരും പണിക്ക് വിളിക്കൂല. ഈ വയ്യാത്ത കിളവനെ ആർക്ക് വേണം .
നാട്ടിലുള്ള ഒരു ഹാജിയാര് ഉണ്ട് .അയാളിലായിരുന്നു ഇന്റെ പ്രതീക്ഷ . പക്ഷേ അയാള് തന്നതാ 100 രൂപ .എന്നാലും അൽഹംദു ലില്ലാഹ് കിട്ടിയത് ആയി.
നേരം വെളുത്ത് ഈ നേരത്തിനുള്ളിൽ കുറെ വീടുകളിൽ കയറി ഇറങ്ങി . ആകെ കിട്ടയത് 950 രൂപ . ഒരു തുള്ളി വെളളം ഇത് വരെ കുടിച്ചിട്ടില്ല .
ഇനിപ്പോ എന്തായാലും വീട്ടിലേക്ക് തിരിച്ചു പോവാ..ഇനി നാളെ ഇറങ്ങാ എന്ന് കരുതി പോവാൻ നിക്കുമ്പോഴാ മോള് വാങ്ങാൻ പറഞ്ഞ ഫോണ്‍ കവറിന്‍റെ കാര്യം ഓര്‍മ്മ വന്നത് . എന്തായാലും അതി വാങ്ങാം എന്ന് കരുതീട്ടാ ഞാൻ ഈ കടയിൽ കയറിയത് .
ഇന്നാ..... ഈ കടലാസിൽ എഴുതീട്ടുണ്ട് .അതിനനുസരിച്ച ഒരു കവർ ഇങ്ങട് തന്നാ കാക്കാന്‍റെ കുട്ടി .
ആ.. അത് മതി . അത് ഓൾക്ക് ഇഷ്ട്ടാവും .
ഇന്നാ ഞാൻ ഇറങ്ങാട്ടോ..കല്യാണത്തിനു വരണം..ഇന്‍റെ ഫോണ്‍ നമ്പർ എഴുതി എടുത്തോ..വഴി മാറിപ്പോകരുത് . സംശയം തോന്നിയാ അപ്പോ വിളിച്ചോ .
ഇന്നാ ശരി .അസ്സലാമു അലൈക്കും .
"ഇനിയുള്ളത് ഞാൻ പറയാം.. ഞാൻ എന്ന് പറഞ്ഞാൽ ഈ ഞാൻ തന്നെ...
"ഞാൻ നാട്ടിൽ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന സമയം . ഒരു ദിവസം വൈകുന്നേരം ഒരു പ്രായമായ മനുഷ്യൻ കടയിൽ കയറി വന്നു .
അയാളുടെ മുഖം കണ്ടാൽ അറിയാം അയാള് ക്ഷീണിതനാണ് .വല്ലാതെ കിതക്കുന്നുമുണ്ട്. കയ്യിൽ മുഷിഞ്ഞു തുടങ്ങിയ ഒരു വെള്ള കടലാസും .
ഇരിക്കാൻ ഒരു കസേര ഇട്ട് കൊടുത്ത് അയാളോട് ഇരിക്കാൻ പറഞ്ഞു . കിതപ്പ് മാറാത്തത് കണ്ടപ്പോ ഞാൻ അയാളോട് എന്തിനാ വന്നിരിക്കുന്നത്. എന്താ ഇങ്ങനെ കിതക്കുന്നത് എന്നൊക്കെ ചോദിച്ചു.
ആ കിതപ്പ് വിടാതെ തന്നെ എന്നോട് പറഞ്ഞ കാര്യങ്ങളാണ് നമ്മൾ മുകളിൽ വായിച്ചത് .
അങ്ങനെ അദ്ധേഹം പറഞ്ഞ ആ ദിവസം ആ കല്യാണത്തിൽ പങ്കെടുക്കാനായി ഞാൻ പുറപ്പെട്ടു . അദ്ധേഹം പറഞ്ഞു തന്ന വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു .
ഒടുവിൽ അദ്ധേഹം പറഞ്ഞപോലെ ഈട് വഴികൾ കുറെ ഉള്ളത് കാരണം എനിക്ക് വഴി തെറ്റി . അങ്ങനെ ഞാൻ വഴി ചോദിക്കാനായി അയാൾക്ക് വിളിച്ചു .
രണ്ടു മൂന്ന് തവണ ഫോണ്‍ റിംഗ് ചെയ്തതിനു ശേഷം അദ്ധേഹം ഫോണെടുത്തു . അങ്ങേ തലക്കൽ നിന്നും ഒരു വിറയാർന്ന ശബ്ദം ഞാൻ കേട്ടു.
"ഹലോ "
" ഹലോ .. ആ... ഇക്കാ ഇത് ഞാനാണ്. മൊബൈൽ ഷോപ്പിലുള... ഞാൻ വഴി അറിയാൻ വേണ്ടി വിളിച്ചതാ .."
മറുപടി ഒന്നും കേൾക്കുന്നില്ലാ..
"ഹലോ ..?"
ഇല്ലാ മറുപടി ഇല്ലാ.. അപ്പുറത്ത് നിന്നെവിടുന്നോ ഒരു കോഴി കൂവുന്ന ശബ്ദം കേൾക്കുന്നുണ്ട്..
"ഹലോ ..ഇക്കാ കേൾക്കുന്നില്ലേ.?"
അതിന് മറുപടിയായി ഞാൻ കേട്ടത് ഒരു തേങ്ങലായിരുന്നു.
തേങ്ങൽ കരച്ചിലിലേക്ക് വഴി മാറി . അതെ അദ്ധേഹം അപ്പുറത്ത് നിന്നും കരയുകയാണ് .
" എന്താ ഇക്കാ ..എന്താ പറ്റിയത് ..? "
ഒരുവിദത്തിൽ കരച്ചിൽ അടക്കിപിടിച്ചു അയാൾ എന്നോട് ഉറക്കെ പറഞ്ഞു .
"മോനിപ്പോ ഇങ്ങോട്ട് വരണ്ടാ .. ഇവിടെ ഇന്ന് കല്യാണം ഇല്ലാ .."
അയാൾ വീണ്ടും കരയാൻ തുടങ്ങി .
" എന്താ ഇക്കാ എന്താ ഉണ്ടായേ ..?"
കുറച്ചു സമയം ആ കരച്ചിൽ നീണ്ടു നിന്നു. ശേഷം അയാൾ സാവദാനം പറഞ്ഞു തുടങ്ങി .
"കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തുക ഇക്ക് കൊടുക്കാൻ കഴിഞ്ഞില്ല . ഇന്നേ കൊണ്ട് കൂട്ടീട്ട് കൂടിയില്ല .
മിനിയാന്ന് ആയിരുന്നു കൊടുക്കാമെന്നു പറഞ്ഞ അവസാന ദിവസം . അതിന് എനിക്ക് കഴിഞ്ഞില്ലന്ന് കണ്ടപ്പോ അവരതു മുടക്കി "
അദ്ധേഹം അത് പറഞ്ഞു മുഴുവനാക്കും മുൻപേ എന്റെ ഫോണിലെ പൈസ തീർന്നു.
അവിടുന്ന് വണ്ടി തിരിച്ച് വീട്ടിലേക്ക് മടങ്ങും നേരം ഞാൻ ഉറപ്പിച്ചു . സ്ത്രീധനം.. അത് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല .
ഒന്ന് ഓർത്തു നോക്കൂ... നമ്മൾ കെട്ടുന്ന പെണ്ണിന്റെ വീട്ടുകാരെ കണ്ണുനീരു കുടിപ്പിച്ച് വാങ്ങിയ സ്ത്രീധനവും തിന്ന് ആ വീട്ടിലേക്ക് തെന്നെ നമ്മൾ കയറി ചെല്ലുന്ന സമയത്ത് അവർക്ക് മുന്നിൽ നമുക്കുളള വില എന്തായിരിക്കുമെന്ന്....
കടപ്പാട് :- പേരറിയാത്ത ആ സുഹ്രുത്തിന്
deiragroup@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ