2014 സെപ്റ്റംബർ 24, ബുധനാഴ്‌ച

ഇങ്ങള്‍ എന്താ കാന്തപുരത്തെ വെറുക്കാത്തത്...?

ഇങ്ങള്‍ എന്താ കാന്തപുരത്തെ വെറുക്കാത്തത്...? ______________________________ അന്‍സാര്‍ നിലമ്പൂര്‍ എഴുതുന്നു....... എന്‍റെ വളരെ നിഷ്കളങ്കനായ ഒരു എഫ്ബി കൂട്ടുകാരന്‍ എന്നോട് കഴിഞ്ഞൊരു ദിവസം ചാറ്റിലൂടെ ചോദിച്ച ചോദ്യമാണിത്. ചോദ്യം കേട്ടപ്പോള്‍ ശൈഖ് അബൂബക്കര്‍ കാന്തപുരം മുസ്ലിയാരോട് വിദ്വേഷം വെച്ചാല്‍ മാത്രമെ കേരള മുസ്ലിം സമൂഹത്തില്‍ സ്ഥാനമുള്ളൂ എന്ന് തോന്നിപ്പോയി. അങ്ങനെയാണെങ്കില്‍ എനിക്ക് ശൈഖ് കാന്തപുരം അവര്‍കളോട് വിദ്വേഷമുള്ളവരെ അംഗീകരിക്കാന്‍ തോന്നുന്നില്ല. ഒറിജിനല്‍ ഇബലീസിനോടുള്ള മനസ്ഥിതിയാണ് ചിലര്‍ക്ക് ശൈഖ് കാന്തപുരത്തോട്‌ ഉള്ളത് എന്ന് ഈയുള്ളവന് നേരിട്ട് അനുഭവമുണ്ട്. അവരോടൊക്കെ സഹതാപം തോന്നുന്നു. ഈയുള്ളവന്‍ ശൈഖ് കാന്തപുരം മുസ്ലിയാരുടെ ശിഷ്യനോ അനുയായിയോ സഹപ്രവര്‍ത്തകനോ അല്ലെന്ന് എഫ്ബീലെ എന്‍റെ ലിസ്റ്റിലുള്ള ഇത് വായിക്കുന്ന എന്‍റെ നാട്ടുകാരായ കൂട്ടുകാര്‍ക്കെല്ലാം അറിയുമല്ലോ. അതുകൊണ്ടാണ് ഞാന്‍ അദ്ധേഹത്തെ വെള്ള പൂശാന്‍ നോക്കുന്നത് എന്ന് പറഞ്ഞു ന്യായീകരിക്കരുത്...പ്ലീസ്. ഒരു മനുഷ്യനോടു വിദ്വേഷം വെച്ച് നടക്കുന്നത് മനസ്സില്‍ നെഗറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കുന്ന കാര്യമാണ് . വിദ്വേഷം , വെറുപ്പ്, കോപം, വൈരാഗ്യം, അമര്‍ഷം ...ഇത്യാദി മനുഷ്യ സ്വഭാവങ്ങള്‍ ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ നമ്മില്‍ നിന്ന് ഇസ്ലാം ആവശ്യപ്പെടുന്നുവെങ്കിലും കഴിവതും അവ ഒഴിവാക്കാന്‍ തന്നെയാണ് ഇസ്ലാമിന്‍റെ ആഹ്വാനം. അതിനൊരു കാരണം അവ ഉല്‍പാദിപ്പിക്കുന്ന നെഗറ്റീവ് എനര്‍ജി നമ്മുടെ മനസ്സിനെ സത്യത്തോടും നീതിയോടുമൊപ്പം നില്‍ക്കുന്നതില്‍ നിന്നും തടയുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ ഒരു ജനതയോടുള്ള വിദ്വേഷം അവരോടു നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌ എന്ന് പറഞ്ഞത്. (5:8). ഈ കാര്യം മനസിരുത്തി ചിന്തിച്ചാല്‍ വമ്പിച്ച വിദ്വേഷം കൊണ്ടാണ് ശൈഖ് കാന്തപുരം വല്ല നന്മയും ചെയ്‌താല്‍ അത് കണ്ടില്ലെന്നു നടിക്കാനും അദ്ധേഹത്തില്‍ നിന്ന് വല്ല വീഴ്ചയും സംഭവിച്ചു എന്ന് തോന്നിയാല്‍ അത് പെരുപ്പിച്ചു കാണിച്ചു പ്രചാരണവും കുപ്രചാരണവുമെല്ലാം ഒരുമിച്ചു നടത്താനും ചിലര്‍ക്ക് തോന്നുന്നത്. മനസ്സില്‍ നിന്ന് വിദ്വേഷം എടുത്തു കളഞ്ഞാല്‍ ഒരു മനുഷ്യന്‍ നന്മ ചെയ്യുമ്പോള്‍ അയാളെ ഇഷ്ടപ്പെടാനും തിന്‍മ ചെയ്യുമ്പോള്‍ ആ തിന്മയോട്‌ അനിഷ്ടം ഉണ്ടാകാനും കഴിയും. ശഹാദത് കലിമകള്‍ അംഗീകരിച്ചു അഞ്ചു നേരം നമസ്കരിച്ചു നടക്കുന്ന ഒരു മുസ്ലിമിനോടും ആത്യന്തികമായ വെറുപ്പും വിദ്വേഷവും പുലര്‍ത്താന്‍ ഇസ്ലാം എവിടെയും പറഞ്ഞിട്ടില്ല എന്നാണു എനിക്ക് മനസിലാകുന്നത് . സ്വന്തം ഭാര്യമാരില്‍ വെറുക്കുന്ന വല്ല കാര്യവും കണ്ടാല്‍ അപ്പാടെ അവരെ വെറുക്കേണ്ടതില്ല അവരില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കുറെ കാര്യങ്ങളും ഉണ്ടാകുമല്ലോ എന്ന് പറയുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഉണ്ട്. ഈ നിലപാട് മുസ്ലിമിനൊരു മാര്‍ഗ ദര്‍ശനമാണ്. മുസ്ലിമായ ഒരു മനുഷ്യനോടും ആത്യന്തികമായ വെറുപ്പും വിദ്വേഷവും വെച്ച് പുലര്‍ത്തേണ്ട ഒരു ആവശ്യവും മുസ്ലിമിനില്ല. ഏതൊരു മുസ്ലിമിലും ചല ദോഷങ്ങള്‍ ഉണ്ടാകുമെങ്കിലും അതിന്റെ ഡസന്‍ ഇരട്ടി ഗുണങ്ങളും അവനില്‍ ഉണ്ടാകും. ഇത് മനുഷ്യന്‍റെ മാത്രം പ്രത്യേകതയല്ല. അല്ലാഹു സൃഷ്ടിച്ച സകല സൃഷ്ടികള്‍ക്കും ഗുണവശവും ദോഷ വശവും ഉണ്ടെന്നു അല്ലാഹു തന്നെ സൂറ അല്‍ ഫലഖില്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഒരാള്‍ നന്‍മ ചെയ്‌താല്‍ അംഗീകരിക്കലും തിന്മ ചെയ്‌താല്‍ ഗുണ കാംക്ഷയോടെ അയാളെ ഉപദേശിക്കലുമാണ് ഈയുള്ളവന്‍ പഠിച്ച ഇസ്ലാമിലുള്ളത്. ചിലരുടെ സംസാരം കേട്ടാല്‍ ശൈഖ് കാന്തപുരം മുസ്ലിയാരോട് അമര്‍ഷം തന്നെ വെച്ച് കൊണ്ടിരിക്കല്‍ വലിയ അമല് സ്വാലിഹത് ആണെന്ന് തോന്നിപ്പോകുന്നു. അങ്ങനെ മുസ്ലിമിനെ പരിപൂര്‍ണ്ണമായി വെറുക്കല്‍ എന്നൊരു അമല് സ്വാലിഹത് അല്ലാഹു ഇസ്ലാമില്‍ നിശ്ചയിച്ചിട്ടില്ല. ജൂതരിലെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും നശിപ്പിക്കണം എന്ന് കരുതിയവരോട് നബി(സ)ക്കും സ്വഹാബികള്‍ക്കും ഇഷ്ടമില്ലായിരുന്നു എന്ന് ഉറപ്പാണല്ലോ. അതുകരുതി സകല ജൂതരെയും വെറുക്കണം എന്ന് അല്ലാഹു എവിടെയും പഠിപ്പിച്ചില്ല. നേരെ തിരിച്ചാണ് അല്ലാഹു പറഞ്ഞത്. ചില ജൂത ക്രിസ്ത്യാനികളെ കുറിച്ച് അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് കാണുക. "അവരെല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്‌. രാത്രി സമയങ്ങളില്‍ സുജൂദില്‍ ഏര്‍പെട്ടുകൊണ്ട് അവര്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സദാചാരം കല്‍പിക്കുകയും. ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു. അവര്‍ ഏതൊരു നല്ലകാര്യം ചെയ്താലും അതിന്‍റെ പ്രതിഫലം അവര്‍ക്ക് നിഷേധിക്കപ്പെടുന്നതല്ല. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിവുള്ളവാനാകുന്നു. (ഖുര്‍ആന്‍: 3: 113,114, 115) ബുദ്ധിയുള്ളവര്‍ക്ക് കാര്യം മനസിലായിരിക്കും. ഇല്ലെങ്കില്‍ ചിന്തിച്ചാല്‍ മനസിലാക്കാം. ഒരു മുസ്ലിമിനോടും ആത്യന്തിക വെറുപ്പ്‌ എന്ന ഒന്ന് ഇസ്ലാമില്‍ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. അത് സത്യം മുറുകെ പിടിക്കുന്നവരുടെ ലക്ഷണവുമല്ല. സത്യം മുറുകെ പിടിക്കണം എന്ന താല്പര്യമുള്ളവര്‍ സത്യം മാത്രമെ കാണൂ. വ്യക്തികളെ കാണില്ല. ഒരാള്‍ സത്യം പറയുമ്പോള്‍ അംഗീകരിക്കാനും അസത്യം പറയുമ്പോള്‍ അംഗീകരിക്കാതെ ഇരിക്കാനും സത്യത്തിന്‍റെ കക്ഷിക്കാര്‍ക്ക് മടിയുണ്ടാകില്ല. ഇതിനു പകരം ഒരാള്‍ എന്ത് പറഞ്ഞാലും എന്ത് ചെയ്താലും അംഗീകരിക്കില്ല അയാളുടെ ദോഷം മാത്രമെ കാണൂ എന്ന സ്വഭാവക്കാരെയാണ് ദോഷൈക ദൃക്കുകള്‍ എന്ന് വിളിക്കുന്നത്‌. അതൊരു തരം വര്‍ഗീയ സ്വഭാവമാണ് എന്ന് പറയേണ്ടതില്ലല്ലോ. എല്ലാറ്റിനും പുറമെ ഞാന്‍ എന്ന മനുഷ്യനില്‍ നിന്ന് തന്നെ നന്മയും തിന്മയും സംഭവിക്കുന്നു. ഞാന്‍ നന്മ മാത്രം സംഭവിക്കുന്ന മാലാഖയല്ല. ഞാന്‍ നന്‍മ ചെയ്യുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ഇഷ്ടപ്പെടുന്നു, എന്‍റെ ആ നന്മയെ ഇഷ്ടപ്പെടുന്നു. എന്നില്‍ നിന്ന് തിന്മ സംഭവിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ അനിഷ്ടം തോന്നുന്നു. ആ തിന്മയോടും അനിഷ്ടം തോന്നുന്നു. അപ്പോള്‍ എനിക്ക് എന്നോട് തന്നെ ഇഷ്ടവും അനിഷ്ടവുമുണ്ട്. ഈ നിലപാട് തന്നെയാണ് ശൈഖ് അബൂബക്കാര്‍ കാന്തപുരമാണെങ്കിലും ആരാണെങ്കിലും എന്നില്‍ നിന്ന് അര്‍ഹിക്കുന്നത്. അല്ലാഹുവാണ് മനസ്സിലെ ഇരുട്ടുകളെ നീക്കി അവിടെ പ്രകാശം നിറക്കുന്നത്. അല്ലാഹു നമ്മുടെ മനസുകളില്‍ നിന്ന് ഇരുട്ടുകളെ നീക്കി അതിനെ കൂടുതല്‍ കൂടുതല്‍ പ്രകാശ വല്‍ക്കരിക്കാന്‍ നമ്മെ സഹായിക്കട്ടെ... (ആമീന്‍) https://www.facebook.com/ShihabTanur313

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ