2014 ജൂലൈ 27, ഞായറാഴ്‌ച
ഗാസയിൽ ഒരു കുട്ടി അവളുടെ കഥ പറയുന്നു
'എനിക്കിപ്പോഴും മറക്കാനാകുന്നില്ല/ മതിലുകള്ക്കരികിലെ കല്ലുകൾ കൂട്ടിയിരിക്കുന്നിടത്ത്/ അനാഥമായി കിടക്കുന്ന പന്തെടുക്കാൻ അവൻ തുനിയവെ/
തൊട്ടപ്പുറത്തെ ടാങ്കിൽ നിന്നും അവനെ ഉന്നം വെച്ച് ഒരാൾ../
ഞാൻ നിലവിളിച്ചു./ അവര് കരുതിക്കാണും അവരെ എറിയാൻ അവൻ കല്ലെടുക്കുകയാണെന്ന്/ അവർ ഏറെ ഭയന്നിരുന്നതും ഞങ്ങൾ കുട്ടികൾ എറിയുന്ന കല്ലുകളെയായിരുന്നു/
പാവം, പന്തെടുക്കാൻ പോയ എന്റെ കുഞ്ഞനിയന്റെ വലതു കൈ അവർ വെടിവെച്ചിട്ടു./ അറ്റുതൂങ്ങുന്ന കൈയുമായി, നിലവിളിയോടെ അവനെന്നിലേക്ക് വീണു../
വേർപെട്ടു പോയ വലം കൈയിലെ വിരലുകൾ അപ്പോഴും അവന്റെ പന്ത് കൈവിട്ടിരുന്നില്ല.
.....................................................
വീട് ഇപ്പോൾ ഒരു ഖബർ പോലെ./ ഖബറുകളെ നിങ്ങൾ ഭയക്കുന്നുണ്ടാകും/
പലപ്പോഴും ഞാനവിടം പോയിട്ടുണ്ട്/ ബാബക്കും ഉമ്മിക്കുമൊപ്പം/
വിശാലമായ മൈതാനത്ത്./...അവസാനമായി പോയത് അനിയനോപ്പം./ അവന് ഒരേ വാശി./ അവന്റെ അറ്റുപോയ കൈ മറവ് ചെയ്ത ഖബറിനരികിലെത്തണമെന്ന്/
ഉമ്മിക്കൊപ്പം ഞാനും അവനും/ ഉമ്മിക്ക് കരച്ചിലടക്കാനായില്ല/
ഞങ്ങളെത്തിയ നേരത്തും ഒരു ഖബറടക്കമുണ്ടായിരുന്നു./
അവിടം, ശ്മശാനത്തിൽ എപ്പോഴും ആഘോഷമൊഴിയുന്നതേയില്ല../
അനിയനൊരുപാട് നേരം അവന്റെ കൈ മറവ് ചെയ്തിടത്തേക്ക് കണ്ണും നട്ടിരുന്നു/
അതിൻമേൽ നട്ട ചെടിക്ക് വേരിറങ്ങിയതേയുള്ളൂവെന്ന് ഇളം നാമ്പുകൾ വിളിച്ചോതി./
അവനെ ചുറ്റി വരിഞ്ഞ എന്റെ കൈത്തണ്ടയിൽ ചുടു കണ്ണുനീർ! അവൻ കരയുകയാണ്..
....................................................
ബാബയും ഉമ്മിയും ഇന്നലെ കരച്ചിലായിരുന്നു/ ഞങ്ങളുടെ തൊട്ടയലത്തെ ഗ്രാമത്തിൽ പെയ്ത തീമഴയിൽ പിഞ്ഞിപ്പോയ ഉമ്മയുടെ അനിയത്തിയുടെ മൂന്ന് കുഞ്ഞുങ്ങൾ/ മൂന്നു വയസ്സുള്ള ഇരട്ടകൾ, പിന്നെ ഒന്നര മാസം മാത്രം പ്രായമുള്ള ഫാത്തും./ അവരെന്ത് തെറ്റാണ് ചെയ്തത്?/ കുഞ്ഞുങ്ങളെ കിടപ്പുമുറിയിൽ ഉറക്കി/ അത്താഴമുണ്ണാനവർ അടുക്കളയിലിരിക്കുകയായിരുന്നു/ ഉന്നം തെറ്റി വന്ന എന്തോ ഒന്ന്, അതോ ഉന്നം തെറ്റാതെ വന്നതോ../ അവരിൽ നിന്നുമടർത്തികൊണ്ട് പോയത് അവരുടെ കിടപ്പ് മുറിയെ, അതിലുറങ്ങുകയായിരുന്ന പൈതങ്ങളെയും/ കൂട്ടുകാരീ, ഓർത്തുനോക്കൂ/ അവർ പറിച്ചെടുത്തത് അവരുടെ ഹൃദയങ്ങളെയായിരുന്നല്ലോ/ കിനാവ് നൊട്ടിനുണഞ്ഞ് കിടന്ന കിടാങ്ങളെ തീ വിഴുങ്ങുംപോൾ കുഞ്ഞുങ്ങൾക്ക് തിരിച്ചറിഞ്ഞു കാണുമോ, അവര്ക്ക് നൊന്തു കാണുമോ?/
...വയ്യ, എനിക്ക് വയ്യ, ഇതൊക്കെ കണ്ടും കേട്ടും../
..............................................
ഞാൻ ചെവി കൂർപ്പിക്കവേ, നിഷ്കളങ്കരായ പൈതങ്ങളുടെ നിലവിളികൾ/
അവർക്ക് മേൽ പെയ്തിറങ്ങുന്ന തീമഴ/ ഞാൻ ഉമ്മിയെ കെട്ടിവരിഞ്ഞു/
ഞങ്ങള്ക്ക് മേൽ പറന്നെത്തുന്ന തീ ഗോളങ്ങളെയും പ്രതീക്ഷിച്ച്../
അത് ഏതു നിമിഷത്തിലുമാവാം./ നാളെയെ ഒട്ടും പ്രതീക്ഷിക്കാതെ കിടന്നുറങ്ങുന്നത്,
ഒരുപക്ഷേ ഭൂമിയിൽ ഞങ്ങൾ മാത്രമായിരിക്കും.'( വലമലർവാൻ ഗാസയിൽ നിന്നും അവളുടെ കഥ പറയുന്നു/ റഹീം കടവത്ത് / ഡി സി ബുക്സ്)
പ്രിയപ്പെട്ട കൊച്ചനുജത്തീ,
ഗസ്സയിലെ വെടിയൊച്ചയുടെ ശബ്ദം വിദൂരത്തിരുന്നും ഇപ്പോൾ ഞങ്ങൾക്ക് കേൾക്കാം. ആ വെടിയുപ്പിന്റെ ഗന്ധം ഞങ്ങളുടെ നാസാരന്ധ്രങ്ങൽക്കും പിടിചെടുക്കനാകുന്നുണ്ട് . അവിടെ ഉയരുന്ന പൈതങ്ങളുടെ നിലവിളികൾ, ഉമ്മമാരുടെ ആർത്തനാദങ്ങൾ ഞങ്ങളുടെ കര്ണ പുടങ്ങളിൽ പ്രതിധ്വനിക്കുന്നുണ്ട്. ഇസ്രയേൽ ബോംബിങ്ങിന്റെ സീല്ക്കാരങ്ങൾ ഇവിടെ ഞങ്ങളറിയുന്നു. നിന്റെ കൊച്ചനുജന്റെ അറ്റുപോയ കൈകൾ മറവ് ചെയ്യപ്പെട്ടത് ഗാസയിലെ ഖബരിടത്തിലല്ല, ഞങ്ങളുടെ നെഞ്ചകങ്ങളിലാണ്. മൂന്നു പൈതങ്ങളുടെ വിശ്രമസ്ഥാനവും ഞങ്ങളുടെ ഹൃദയങ്ങളാണ്.. നിങ്ങളെ മറന്നുറങ്ങാൻ ഞങ്ങൾക്കാവില്ല മലർവാൻ..കാരണം ഞങ്ങൾ മനുഷ്യരാണ്.
നിങ്ങൾ ഫലസ്തീൻ കുഞ്ഞുങ്ങളുടെ ഉറക്കിനും സ്വപ്നത്തിനും കാവലിരിക്കാൻ മാത്റം സമീപസ്ഥരല്ല ഞങ്ങളെങ്കിലും മനസ്സ് കൊണ്ടും പ്രാർത്ഥന കൊണ്ടും ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ..ഗസ്സയിൽ ഓരോ കുഞ്ഞ് ചോരയിൽ കുതിർന്നു വീഴുംപോഴും ഞങ്ങളുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിപ്പോകുന്നു. കണ്ണുകൾഈറനണിയുന്നു.കരയാതിരിക്കാനാകുന്നില്ല ഞങ്ങൾക്ക്.
അവിടെ കരിഞ്ഞു വീണ ഓരോ കുരുന്നുകളുടെയും ഓർമകൾക്ക് മുമ്പിൽ പ്രാർത്ഥനാപൂർവ്വം ഒരു പൂവ് വെക്കുന്നു..+
കടപ്പാട്
Muhammad Ali Kinalur
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ