2014 ജൂലൈ 30, ബുധനാഴ്‌ച

കച്ചവടക്കാരുടെ സകാത്ത്‌

കച്ചവടം കച്ചവ വസ്തുക്കള്‍ക്കാണ് സകാത്ത് നിര്‍ബന്ധമാവുന്നത്. കടയിലെ സംവിധാനങ്ങള്‍ സകാത്തില്‍ നിന്നൊഴിവാണ്. വര്‍ഷാവര്‍ഷം രണ്ടര ശതമാനം സകാത്താണ് നല്‍കേണ്ടത്. കച്ചവടോദ്ദേശ്യത്തോടെ വില നല്‍കി വാങ്ങുന്ന ചരക്കുകള്‍ക്കാണ് കച്ചവടത്തിന്റെ സകാത്ത് ബാധകമാവുക. തന്റെ കൈവശമുള്ള സ്വത്ത് കച്ചവടത്തിനായി തീരുമാനിച്ചാല്‍ അതും കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. എന്നാല്‍ കച്ചവടത്തിന് തീരുമാനിച്ച വസ്തുക്കള്‍ മറ്റൊരാവശ്യത്തിന് മാറ്റിവെച്ചാല്‍ അവ സകാത്തില്‍ നിന്നൊഴിവാകും. കച്ചവടം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവാനുള്ള സംഖ്യക്കുള്ള വസ്തുക്കള്‍ സ്റ്റോക്കുണ്ടെങ്കിലാണ് സകാത്ത് നല്‍കേണ്ടത്. ബിസിനസ് വിഷയത്തില്‍ നിന്നും മാറ്റിവെച്ച സംഖ്യക്ക് പണത്തിന്റെ സകാത്താണ് ബാധകമാവുക. അപ്പോള്‍ രണ്ടിനും വെവ്വേറെ വര്‍ഷങ്ങളാണ് കണക്കാക്കേണ്ടത്. കച്ചവട വസ്തുക്കള്‍ ചെറുതും വലുതും സ്ഥാവരവും ജംഗമവുമെല്ലാം കച്ചവടത്തിന് എന്നു തീരുമാനിക്കുന്നതോടെ വസ്തു എന്ന പരിഗണന നഷ്ടപ്പെട്ടു. അവ കച്ചവടച്ചരക്കിന്റെ പരിധിയില്‍ വരും. ആ നിലക്ക് സകാത്ത് ബാധകമാവുകയും ചെയ്യും. കച്ചവടത്തിനായി നീക്കിവെച്ചതില്‍ സകാത്തുണ്ടെന്നതാണ് പൊതുവായ നിയമം. അടിസ്ഥാനപരമായി സകാത്ത് ബാധകമാവാത്ത ഭൂമി, വീട്, വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗ്രന്ഥങ്ങള്‍, തേങ്ങ, അടക്ക തുടങ്ങിയ വ്യത്യസ്ത തരം വസ്തുക്കള്‍, ജീവികള്‍ എന്നിവയൊക്കെ കച്ചവടത്തിന് എന്നു തീരുമാനിച്ചാല്‍ സകാത്തിന്റെ പരിധിയില്‍ വരും. സമുറ(റ) പറയുന്നു: വില്‍പനക്കുവേണ്ടി തയ്യാറാക്കപ്പെട്ടതില്‍ നിന്നെല്ലാം സകാത്ത് നല്‍കാന്‍ നബി(സ്വ) ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു (അബൂദാവൂദ്). ചില ജീവികളെ കുറിച്ച് സകാത്തില്ലെന്നു പറഞ്ഞത് കച്ചവടത്തിനു വേണ്ടിയുള്ളതല്ലെങ്കിലാണ് (മുഗ്നി). നബി(സ്വ) പറഞ്ഞത് അവയെ നേരിട്ട് സകാത്ത് ബാധിക്കില്ലെന്നാണ്. കച്ചവടത്തിനുള്ള വസ്തുക്കളെന്ന നിലയില്‍ സകാത്ത് ബാധകവുമാണ് (അല്‍ഹാവില്‍ കബീര്‍). കച്ചവടച്ചരക്കിന്റെ സകാത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരുമാന മാര്‍ഗങ്ങളിലും നിക്ഷേപങ്ങളിലും വ്യത്യസ്ത ഘട്ടങ്ങളില്‍ സകാത്ത് നല്‍കേണ്ട സ്ഥിതിയും വരുന്നു. അതിന്റെ കാരണം എല്ലാ സമയത്തും വില നിശ്ചയിക്കാന്‍ പ്രയാസമാണ് എന്നതാണ് (മുഗ്നി). വസ്തുക്കളുടെ വില്‍പന വില കണക്കാക്കി രണ്ടര ശതമാനം സകാത്ത് നല്‍കണം. കടപ്പാട് *******‌ അസീസ്‌മാഷ്‌ കൈതപ്പോയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ