2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

വിഷം തളിച്ച ചരിത്രപാളികളിൽ വീണുടയുന്ന സത്യങ്ങൾ

1998ല്‍ നമ്മോട് വിട പറഞ്ഞ പണ്ഡിതനും ചരിത്രകാരനുമായ ഡോ. ബിഷംഭര്‍ നാഥ് പാണ്ഡെ ശാഹിദിന്‍റെ ഓര്‍മയിലേക്ക് വീണ്ടും കടന്നുവരികയാണ്. കുരുന്നുഹൃദയങ്ങളില്‍ വൈരം വളര്‍ത്താന്‍ ആസൂത്രിതമായോ നിരുത്തരവാദപരമായോ നടത്തുന്ന മലീമസമായ ചരിത്രാഖ്യാനത്തിനെതിരെ താന്‍ ജീവിച്ച കാലഘട്ടത്തെ ജാഗരൂകനാക്കിയ മഹദ്വ്യക്തിത്വം നമ്മോടൊപ്പം ഉണ്ടായിരുന്നുവെങ്കില്‍ എന്നാശിച്ചുപോവുന്നു. ദീനനാഥ് ബാത്ര എന്ന വ്യാജചരിത്രകാരന്‍റെ ആധികാരിക ചരിത്രനിര്‍മിതിക്കായുള്ള ഇറങ്ങിപ്പുറപ്പാടോ യെല്ലപ്രഗത സുദര്‍ശന്‍ റാവുവിനെ പോലുള്ള പക്ഷപാതിയായ പണ്ഡിതന്മാരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് കൊണ്ടുവന്നതോ മാത്രമല്ല ആശങ്ക വിതക്കുന്നത്. സിബിഎസ്ഇ വിദ്യാലയങ്ങളിലൂടെയും വിദ്യാഭാരതി പോലുള്ള സ്വകാര്യപാഠശാലകളിലൂടെയും പുതിയ തലമുറയെ മസ്തികപ്രക്ഷാളനം നടത്താനുള്ള കൊണ്ടുപിടിച്ച നീക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നതിന്‍റെ നടുക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മെ തേടിയെടുത്തുന്നത്. ഇന്നലെയുടെ ഭൂതത്തെ കൊണ്ട് നാളെയുടെ ദുര്‍മോഹങ്ങളെ സാക്ഷാത്കരിക്കാനുള്ള ഹീന അജണ്ടയുമായി കാവി രാഷ്ട്രീയക്കാരും പക്ഷപാതികളായ ചരിത്രകാരന്മാരും അവര്‍ക്ക് ശിങ്കിടി പാടുന്ന മീഡിയയും ബൗദ്ധികാന്തരീക്ഷം വിഷമയമാക്കുമെന്നുറപ്പാണ്. സര്‍ക്കാര്‍ മെഷിനറി അതിനു സജ്ജമായിക്കഴിഞ്ഞു. നമ്മുടെ രാജ്യത്തിന്‍റെ ചരിത്രം ഇന്ന് നാട് ഭരിക്കുന്നവരുടെ ചിന്താപദ്ധതിക്കനുസൃതമായി തിരുത്തിയെഴുതാന്‍ ഒരുഭാഗത്ത് ഗഹനമായ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്പോള്‍, പാഠ്യപദ്ധതിയുടെ മറവില്‍ അനര്‍ഹരെയും വ്യാജമഹാന്മാരെയും ചരിത്രത്തിന്‍റെ ഭ്രമണപഥത്തിലേക്ക് തള്ളിക്കയറ്റാനുള്ള അറപ്പുളവാക്കുന്ന അഭ്യാസങ്ങള്‍ മറുഭാഗത്ത് ഇതു രണ്ടിനുമിടയില്‍ ചതഞ്ഞുമരിക്കുന്നത് സത്യങ്ങളാണ്. ആ സത്യങ്ങളെ വേണ്ടവിധം ഇതുവരെ പ്രകാശിതമാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തിയ ഒരു നിഷ്പക്ഷ പണ്ഡിതനെ ഓര്‍ത്തപ്പോഴാണ് ഡോ. ബി.എന്‍ പാണ്ഡെ നിനവിലേക്ക് ഓടിയടുത്തത്.

വിഷം തളിച്ച ചരിത്രം എത്ര അപകടകാരിയാണെന്ന് സമര്‍ഥിക്കാന്‍ അലഹബാദിലെ ആംഗ്ലോ ബംഗാളി കോളജില്‍ പഠിപ്പിക്കുന്ന ടെക്സ്റ്റ് ബുക്ക് അദ്ദേഹം ഉദാഹരിക്കുകയുണ്ടായി. ഇസ്ലാമിലേക്ക് മതംമാറാന്‍ ടിപ്പുസുല്‍ത്താന്‍ നിര്‍ബന്ധിച്ചത് കാരണം മൂവായിരം ബ്രാഹ്മണര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പുസ്തകത്തിലെ ഒരു പരാമര്‍ശം. കല്‍ക്കത്ത യൂനിവേഴ്സിറ്റിയിലെ സംസ്കൃത വകുപ്പ് തലവന്‍ ഡോ. ഹര്‍ പ്രസാദ് ശാസ്ത്രി ടിപ്പുവിനെ കുറിച്ച് രചിച്ചതായിരുന്നു ആ പുസ്തകം. ഏത് ചരിത്ര ഉറവിടങ്ങളെ ആസ്പദമാക്കിയാണ് ഇമ്മട്ടിലൊരു പുസ്തകംം രചിച്ചതെന്ന് പ്രൊഫ. പാണ്ഡെ ഡോ. ശാസ്ത്രിക്ക് കത്തയച്ചു ചോദിച്ചു. മൈസൂര്‍ ഗസറ്റില്‍നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ സംഭവം എഴുതിയതെന്നായിരുന്നു മറുപടി. മൈസൂര്‍ സര്‍വകലാശാല വി സിയും ഗസറ്റിയറുടെ പുതിയ പതിപ്പിന്‍റെ പത്രാധിപരുമായ സര്‍ ബ്രിജേന്ദ്രനാഥ് സീലിനോട് ഇതിന്‍റെ നിജസ്ഥിതി അറിയിക്കണമെന്ന് ഉടന്‍ പാണ്ഡെ അഭ്യര്‍ഥിച്ചു. ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ഗസറ്റില്‍ എവിടെയും പറയുന്നില്ലെന്നും അതേസമയം, ടിപ്പുസുല്‍ത്താന്‍ ഹിന്ദുക്കള്‍ക്ക് ചെയ്ത ഉപകാരങ്ങളെ കുറിച്ച് നിരവധി രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരണം നല്‍കി. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കേണല്‍ മൈല്‍സ് എന്ന ബ്രിട്ടീഷ് ചരിത്രകാരന്‍ എഴുതിയ ഹിസ്റ്ററി ഓഫ് മൈസൂര്‍ എന്ന പുസ്തകത്തില്‍നിന്നാണ് ശാസ്ത്രി ഈ കെട്ടുകഥ എടുത്തുദ്ധരിച്ചതെന്ന് വ്യക്തമായത്. വിക്റ്റോറിയ രാജ്ഞിയുടെ സ്വന്തം ലൈബ്രറിയില്‍ സൂക്ഷിച്ച അപൂര്‍വ പേര്‍ഷ്യന്‍ കൈയെഴുത്ത് രേഖകളില്‍നിന്നാണ് തനിക്ക് ഈ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചതെന്നായിരുന്നുവത്രെ കേണല്‍ മൈല്‍സിന്‍റെ വാദം. ക്വീന്‍ വിക്ടോറിയ ലൈബ്രറിയില്‍ അങ്ങനെയൊരു ചരിത്രരേഖ ഇല്ലെന്ന് ഡോ. പാണ്ഡെയുടെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടു. സത്യം വെളിപ്പെടുന്പോഴേക്കും ഞെട്ടിപ്പിക്കുന്ന ഒരു സത്യം അദ്ദേഹത്തിനു മനസ്സിലായി. രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍, അസം, ബംഗാള്‍, ബിഹാര്‍, ഒറീസ, യൂ.പി, രാജസ്ഥാന്‍, മധ്യപ്രദേശ് ഈ ചരിത്രപുസ്തകം ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഉടന്‍ കല്‍ക്കത്ത യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സര്‍ അഷ്തോഷ് ചൗധരിക്ക് തന്‍റെ കത്തിടപാടുകളുടെ വിവരങ്ങള്‍ മുഴുവന്‍ വെച്ച് കത്തയച്ചപ്പോള്‍ വിവാദപുസ്തകം പടിക്കുപുറത്തായി. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷവും യുപിയില്‍ ഈ വിഷലിപ്ത ചരിത്രത്താളുകള്‍ കുഞ്ഞുങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുന്നുണ്ടായിരുന്നു.

പോയകാലത്തിന്‍റെ വഴിത്താരകളിലേക്ക് വെളിച്ചം വീശുന്ന ചരിത്രത്തിന്‍റെ മറവില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ മുന്പില്‍ വിളന്പുന്നത് അബദ്ധങ്ങളും അര്‍ധസത്യങ്ങളും വ്യാജനിര്‍മിതികളുമാണ്. അവ വരുംതലമുറയുടെ മനോമുകുരങ്ങളില്‍ എന്തുമാത്രം വികലചിന്തകള്‍ക്ക് കാരണമാകുമെന്ന് ആരും വ്യാകുലപ്പെടുന്നില്ല. ഏതെങ്കിലുമൊരു ജനവിഭാഗത്തെ കുറിച്ച് തീര്‍ത്തും തെറ്റായ ഇമേജ് പകര്‍ന്നുനല്‍കുന്നതിന് വഴിവെക്കുന്ന അസത്യങ്ങള്‍ നിരത്തുന്പോള്‍ ഒരുതലമുറയെയാണ് ഇവര്‍ പിഴപ്പിക്കുന്നതെന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നു. ചരിത്രയാഥാര്‍ഥ്യങ്ങളെ വക്രീകരിച്ചു കാണിക്കുന്നത് തങ്ങളുടെ സങ്കുചിത അജണ്ട യുടെ പ്രയോഗവത്കരണത്തിനാണ്. ജാതിവ്യവസ്ഥയെ കുറിച്ച് ആര്‍എസ്എസ് അടുത്തകാലത്തായി പചരിപ്പിച്ചുകൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങള്‍ തീര്‍ത്തും യഥാര്‍ഥ ചരിത്രത്തിന്‍റെ അട്ടിമറിയാണ്. ഇന്ത്യയുടെ പോയകാലത്തെ സാമൂഹികവ്യവസ്ഥയെ തന്നെ തകിടംമറിക്കുന്ന ഈ സിദ്ധാന്തങ്ങള്‍ ആസൂത്രിതമായി ചുട്ടെടുത്തവയാണ്. സംഘ്ബുദ്ധിജീവിയും വക്താവുമായ വിജയ് സോങ്കര്‍ ശാസ്ത്രി രചിച്ച ഹിന്ദു ചര്‍മകള്‍ജാതി, ഹിന്ദുഖാതിക് ജാതി, ഹിന്ദുവാല്‍മീകി ജാതി എന്നീ പുസ്തകങ്ങള്‍ ഊന്നല്‍ നല്‍കുന്നത് ഹിന്ദുസാമൂഹിക വ്യവസ്ഥയില്‍ ദലിതുകളോ ഉപജാതികളോ ഉണ്ടായിരുന്നില്ലെന്നും അധിനിവേശകരായ മുസ്ലിം ഭരണകര്‍ത്താക്കളാണ് ഇവ സൃഷ്ടിച്ചെടുത്തതെന്നുമാണ്. ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ഭഗവത് ആണ് ഈ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത് എന്നതില്‍നിന്നു തന്നെ അദ്ദേഹത്തിന്‍റെ ആശീര്‍വാദത്തിലാണ് ഇവ രചിക്കപ്പെട്ടതെന്ന് വ്യക്തമാവുന്നു. എല്ലാ ഹിന്ദുക്കള്‍ക്കും എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും പ്രവേശനം ലഭിക്കുന്ന ഏകീകൃത ഹിന്ദുസ്വത്വം അജണ്ടയായി ഏറ്റെടുത്തു അരങ്ങത്തും അണിയറയിലും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനിടയിലാണ് ചരിത്രത്തെ കൊഞ്ഞനം കുത്തിയ പുതിയ നീക്കങ്ങളെന്നത് ആരെയും അദ്ഭുതപ്പെടുത്തില്ല.

ജാതി സന്പ്രദായത്തിന്‍റെ അടിവേര് മനുസ്മൃതിയില്‍ കാണാം. ബ്രാഹ്മണന്‍ ശിരസ്സാണെങ്കില്‍ ശൂദ്രന്‍ പാദങ്ങളാണെന്ന് മനു രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ദലിതുകള്‍ ചാതുര്‍വര്‍ണവ്യവസ്ഥക്ക് പുറത്താണ്. അവരെ മനുഷ്യരായി പോലും പൗരാണിക ഹിന്ദുസമൂഹം കണ്ടിരുന്നില്ല. അധിനിവേശ, വിദേശ ശക്തികളെല്ലാം ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി ഉച്ചനീചത്വങ്ങള്‍ കണ്ട് ഞെട്ടിയിട്ടുണ്ട്. ഇവിടെ ബുദ്ധ,ജൈന, സിഖു മതങ്ങള്‍ ഉടലെടുത്തത് ജാതി സൃഷ്ടിച്ച അസമത്വത്തിനെതിരെ സാഹോദര്യത്തിന്‍റെ സന്ദേശമുയര്‍ത്തിയാണ്. എന്നാല്‍, ഇത്തരം പുരോഗമന ശക്തികളെ നേരിടുകയോ നശിപ്പിക്കുകയോ ചെയ്ത പാരന്പര്യമാണ് ഹിന്ദുമതത്തിലെ സവര്‍ണമേലാളന്മാര്‍ക്കുള്ളത്. ഈ യാഥാര്‍ഥ്യത്തെ അടിവരിയിട്ടുകൊണ്ട് ഒരു ചരിത്രകാരന്‍ ഓര്‍മിപ്പിക്കുന്നത് കാണുക: മൗര്യസാമ്രാജ്യ അധഃപതനം രാഷ്ട്രീയരംഗത്തെ മാത്രമല്ല, സാമൂഹ്യവും മതപരവും ആയ സാംസ്കാരിക രംഗത്തെയും കീഴ്മേല്‍ മറിച്ചു. ബുദ്ധന്‍ കടപുഴക്കിയെറിഞ്ഞ ഉപനിഷദ് സദാചാരമൂല്യങ്ങള്‍ ശിഥിലമായിത്തീര്‍ന്നു. ജനങ്ങള്‍ക്ക് വൈദികമൂല്യങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു. എന്നാല്‍, പുതിയ സാമൂഹ്യവ്യവസ്ഥക്കുപകരിക്കുന്ന സുദൃഢമായ മൂല്യബോധം സമൂഹത്തിനു സംഭാവന ചെയ്യാന്‍ ബുദ്ധനോ മറ്റു ചിന്തകര്‍ക്കോ കഴിഞ്ഞില്ല. ബുദ്ധമതം പോലും താമസിയാതെ ക്ഷയിച്ച് ജീര്‍ണമാവുകയാണുണ്ടായത്. മാത്രമല്ല, ഈ പുതിയ സാംസ്കാരിക അധഃപതനത്തെ ഒന്നുകൂടി മൂര്‍ഛിപ്പിക്കുവാന്‍ കുശാനന്മാരുടെയും ഗ്രീക്കുകാരുടെയും സാകന്‍മാരുടെയും മറ്റും ആക്രമണങ്ങള്‍ ഇടയാക്കി. കുശാനന്മാരുടെയും സാകന്‍മാരുടെയും ഗ്രീക്കുകാരുടെയും വിജയം പ്രസ്തുത വംശക്കാരുടെ വന്‍തോതിലുള്ള നുഴഞ്ഞുകയറ്റത്തനിടവരുത്തി… ബുദ്ധന്‍ കടപുഴക്കിയെറിഞ്ഞ ചാതുര്‍വര്‍ണവ്യവസ്ഥയെ കുശാനന്മാരും സാകന്മാരും മറ്റും ചേര്‍ന്ന് കശക്കിയെറിഞ്ഞു. വര്‍ണസങ്കരം സര്‍വസാധാരണമായിത്തീര്‍ന്നു. സ്മൃതിഗ്രന്ഥങ്ങളും വര്‍ണനീതിയുടെ വൈതാളികന്മാരും ഉള്‍ക്കിടിലത്തോടെ മാത്രം നോക്കിക്കാണുകയും കര്‍ശനമായി താക്കീതുചെയ്യുകയും ചെയ്തിരുന്ന വര്‍ണസങ്കരമെന്ന കൊടിയ വിപത്തിനെതിരെ, അധര്‍മത്തിനെതിരെ ശക്തമായ പ്രതിരോധനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. ചരിത്രപരമായ ഈ അനിവാര്യതയിലാണ് ഭഗവത്ഗീത എഴുതപ്പെട്ടത്. അത് ഏറ്റെടുത്ത ചരിത്രപരമായ ദൗത്യവും മറ്റൊന്നായിരുന്നില്ല. വര്‍ണസങ്കരത്തെ ഇല്ലാതാക്കി ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ നിലനില്‍പ് അഭംഗുരം തുടരാന്‍ വേണ്ട സാഹചര്യമൊരുക്കുക. അതായിരുന്നു ഭഗവത്ഗീതയുടെ മുഖ്യദൗത്യം. ( ഹിന്ദു സത്യവും മിഥ്യയുംഡോ. ധര്‍മരാജ് അടാട്ട് ).

അവസാനം പഴി അധിനിവേശ ശക്തികള്‍ക്കാണ് വിശിഷ്യാ മുസ്ലിംകള്‍ക്കും. മധ്യകാല മുസ്ലിം ഭരണത്തില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും നേരെയുണ്ടായ അതിക്രമങ്ങളുടെ ഫലമായാണ് പിന്നാക്ക ജാതികളായ വാല്‍മീകിയും സുദര്‍ശനും മറ്റു ഉപജാതികളുമൊക്കെയുണ്ടായതെന്നാണ് പുതിയ കണ്ടുപിടിത്തം. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്? സവര്‍ണ മേധാവിത്വത്തിന്‍റെ ക്രൂരനുകങ്ങള്‍ക്ക് കീഴില്‍ ചവിട്ടിമെതിക്കപ്പെട്ട കീഴാള , അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് മോചനത്തിന്‍റെ വാതായനങ്ങള്‍ തുറന്നുകൊടുത്തുകൊണ്ട് ഇസ്ലാമിക സമൂഹം കടന്നുവന്നതാണ് ജാതിവ്യവസ്ഥക്ക് ഏറ്റ കനത്ത പ്രഹരം. ഉമവീ ഭരണകൂടത്തിലെ ഗവര്‍ണര്‍ ഹജ്ജാജ്ബ്നു യൂസുഫിന്‍റെ പടനായകന്‍ മുഹമ്മദ് ബിന്‍ ഖാസിം സിന്ധില്‍ കാല് കുത്തിയപ്പോള്‍ അദ്ദേഹത്തിനു സര്‍വപിന്തുണയും ഇരുകൈ നീട്ടി നല്‍കിയത് അവിടുത്തെ അവര്‍ണരും ബുദ്ധജൈവവിഭാഗങ്ങളുമായിരുന്നു. ബ്രാഹ്മണ രാജാവ് ദാഹിറിന്‍റെ കൊടിയ പീഡനങ്ങള്‍ സഹിക്കവയ്യാതെ മാറ്റത്തിനു കാത്തിരിക്കുന്പോഴായിരുന്നു മുസ്ലിം സൈന്യത്തിന്‍റെ ആഗമം. ലോകമുസ്ലിംകളുടെ മൂന്നിലൊന്ന് ജീവിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ്. മുസ്ലിം ജനസംഖ്യവര്‍ധിപ്പിക്കാന്‍ ഏതെങ്കിലും മുസ്ലിം ഭരണാധികാരി മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതായി തെളിയിക്കാന്‍ സാധിക്കില്ല. ഇസ്ലാമിന്‍റെ സമത്വഭാവവും മുസ്ലിംകളുടെ സാഹോദര്യ ജീവിതകാഴ്ചപ്പാടും സാമാന്യജനത്തെ അതിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. എന്നാല്‍, ആര്‍.എസ്.എസിന്‍റെ കീഴിലുള്ള വിദ്യാഭാരതിയുടെ പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്നത് മുസ്ലിംകള്‍ വിദേശത്തുനിന്ന് എത്തിയ അക്രമകാരികളും ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ലക്ഷക്കണക്കിന് ഹൈന്ദവവിശ്വാസികളെ കൂട്ടക്കൊല ചെയ്തവരുമാണെന്നാണ്. സുല്‍ത്താന്‍മാരില്‍ ഏതെങ്കിലും ഭരണാധികാരിയെ വര്‍ഗീയവാദിയെന്ന് ചിത്രീകരിക്കാന്‍ സാധിക്കുമോ? മുഗിള രാജാക്കന്മാരുടെ സത്യസന്ധമായ ചരിത്രം കൊണ്ടുകൊടുപ്പിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റേതുമാണെന്നതിനാല്‍ ആരെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ടാണ് എല്ലാ തിന്മകളുടെയും മതഭ്രാന്തിന്‍റെയും പ്രതീകമായി ചക്രവര്‍ത്തി ഔറംഗസീബിനെ ഇകഴ്ത്തിക്കാട്ടുന്നത്. എളിയജീവിതം നയിച്ച, എല്ലാ വിഭാഗങ്ങളോടും നീതിപൂര്‍വം പെരുമാറാന്‍ പരമാവധി പ്രയത്നിച്ച ഈ മുഗിളഭരണാധികാരിയെ എന്‍.സി.ആര്‍.ടി.ഇയുടെ സ്കൂള്‍ പാഠപുസ്തകത്തില്‍ നികൃഷ്ടമായല്ലാതെ ചിത്രീകരിച്ചുകാണാനാകുന്നില്ല.

പ്രൊഫ. ബി എന്‍ പാണ്ഡെ ഔറംഗസീബുമായി ബന്ധപ്പെട്ട തന്‍റെ അനുഭവം ഇസ്ലാം ആന്‍റ്ഇന്ത്യന്‍ കള്‍ച്ചര്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത് ആ മനുഷ്യനെ കുറിച്ച് എന്തുമാത്രം കള്ളപ്രചാരണങ്ങളാണ് ചരിത്രപുസ്തകങ്ങളില്‍ സ്ഥലം പിടിച്ചിരിക്കുന്നതെന്ന് എടുത്തുകാട്ടാനാണ്. പാണ്ഡെ അലഹബാദ് മുനിസിപ്പാലിറ്റി ചെയര്‍മാനായിരിക്കെ രണ്ടു ക്ഷേത്രങ്ങള്‍ തമ്മിലുള്ള സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് ഔറംഗസീബ് പുറപ്പെടുവിച്ച ഫിര്‍മാന്‍ (രാജകീയ ഉത്തരവ് )ഹാജരാക്കപ്പെട്ടുവത്രെ. ക്ഷേത്രപരിപാലനത്തിന് വാര്‍ഷിക സഹായം കൂടാതെ ഭൂമിയും ദാനം ചെയ്തതിന്‍റെ രേഖയായിരുന്നു അത്. ഔറംഗസീബിനു ഇങ്ങനെയുമൊരു മുഖമോ എന്ന് വിസ്മയത്തോടെ ഫിറാമന്‍റെ ആധികാരിത ഉറപ്പുവരുത്താന്‍ പ്രമുഖ അഭിഭാഷകനും ഉര്‍ദുപേര്‍ഷ്യന്‍ പണ്ഡിതനുമായ സര്‍ തേജ് ബഹാദൂര്‍ സപ്രുവിന്‍റെ മുന്നില്‍ ഹാജരാക്കി. രേഖ അസലാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അതോടെ പ്രഫ. പാണ്ഡെയിലെ ചരിത്രകാരന്‍ സടകുടഞ്ഞെഴുന്നേറ്റു. ഔറംഗസീബിന്‍റെ കാലഘട്ടത്തില്‍ വിതരണം ചെയ്ത ഫിറാമനുകളുടെ ഫോട്ടോ കോപ്പി അയച്ചുകൊടുക്കാന്‍ എല്ലാ ക്ഷേത്രപൂജാരികള്‍ക്കും കത്തയച്ചു. ആശ്ചര്യകരമെന്നേ പറയേണ്ടൂ 1659നും 85നും ഇടക്ക് പുറപ്പെടുവിച്ച നൂറുകണക്കിനു ഉത്തരവുകളുടെ കോപ്പിയാണ് പാണ്ഡെയെ തേടിയെത്തിയത്. ഹിന്ദുക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല, ബുദ്ധ,ജൈന, സിഖ് ആരാധനാലയങ്ങള്‍ക്കും ജാഗിറുകള്‍ (കൃഷിയോഗ്യമായ ഭൂമി) നല്‍കിയതായാണ് ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. മുസ്ലിം പ്രജകളോടുള്ള അതേ സ്നേഹവാല്‍സല്യത്തോടെയാണ് മുസ്ലിമേതര വിഭാഗങ്ങളോടും അദ്ദേഹം പെരുമാറിയതെന്ന് അതോടെ തെളിഞ്ഞു. എന്നിട്ടും എന്തുകൊണ്ട് ഔറംഗസീബ് മതമൗലികവാദിയും ക്രൂരനും ക്ഷേത്രധ്വംസകനുമായി ചിത്രീകരിക്കപ്പെട്ടു എന്നന്വേഷണത്തില്‍ ചില വസ്തുതകള്‍ പുറത്തുവന്നു. ബംഗാളിലേക്കുള്ള യാത്രയില്‍ ചക്രവര്‍ത്തിയും കുടുംബവും വാരാണസിയില്‍( കാശിയില്‍) എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പുമുണ്ടായിരുന്ന ഹിന്ദുനാട്ടുരാജാക്കന്മാര്‍, ഒരുകാര്യമുണര്‍ത്തി. ഒരുദിവസം ഇവിടെ തങ്ങുകയാണെങ്കില്‍ തങ്ങളുടെ റാണിമാര്‍ക്ക്് ഗംഗയില്‍ പുണ്യസ്നാനം നടത്തുകയും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്യാമായിരുന്നു. കേള്‍ക്കേണ്ട താമസം, ചക്രവര്‍ത്തി സമ്മതിച്ചു. ചക്രവര്‍ത്തിയും പരിവാരവും കടന്നുപോവുന്ന വഴിയില്‍ അഞ്ച് നാഴികയോളം പട്ടാളത്തെ വിന്യസിച്ചിരുന്നു. റാണിമാര്‍ ഗംഗാസ്നാനം കഴിഞ്ഞ് കാശി വിശ്വനാഥക്ഷേത്രത്തില്‍ പോയി പൂജ നടത്തി തിരിച്ചെത്തി. എന്നാല്‍, കച്ചിലെ റാണിയെ മാത്രം കാണാനില്ല. വിവരമറിഞ്ഞ ഔറംസീബ് രോഷാകുലനായി. മുതിര്‍ന്ന ഉദ്യോഗസ്ഥരെ റാണിയെ തെരയാന്‍ അയച്ചു. അന്വേഷണത്തില്‍ ക്ഷേത്രത്തിലെ കൂറ്റന്‍ ഹനുമാന്‍ പ്രതിമ നീക്കം ചെയ്യാവുന്നതാണെന്ന് കണ്ടെത്തി. അത് നീക്കിയപ്പോള്‍ നിലവറയിലേക്കാണ് ഇറങ്ങിച്ചെല്ലുന്നതെന്നും പിടികിട്ടി. നിലവറയിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. വിവസ്ത്രയാക്കപ്പെട്ട റാണിയുടെ മുഴുവന്‍ ആഭരണങ്ങളും കവര്‍ന്നിരുന്നു. മാനഭംഗത്തിന് ഇരയാക്കപ്പെട്ട റാണിയെ ഒളിപ്പിച്ചിരിക്കുന്നത് വിശ്വനാഥവിഗ്രഹത്തിന്‍റെ നേരെ താഴെ തട്ടിലാണ്. ഇതറിഞ്ഞ ചക്രവര്‍ത്തി വിഗ്രഹം അവിടെനിന്ന് മറ്റൊരിടത്ത് പ്രതിഷ്ഠിക്കാനും അശുദ്ധമാക്കപ്പെട്ട ആ ക്ഷേത്രം ഇടിച്ചുനിരപ്പാക്കാനും ആവശ്യപ്പെട്ടു. മാത്രമല്ല, മുഖ്യപുരോഹിതനെ അറസ്റ്റ് ചെയ്തു ഹാജരാക്കാനും കല്‍പിച്ചു. പരിവാരത്തിലുണ്ടായിരുന്ന ഹിന്ദുരാജാക്കന്മാര്‍ക്ക് ചക്രവര്‍ത്തിയുടെ ഈ നടപടിയില്‍ വലിയ മതിപ്പുണ്ടായി. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് പില്‍ക്കാല ചരിത്രകാരന്മാരെല്ലാം ഔറംഗസീബ് അന്പലംപൊളിയനാണെന്ന് പ്രചരിപ്പിച്ചത്. ഈ വികൃതമാക്കപ്പെട്ട ചരിത്രമാണ് ഇപ്പോഴും ഉത്തരേന്ത്യയിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നീതിമാനും വിശാലഹൃദയനുമായ ഒരു ഭരണാധികാരിയോട് ഇതിലപ്പുറം എന്തുക്രൂരതയാണ് കാട്ടാന്‍ സാധിക്കുക. ആര്‍.എസ്.എസും മറ്റു വര്‍ഗീയ വിചാരധാരകളും ഏതു ക്രൂരനെയും ഉപമിക്കാറ് ഔറംഗസീബിനോടാണ്.

(തുടരും )

ശാഹിദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ