കൊലപാതക കേസില്‍ റൈഹാനെ ജബ്ബാരി എന്ന യുവതി ഇറാനില്‍ തൂക്കിലേറ്റപ്പെട്ട സംഭവത്തെ ആരാജ്യത്തിന്‍െറ നീതിപീഠത്തിന്‍െറ ക്രൂരപീഡനമായി ചിത്രീകരിച്ച മാധ്യമങ്ങള്‍ സത്യത്തില്‍ യാഥാര്‍ഥ്യങ്ങളെ തമസ്കരിക്കുകയായിരുന്നു. ലോക ശ്രദ്ധ കവര്‍ന്ന ആ വാര്‍ത്തക്കു പിന്നിലെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍ വായനക്കാരുമായി പങ്കുവെക്കാാന്‍ ആഗ്രഹിക്കുന്നു.
പ്രചാരത്തിലുള്ള റിപ്പോര്‍ട്ട്
ഏഴു വര്‍ഷം മുമ്പ് സംഭവം നടക്കുമ്പോള്‍ റൈഹാനെ ജബ്ബാരി വെറും 19 വയസ്സുമാത്രം പ്രായമുള്ള ജൂനിയര്‍ ഇന്‍റീരിയര്‍ ഡിസൈനറായിരുന്നു. മുര്‍തസ സര്‍ബന്ദി എന്ന മുന്‍ ഇറാനിയന്‍ ഇന്‍റലിജന്‍സ് ഓഫിസറും ഡോക്ടറുമായിരുന്ന കൊലചെയ്യപ്പെട്ട വ്യക്തി തന്‍െറ ഓഫിസ് മോടിപിടിപ്പിക്കുന്നതിന് റൈഹാനെയുടെ സഹായം ആവശ്യപ്പെടുന്നു. റൈഹാനെയെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയ സര്‍ബന്ദി വഴിമധ്യേ വണ്ടി നിര്‍ത്തി ചില മരുന്നുകള്‍ വാങ്ങുന്നു. സര്‍ബന്ദിയുടെ ഫ്ളാറ്റില്‍ എത്തിയശേഷം അയാള്‍ വാതില്‍ പൂട്ടുന്നു. തുടര്‍ന്ന് അയാള്‍ റൈഹാനെയെ ആക്രമിക്കാന്‍ തുടങ്ങുന്നു. സ്വയംരക്ഷക്കായി റൈഹാനെ ബാഗിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സര്‍ബന്ദിയെ ആക്രമിക്കുന്നു. സര്‍ബന്ദിയുടെ തോളില്‍ മുറിവേല്‍പിച്ചതിന്‍െറ ഫലമായി സര്‍ബന്ദി മരണപ്പെടുന്നു. ഇപ്പോള്‍ 2014ല്‍ 26 വയസ്സ് പ്രായമുള്ള റൈഹാനെ സ്വയംരക്ഷക്കായി തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചയാളെ കൊന്നതിന് വധശിക്ഷ ലഭിക്കുന്നു.
ന്യായാധിപന്‍െറ വ്യാഖ്യാനം
തര്‍ദസ്ത് എന്നു പേരായുള്ള ഇറാനിയന്‍ ന്യായാധിപനാണ്, റൈഹാനയുടെ കേസില്‍ വാദം കേട്ടിരുന്നത്. വിരമിച്ചു. ഒരു ഇറാനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തര്‍ദസ്ത് കേസിന്‍െറ വിശദാംശങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കേസിന്‍െറ പ്രത്യേകത മാനിച്ചും റൈഹാനെയുടെ പ്രായവും സ്ത്രീയാണ് എന്നതും അടിസ്ഥാനപ്പെടുത്തി കേസ് അതീവ ശ്രദ്ധയോടെയാണ് അന്വേഷണം നടത്തിയതും വാദം കേട്ടതും. വാദം കേള്‍ക്കാനായി അഞ്ച് ന്യായാധിപന്മാരെ നിയമിച്ചിരുന്നു. 24 പേജ് വരുന്ന വിധി 13 സുപ്രസിദ്ധരായ ന്യായാധിപന്മാരുടെ പരിശോധനക്ക് വിധേയമാക്കി. വിധിയില്‍ മേല്‍പറഞ്ഞ 13 പേരും ഏകാഭിപ്രായത്തോടെയാണ് ഒപ്പുവെച്ചത്. കൊല്ലപ്പെട്ട വ്യക്തിയുമായി രക്ത ബന്ധമുള്ളവരുമായി കോടതി നിരന്തരം ഇടപെട്ടിരുന്നു. റൈഹാനക്ക് മാപ്പുനല്‍കാന്‍ നീനിത്യായ വകുപ്പ് ഇടപെട്ട് പലപ്പോഴും ശ്രമം നടത്തി. എന്നാല്‍, റൈഹാനെയുടെ പെരുമാറ്റരീതിയിലും പ്രതികരണത്തിലും അസംതൃപ്തരായ കുടുംബാംഗങ്ങള്‍ അതില്‍നിന്ന് പിന്മാറുകയാണ് ചെയ്തത്.
കേസിന്‍െറ പശ്ചാത്തലം
സംഭവം നടക്കുന്നതിന് എത്രയോ മുമ്പുതന്നെ റൈഹാനെ കൊലചെയ്യപ്പെട്ട വ്യക്തിയെ വധിക്കാന്‍ തീരുമാനമെടുത്തിരുന്നു. റൈഹാനെ തന്‍െറ കാമുകരില്‍ ഒരാള്‍ക്ക് സര്‍ബന്ദിയെ വധിക്കുമെന്ന് പറഞ്ഞ് മൊബൈല്‍ സന്ദശവും അയച്ചതായി അന്വേഷണത്തില്‍ കണ്ടത്തെുകയുണ്ടായി. തന്നോട് അപമര്യാദയായി പെരുമാറിയിരുന്ന തന്‍െറ പിതാവിനെ വധിക്കാനും റൈഹാനെ പദ്ധതിയിട്ടിരുന്നു എന്ന് റൈഹാനെ തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
വീട്ടിലേക്ക് ക്ഷണിച്ച ശേഷം സര്‍ബന്ദി കതകുപൂട്ടി എന്നാണു റൈഹാനെ മൊഴിനല്‍കിയത്. എന്നാല്‍, സര്‍ബന്ദിയെ കൊന്നശേഷം അനായാസം റൈഹാനെ ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. കതക് കുത്തിത്തുറന്നതായോ പൂട്ട് തകര്‍ത്തതായോ ഉള്ള ഒരു തെളിവുകളും അന്വേഷണസംഘത്തിന് കാണാന്‍ കഴിഞ്ഞില്ല. ഡോര്‍ ലോക് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് റൈഹാനെ പിന്നീട് മൊഴി മാറ്റി: ‘ഇല്ല’ എന്ന് മറുപടി പറഞ്ഞു. മരണവേദനയില്‍ ‘കള്ളി’ എന്ന് ആക്രോശിച്ചുകൊണ്ട് സര്‍ബന്ദി അവിടെയുണ്ടായിരുന്ന ഒരു കസേര റൈഹാനെയെ ലക്ഷ്യം വെച്ച് എറിഞ്ഞു എന്നും റൈഹാനെ കോടതിയില്‍ പറഞ്ഞു.
ലിഫ്റ്റ് വഴി താഴേക്ക് ഓടിയ റൈഹാനെയെ ഇഴഞ്ഞുകൊണ്ട് പിന്തുടര്‍ന്ന സര്‍ബന്ദി ഗോവണി വഴി ഇറങ്ങാന്‍ ശ്രമിച്ചത്രേ. ഇതിനിടയില്‍ രണ്ടാം നിലയിലത്തെിയപ്പോഴേക്കും അയാള്‍ മരണപ്പെട്ടു. ‘ഫ്ളാറ്റില്‍നിന്ന് ഓടിയ ശേഷം അടുത്തുള്ള വീഥിയില്‍ ഒളിച്ചു, ആംബുലന്‍സും പൊലീസും വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒരു ടാക്സി പിടിച്ചു വീട്ടിലേക്ക് പോയി’ ^റൈഹാനെ തുടര്‍ന്നു.
അഞ്ചു നിലയുള്ള ഒരു കെട്ടിടത്തിലാണ് സംഭവം നടന്നത്. ചെറിയ രീതിയില്‍ കരഞ്ഞാല്‍പോലും അതിലെ താമസക്കാര്‍ക്ക് അനായാസം കേള്‍ക്കാമായിരുന്നു. ബലാത്സംഗത്തിന്‍െറ ഇടയിലുണ്ടായേക്കാവുന്ന മല്‍പ്പിടിത്തത്തില്‍ റൈഹാനെ എന്തുകൊണ്ട് ഒച്ചവെച്ചില്ല? തങ്ങള്‍ ആകെ കേട്ട ശബ്ദം ഒരു കസേര ഫ്ളാറ്റിന്‍െറ ചുവരില്‍ വന്നടിക്കുന്നതായിരുന്നു എന്ന് അയല്‍വാസികള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.
കൊലക്ക് ആസ്പദമായ സംഭവം നടക്കുമ്പോള്‍ 19 വയസ്സുമാത്രമുണ്ടായിരുന്ന റൈഹാനെ സാധാരണ ഗതിയില്‍ തന്‍െറ ഒൗദ്യോഗിക ജീവിതത്തില്‍ തുടക്കക്കാരിമാത്രം ആയിരിക്കും. പേരെടുത്ത പല ഡിസൈനര്‍ സ്ഥാപനങ്ങളും ഉള്ള ഇറാന്‍പോലെയുള്ള ഒരു രാജ്യത്ത് റൈഹാനെയുടെ സേവനം തിരഞ്ഞെടുക്കാന്‍ സര്‍ബന്ദിയെ പ്രേരിപ്പിച്ചതെന്താണ്? സര്‍ബന്ദിയും റൈഹാനെയും ഒരു ഒൗദ്യോഗിക ബന്ധം മാത്രമാണോ ഉണ്ടായിരുന്നത്?
‘ഞാന്‍ അയാളെ (സര്‍ബന്ദിയെ) സേവിക്കാറുണ്ടായിരുന്നു, അതിനു എനിക്ക് പ്രതിഫലം (സമ്മാനം) ലഭിച്ചിരുന്നു’ എന്ന് റൈഹാനെ മൂന്നു തവണ മൊഴി നല്‍കിയിരുന്നു.
കാമുകനും പ്രതിശ്രുത വരനും കൂടാതെ മാനേജര്‍ ഉള്‍പ്പെടെ പലരുമായും റൈഹാനെ ശാരീരികബന്ധം തുടര്‍ന്നിരുന്നു എന്ന്, മൊബൈല്‍ സന്ദേശങ്ങളിലൂടെ അന്വേഷണ സംഘത്തിനു മനസ്സിലായിരുന്നു. ‘നീ മറ്റുള്ളവരുമായി കിടപ്പറ പങ്കിട്ടെയെന്നു മുതല്‍ നമ്മള്‍ പിരിഞ്ഞിരിക്കുന്നു... വൃത്തികെട്ടവളെ. ഇത് നിനക്കുള്ള എന്‍െറ അവസാനത്തെ എസ്.എം.എസ് ആണ്’ എന്ന സന്ദേശം റൈഹാനെയുടെ പ്രതിശ്രുത വരന്‍ അയച്ചിരുന്നതായി മൊബൈലില്‍നിന്ന് കണ്ടത്തെുകയുണ്ടായി.
എങ്ങനെയാണ് പരിചയപ്പെട്ടത് എന്ന് ചോദിച്ചപ്പോള്‍: വഴിയരികില്‍ വെച്ചാണ് ആദ്യമായി കണ്ടത് എന്നും, അയാള്‍ അപ്പോള്‍ ഒരു ടൊയോട്ട കാമറി കാറിലാണ് വന്നത് എന്നും, അയാളുടെ ക്ഷണപ്രകാരം കാറില്‍ കയറിയ ശേഷം മൊബൈല്‍ നമ്പറുകള്‍ കൈമാറി എന്നും റൈഹാനെ മൊഴി നല്‍കി. ഇരുവരുടെയും മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ അവര്‍ കൊലക്ക് ആസ്പദമായ സംഭവം നടക്കുന്നതിനു ഒരാഴ്ച മുമ്പുതന്നെ പലപ്പോഴായി ബന്ധപ്പെട്ടിരുന്നു എന്നും, വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. കൊല നടന്ന ദിവസം റൈഹാനെയെ കൊണ്ടുപോകാനായി സര്‍ബന്ദി കാറുമായി റൈഹാനെ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ എത്തി. റൈഹാനെ ആ കാറില്‍ കയറി പോയതായി റൈഹാനെയുടെ സഹപ്രവര്‍ത്തകര്‍ മൊഴിനല്‍കിയിരുന്നു. അയാള്‍ തന്‍െറ പിതാവിന്‍െറ സുഹൃത്താണ് എന്നാണു റൈഹാനെ അവരോടു പറഞ്ഞിരുന്നതത്രേ.
ഡോ. സര്‍ബന്ദി മെഡിക്കല്‍ ഉപകരണങ്ങളുടെ കച്ചവടം നടത്തിയിരുന്നു. ഇതിനു വേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഇനി പോകുമ്പോള്‍ തന്നെയും കൊണ്ടുപോകാം എന്ന് അയാള്‍ റൈഹാനെക്ക് വാക്കു നല്‍കിയിരുന്നു. എന്നാല്‍, സര്‍ബന്ദി വാക്കുപാലിച്ചിരുന്നില്ല. ഇതിന്‍െറ പേരില്‍ റൈഹാനെക്ക് അയാളോട് അമര്‍ഷവും ഉണ്ടായിരുന്നു. മാത്രമല്ല സര്‍ബന്ദിയുടെ കാര്‍ റൈഹാനെക്ക് അവളുടെ സുഹൃത്തുക്കളുമായി വിനോദയാത്രക്കുപോകാന്‍ ചോദിച്ചിരുന്നു.എന്നാല്‍ ഇവിടെയും അയാള്‍ വാക്കുപാലിച്ചില്ല. ഇതെല്ലാം സര്‍ബന്ദിയോടുള്ള പക വര്‍ധിക്കാന്‍ കാരണമായിരിക്കണം. അയാളെ ഞാന്‍ ഉടനെതന്നെ കൊല്ലും എന്ന് സര്‍ബന്ദിയെ വധിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്‍െറ സുഹൃത്തിന് മൊബൈല്‍ സന്ദേശം അയക്കാന്‍ പ്രേരിപ്പിച്ചതും. അയാളോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി പിറ്റേ ദിവസം സര്‍ബന്ദിയുമായി അയാളുടെ ഫ്ളാറ്റില്‍ ചെന്ന റൈഹാനെയോട് തന്‍െറ ശിരോവസ്ത്രം അഴിക്കാന്‍ സര്‍ബന്ദി ആവശ്യപ്പെട്ടു, പക്ഷേ, റൈഹാനെ അതിനു തയാറായില്ല.
ശേഷം അയാള്‍ പ്രാര്‍ഥിക്കാനായി അടുത്ത മുറിയില്‍ പോയത്രേ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റൈഹാനെ അയാളെ പിന്നില്‍നിന്ന് കുത്തിയത് എന്ന് റൈഹാനെ കോടതിയില്‍ പറയുകയുണ്ടായി. ഇത് ശരിയായിരിക്കാന്‍ സാധ്യതയുള്ളതായി നിസ്കാരത്തിന് ഉപയോഗിക്കുന്ന വിരിപ്പില്‍ കണ്ടത്തെിയ സര്‍ബന്ദിയുടെ ചോരത്തുള്ളികളില്‍നിന്ന് അന്വേഷണ സംഘം ഉറപ്പുവരുത്തി. മാത്രമല്ല സര്‍ബന്ദിക്ക് കുത്തേറ്റിരിക്കുന്നത് പിന്നില്‍ നിന്നാണ്, മുറിവുകളും ശരീരത്തിന്‍െറ പിന്‍വശത്താണ്, റൈഹാനെയുമായി തന്‍െറ ഫ്ളാറ്റിലേക്ക് വരുംവഴിയെ ഒരു ഫാര്‍മസിയില്‍ നിന്ന് Difnoxilat എന്ന മരുന്നും, ഗര്‍ഭ നിരോധന ഉറകളും വാങ്ങിയിരുന്നതായും അന്വേഷണ സംഘം കണ്ടത്തെിയിരുന്നു. മാത്രമല്ല ഈ ഗര്‍ഭനിരോധന ഉറകള്‍ പരസ്യമായി മേശപ്പുറത്തു വെച്ചിരുന്നതായി തെളിവെടുപ്പ് സംഘം കണ്ടത്തെി.
കൊല നടക്കുമ്പോള്‍ തന്നെ കൂടാതെ മറ്റൊരാള്‍ കൂടെ അവിടെ ഉണ്ടായിരുന്നു എന്ന് പലപ്പോഴായി കോടതിയില്‍ പറഞ്ഞ റൈഹാനെ ഒരിക്കല്‍പോലും അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ തയാറായില്ല. ആ അപരിചിതന് ഈ വധത്തിലുള്ള പങ്ക് എന്തായിരുന്നു?
‘ശാരീരികമായി പീഡിപ്പിക്കാന്‍ വന്ന വ്യക്തിയെ സ്വയംരക്ഷക്കായി വധിച്ചതിന്‍െറ പേരില്‍ റൈഹാനെക്ക് ഇറാനിയന്‍ കോടതി വധശിക്ഷ നടപ്പാക്കി’ ഇതായിരുന്നു പരക്കെ പടര്‍ന്ന മാധ്യമ വാര്‍ത്തകളില്‍ ഭൂരിഭാഗത്തിന്‍െറയും തലക്കെട്ട്. എന്നാല്‍, ഒരു ക്രൈം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്വീകരിക്കേണ്ട അടിസ്ഥാന നടപടികളും അന്വേഷണ രീതികളും കൈക്കൊള്ളാന്‍ ഒരു മാധ്യമവും തയാറായില്ല.
ഇറാനിയന്‍ നീതിപീഠത്തിന്‍െറ നിരന്തര അഭ്യര്‍ഥനമാനിച്ചുകൊണ്ട് റൈഹാനെക്ക് മാപ്പുനല്‍കാന്‍ ആദ്യം തീരുമാനിച്ച സര്‍ബന്ദിയുടെ കുടുംബം റൈഹാനെയില്‍ നിന്ന് രണ്ടു ചോദ്യത്തിനുള്ള മറുപടിയാണ് പകരം ആവശ്യപ്പെട്ടത്:
ഒന്ന്: സംഭവം നടക്കുമ്പോള്‍ തന്‍െറ കൂടെയുണ്ടായിരുന്ന മൂന്നാമന്‍ ആരായിരുന്നു? അയാളുടെ വിശദാംശങ്ങള്‍?
രണ്ട്: സര്‍ബന്ദിയെ കൊല്ലാനുള്ള യഥാര്‍ഥ കാരണം എന്തായിരുന്നു?
രണ്ടിനും ഉത്തരം നല്‍കാന്‍ റൈഹാനെ തയാറായിരുന്നില്ല!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ