ഗസ്സക്ക് വേണ്ടി ശബ്ദിച്ചവർ ഇറാഖിലെ യസീദി വിഭാഗത്തെ കാണാത്തതെന്തുകൊണ്ടാണെന്ന് ക്ഷോഭിക്കുന്നു ചിലർ. അവർക്കുള്ള എന്റെ മറുപടി ഇതാണ്: 1. ഇറാഖിലെ സംഘർഷത്തിൽ ഒരുപക്ഷത്ത് അമേരിക്കയാണ്. നുണകൾ പടച്ചുവിട്ടാണ് അമേരിക്ക ലോകത്തെവിടെയും അധിനിവേശം നടത്തിയത്. സദ്ദാം ഭരണകൂടത്തിനെതിരെ പ്രചരിപ്പിച്ച നുണകൾ ലോകം മറന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇറാഖിൽ നിന്ന് ഇപ്പോഴെത്തുന്ന വാർത്തകൾ വിശ്വസനീയമാകണമെന്നില്ല. അവയിൽ പലതും അമേരിക്കൻ സ്പോണ്‍സേട് വാർത്തകൾളാണ്. 2. ഗസ്സയിലേത് ഇസ്രയേൽ ഭരണകൂടം നേരിട്ട് നടത്തിയ നരഹത്യ ആയിരുന്നു. ഇറാഖിൽ ഒരു ഭ്രാന്തൻ സംഘമാണ് അക്രമം നടത്തുന്നത്. അവർക്ക് ഒരു ഭരണകൂടത്തിന്റെയും പിന്തുണയോ സഹായമോ ലഭിക്കുന്നില്ല. 3. ഗസ്സയിലെ മനുഷ്യര്ക്ക് വേണ്ടി നിലകൊള്ളാൻ ഒരു ഭരണകൂടവും ലോക നേതാവും ഉണ്ടായിരുന്നില്ല. യസീദികൾക്ക് സഹായമെത്തിക്കാനും അവര്ക്കായി കണ്ണീരൊഴുക്കാനും ഒബാമ മുതൽ ലോക നേതാക്കളുണ്ട്.യസീദികളെ സഹായിക്കാൻ പടിഞ്ഞാറൻ രാഷ്ട്രങ്ങൾ ഒന്നാകെയുണ്ട്. ഗസ്സയിലെ ജനങ്ങൾക്കൊപ്പം നില്ക്കാൻ പച്ചമനുഷ്യര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 4. ഗസ്സയിലെ ഇരകൾക്കൊപ്പം നില്ക്കുന്നതിനു പകരം ഇസ്രയേലിന് ആയുധങ്ങൾ നല്കി സഹായിക്കുകയാണ് അമേരിക്ക ചെയ്തത്. ലോകപൊലീസിന്റെ മൗനസമ്മതം നെതന്യാഹുവിന് ഉണ്ടായിരുന്നു. വേട്ടക്കാരന്റെ കൂട്ടിക്കൊടുപ്പുകാരായി പടിഞ്ഞാറ് മാറിയപ്പോൾ ലോകം ഗസ്സയുടെ കണ്ണീരൊപ്പാനിറങ്ങി. ഇറാഖിലെ സാഹചര്യം തുലോം വ്യത്യസ്തമാണ്. 5 . ഗസ്സയിൽ ഇസ്രയേൽ നടത്തിയത് അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട യുദ്ധകുറ്റമാണ്. ഇറാഖിലേത് ആഭ്യന്തര സംഘര്ഷത്തിന്റെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളാണ്. അങ്ങനെയൊരു അരക്ഷിതാവസ്ഥയിലെക്ക് ഇറാഖിനെ കൊണ്ടെത്തിച്ചതാകട്ടെ അമേരിക്കയും. അമേരിക്ക വിതച്ചത് ഐസിസ് കൊയ്യുന്നു. 6 . ഇറാഖിലെ എന്നല്ല, ലോകത്തെ ഒരു ഭീകര പ്രവർത്തനത്തെയും അംഗീകരിക്കാൻ മനുഷ്യത്വമുള്ളവർക്കാവില്ല. ഭീകരത മാനവികത്തെക്കെതിരായ യുദ്ധമാണ്. ഇക്കാര്യത്തിൽ മനുഷ്യ സ്നേഹികൾക്ക് അമേരിക്കയെ പോലെ ഇരട്ടത്താപ്പില്ലാത്തത് കൊണ്ടാണ് ഇറാഖിലെ ഭീകരതയെ വാക്ക് കൊണ്ട് പോലും ആരും പിന്തുണയ്ക്കാത്തത്. ഇറാഖിലുള്ളത് സദ്ദാമിന്റെ പോരാളികളാണെന്ന വി എസ് അചുതാനന്ദന്റെ പ്രസ്താവനക്ക് ആരും കയ്യടിക്കാതിരുന്നതും അതുകൊണ്ടാണ്. 7. യസീദികളെ മതം മാറാൻ ഐസിസ് നിർബന്ധിക്കുന്നു എന്ന് മീഡിയ റിപ്പോര്ട്ട് ചെയ്യുന്നു. ഇസ്ലാമിനോ മുസ്ലിം സംഘടനകൾക്കോ ഇക്കാര്യത്തിൽ ഉത്തരവാദിത്വമില്ല. മതം അടിച്ചേല്പിക്കപെടേ ണ്ടതാണ് എന്ന് ഇസ്ലാമിന് അഭിപ്രായമില്ലാത്തത് കൊണ്ട് തന്നെ ഇത്തരം വിവരക്കേടുകൾ ഇസ്ലാമിന്റെ മേൽ കെട്ടിവെക്കേണ്ടതില്ല. ഐസിസ് ഭീകരര് ഇറാഖിൽ നടത്തി കൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്ന ക്രൂരതകൾ ശരിയാണ് എന്ന് ഈ പറഞ്ഞതിന് അർഥമില്ല. ഗസ്സയിലെയും ഇറാഖിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ് എന്ന് വിശദീകരിചെന്നു മാത്രം. ഗസ്സയുടെ വേദനയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ആസൂത്രണം ചെയ്യപ്പെട്ട നാടകമാണോ ഇപ്പോൾ ഇറാഖിൽ നടന്നു കൊണ്ടിരിക്കുന്നത് എന്ന് പോലും ചിലരെങ്കിലും സംശയിക്കുന്നുണ്ട് എന്നതും കാണാതിരുന്നു കൂടാ.+
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ