പേര് കൊണ്ട് മുസ്‌ലിം ആയ നജ്മ ഹിബത്തുല്ല മോദി മന്ത്രിസഭയിലെ ഏക ന്യൂനപക്ഷ മുഖമാണ്. അവരൊരു ദേശീയ മുഖപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് എല്ലാ ഇന്ത്യക്കാരെയും ഹിന്ദുക്കളെന്നു വിളിക്കണമെന്ന ആര്‍ എസ് എസ് വീക്ഷണം അംഗീകരിച്ചുകൊണ്ട് സംസാരിച്ചത്. സംഗതി വിവാദമായപ്പോള്‍ അവര്‍ വീണിടത്തുകിടന്നുരുളുന്ന മട്ടില്‍ ചില നിസ്സാര തിരുത്തലുകള്‍ വരുത്തി മുഖം രക്ഷിക്കാന്‍ ഒരു ശ്രമം നടത്തി. സമാനമായ ഒരു നിലപാടാണ് കെ സി ബി സി അധ്യക്ഷന്‍ ക്ലിമീസ് കാതോലിക്ക ബാവ മോദിയുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നു നടത്തിയ പരസ്യ പ്രസ്താവനകള്‍. ഇത്തരം ചില വിവാദ വാര്‍ത്തകള്‍ വായനക്കാരുടെ ഓര്‍മയില്‍ നിന്ന് മായുന്നതിനു മുമ്പാണ് അലിഗഢില്‍ ക്രിസ്ത്യന്‍ പള്ളി സംഘപരിവാര്‍ പിടിച്ചെടുത്തതും അവിടെനിന്ന് കുരിശ് മാറ്റി ശിവന്റെ ചിത്രം പ്രതിഷ്ഠിച്ചതും. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ നിഴലില്‍ ഇനി ഇന്ത്യയിലെവിടെയൊക്കെ കുരിശിനു പകരം ത്രിശൂലവും ചന്ദ്രക്കലക്കു പകരം ചക്രായുധവും പ്രതിഷ്ഠിക്കപ്പെടുമെന്ന ആശങ്കയാണ് സമൂഹത്തില്‍ സൈ്വര ജീവിതം കാംക്ഷിക്കുന്ന ഇന്ത്യയിലെ സാധു മനുഷ്യരെ അലട്ടുന്നത്. ഇത് പരിഗണിക്കുമ്പോഴാണ് നജ്മ ഹിബത്തുല്ലയെപ്പോലെ, നാളെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്കു പോലും പരിഗണിക്കാന്‍ മതിയായ യോഗ്യതയുള്ള ഒരു മഹിള, സംഘപരിവാര്‍ ശക്തികളെ അവരുടെ വഴിപിഴച്ച നിഗമനങ്ങളില്‍ നിന്ന് തിരുത്തുന്നതിനു പകരം അവരുടെ കുഴലൂത്തുകാരിയായി തരം താണതിന്റെ അപകടം മനസ്സിലാക്കേണ്ടത്. ക്ലിമീസ് കാതോലിക്കായുടെ കാര്യവും മറിച്ചല്ല. സീറോ മലബാര്‍, സീറോ മലങ്കര തുടങ്ങിയ കേരളത്തിലെ കത്തോലിക്കാ സഭാവി ഭാഗങ്ങള്‍ അവരുടെ സവര്‍ണ പാരമ്പര്യങ്ങളില്‍ അന്ധമായി അഭിമാനം കൊള്ളുന്നവരും താന്‍ പിടിച്ച മുയലിനു രണ്ട് കൊമ്പെന്ന ശാഠ്യത്തില്‍ ഉറച്ചു നില്‍ക്കുന്നവരും ആണ്. അന്നന്നു വാഴുന്ന തമ്പുരാക്കന്മാരെ നമ്പി നിന്നു അവരെറിഞ്ഞു നല്‍കുന്ന തുച്ഛമായ ആനുകൂല്യങ്ങളെ ആശ്രയിച്ച് എന്നെന്നും നിലനില്‍ക്കാമെന്ന വ്യാമോഹം ഉള്ളില്‍ താലോലിക്കുന്നവരുടെ പ്രതിനിധികളായിട്ട് കേന്ദ്രമന്ത്രി നജ്മ ഹിബത്തുല്ലയെയും കെ സി ബി സി അധ്യക്ഷന്‍ ക്ലിമീസ് കാതോലിക്ക ബാവയെയും പോലുള്ളവരെ ഭാവി ചരിത്രം മുദ്രകുത്തിയെന്നു വരും. എന്താണീ ഇന്ത്യ ? എന്താണീ ഹിന്ദു? ഇന്ത്യയും ഹിന്ദുവും ഒന്നാണോ? ഹിന്ദു ഒരു മതമാണോ, ഒരു സംസ്‌കാരമാണോ? അതിനു ഭൂമിശാസ്ത്രപരമോ തത്വചിന്താപരമോ ആയ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഈ വക ചോദ്യങ്ങള്‍ക്കുത്തരം കാണാതെ, ഇന്ത്യയുടെ ബഹുസ്വരത എന്ന അടിസ്ഥാന യാഥാര്‍ഥ്യത്തെ അവഗണിച്ചുകൊണ്ട് ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളായിരുന്നു; മേലിലും ആയിരിക്കണം എന്ന ശാഠ്യത്തെ അതേപടി അംഗീകരിക്കാന്‍ ആര്‍ക്കും കഴിയില്ല. മേല്‍ സൂചിപ്പിച്ച എല്ലാ ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ബൃഹത്തായ ലേഖനങ്ങള്‍ക്കോ പുസ്തകങ്ങള്‍ക്കു തന്നെയോ മതിയായ വിഷയമാണെന്നിരിക്കെ നമ്മുടെ ഈ കോളത്തിന്റെ പരിമിതിയില്‍ ഇതെല്ലാം ഒതുക്കുക ദുസ്സാധ്യമാണ്. ഇന്ത്യയെ സംബന്ധിച്ച അക്കാദമിക് പഠനം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു പഠനവിഷയമാണ്. ഇന്ത്യയെ കണ്ടെത്തല്‍ എഴുതിയ നെഹ്‌റു മുതല്‍ ഇന്ത്യ അതൊരു അത്ഭുതം (wonder that was india) എഴുതിയ എ എല്‍ ബാഷാം വരെയുള്ള എത്രയോ അക്കാദമിക് പണ്ഡിതന്മാര്‍ മേല്‍ പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം തേടി നൂറുകണക്കിനു പേജുകള്‍ എഴുതിത്തള്ളിയിരിക്കുന്നു. അതൊന്നു മറിച്ചുനോക്കാതെ നാഗ്പൂരിലെ ആര്‍ എസ് എസ് കാര്യാലയത്തിലെ ആളുകളുടെ സ്വപ്‌നസദൃശമായ വെളിപാടുകളെ ഇന്ത്യാ ചരിത്രമെന്ന നിലയില്‍ ഇളയ തലമുറയുടെ സിരകളില്‍ കുത്തിവെക്കാനുള്ള അവസരമായി ഡല്‍ഹിയിലെ നരേന്ദ്ര മോദി ഭരണത്തെ ചിലരെങ്കിലും കാണുന്നു. ഇതിനെതിരെ അക്ഷരാഭ്യാസമുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഭൂമിശാസ്ത്രപരമായി ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശം ഒരു ഉപഭൂഖണ്ഡം തന്നെയാണ്. വടക്കു വശത്ത് ലോകത്തിലെ ഏറ്റവും വലിയ പര്‍വതമായ ഹിമാലയവും അതിന്റെ കിഴക്കുപടിഞ്ഞാറന്‍ മേഖലകളിലേക്കു വ്യാപിച്ചുകിടക്കുന്ന മലനിരകളും ഈ ഭൂപ്രദേശത്തെ, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നു. ചരിത്രം തിരനോട്ടം നടത്തുന്നതിനെത്രയോ മുമ്പു തന്നെ ലോകത്തിലെ മറ്റു ഭൂപ്രദേശങ്ങളില്‍ നിന്നുള്ള കുടിയേറ്റ സമൂഹങ്ങള്‍ക്കു കരമാര്‍ഗവും കടല്‍മാര്‍ഗവും ഈ മണ്ണിലെത്തി സ്വന്തം വേരുകള്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നദീതട സംസ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഈ ഭൂപ്രദേശത്ത് പടര്‍ന്നു പന്തലിച്ചത്. സിന്ധു എന്ന് ഈ ഭൂപ്രദേശത്തുകാര്‍ വിളിച്ചുപോന്നിരുന്ന ഒരു മഹാനദി ഇതിന്റെ തീരങ്ങളിലെ കുടിപ്പാര്‍പ്പുകാരെ ഒരമ്മ മക്കളെ എന്നപോലെ പോറ്റിവളര്‍ത്തി. ആ അമ്മ നദിയുടെ ഭൂരിഭാഗവും ഇന്ന് ഇന്ത്യയില്‍ നിന്നു വെട്ടിമുറിക്കപ്പെട്ട പാക്കിസ്ഥാനെന്ന അയല്‍ രാജ്യത്തിന്റെ അധീനതയിലാണ്. സങ്കടകരമായ ഈ വെട്ടിമുറിക്കലിന് അരങ്ങൊരുക്കിയതാരെന്നും എന്തിന് ഈ പാതകം ചെയ്തു എന്നതും ഒക്കെ ഇന്നും ചരിത്രത്തിന്റെ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കാത്ത ഒരു കേസാണ്. അതിന്മേല്‍ നമ്മളൊരു വിധി തീര്‍പ്പിന് ഇപ്പോള്‍ മുതിരേണ്ട. പകരം ഇന്ത്യ, സിന്ധു, ഹിന്ദു തുടങ്ങിയ വാക്കുകള്‍ക്കു മേല്‍ കടിച്ചുതൂങ്ങിക്കൊണ്ടുള്ള സംഘപരിവാര്‍ അജന്‍ഡയുടെ പൊള്ളത്തരം പരിശോധിക്കാം. ഇന്ത്യക്കാരുടെ സിന്ധുവിനെ പേര്‍ഷ്യക്കാരാണ് ഹിന്ദുവാക്കിയത്. പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ നാവിനു വഴങ്ങാത്ത ഒരക്ഷരമായിരുന്നു ‘സ’. അവരുടെ ഭാഷയില്‍ ‘സ’ യുടെ പകരക്കാരനായ അക്ഷരം ‘ഹ’ ആയിരുന്നു. അവര്‍ സിന്ധുവിനെ ഹിന്ദുവാക്കി. ഇനി ആരാണീ പേര്‍ഷ്യക്കാര്‍ എന്നല്ലേ? ദക്ഷിണേഷ്യയിലെ ഇറാന്‍ എന്ന് ഇന്നറിയപ്പെടുന്ന രാജ്യമാണ് പേര്‍ഷ്യ. ബി സി ആയിരാമാണ്ടില്‍ ഇവിടേക്കു കുടിയേറിയ ഒരു ഇന്തോ യൂറോപ്യന്‍ നാടോടി ജനതയുടെ പേരായിരുന്നു പാര്‍സാ. അത് പിന്നീട് പേര്‍ഷ്യ ആയി പരിണമിച്ചു. പ്രാചീന ഗ്രീക്കുകാരും മറ്റ് പാശ്ചാത്യരും ഇറാനിയന്‍ പീഠഭൂമിയെ മുഴുവനായും പരാമര്‍ശിക്കാന്‍ ഈ പേര് തന്നെ ഉപയോഗിച്ചുപോന്നു. ഹിന്ദു എന്ന വാക്ക് ഇന്നത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡമെന്നു പരാമര്‍ശിക്കുന്ന ഭൂപ്രദേശത്തിന്റെ പേരെന്ന നിലയില്‍ ഗ്രീക്കുകാര്‍ക്കും മറ്റ് പാശ്ചാത്യ ശക്തികള്‍ക്കും പേര്‍ഷ്യക്കാര്‍ കൈമാറി. അങ്ങനെ അവരുടെ ഭാഷയിലും ഹിന്ദു ഒരു ഭൂപ്രദേശത്തിന്റെ പേരെന്ന നിലയില്‍ ചേക്കേറി. ക്രമേണ ഭാഷാശാസ്ത്രത്തിന്റെ പരിണാമനിയമങ്ങള്‍ക്കു വിധേയമായി ഇന്ത്യ എന്ന ഉച്ചാരണ ഭേദം കൈവന്നു. അതിന്നു സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അവിടെ നിന്ന് ഒരു തിരിച്ചുപോക്ക് ഇനി ആര് വിചാരിച്ചാലും നടക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ ആര്യന്‍ അധിനിവേശത്തിനു മുമ്പായി തദ്ദേശീയ ജനത ഈ ഭൂപ്രദേശത്തെ വിളിച്ചിരുന്നത് മറ്റൊരു പേരിലായിരുന്നു. അതാണ് ജംബു ദ്വീപ്. ജംബു എന്നാല്‍ ഞാവല്‍ മരം എന്നാണ് അര്‍ഥം. ഞാവല്‍ മരങ്ങളുടെ നാട് എന്ന അര്‍ഥത്തിലാണ് ഈ ഭൂപ്രദേശത്തെ ജംബുദ്വീപ് എന്ന് വിളിച്ചിരുന്നതെന്ന് എ എല്‍ ബാഷാം തന്റെ പുസ്തകത്തില്‍ പറയുന്നത് ശരിയല്ല. ആര്യന്മാരുടെ വരവിനു മുമ്പ് ഈ പ്രദേശത്ത് അധിവസിച്ചിരുന്ന ഇന്ന് ദളിതര്‍ എന്നു വിളിക്കുന്ന തദ്ദേശീയ ജനതക്കു ജംബുകന്‍ (ജംബുമാലികന്‍) എന്നു പേരായ ഒരു ജനനായകന്‍ ഉണ്ടായിരുന്നു. രാമായണം ഇദ്ദേഹത്തെ ശൂദ്രമുനി എന്നു വിളിക്കുന്നു. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്ന ചാതുര്‍വര്‍ണ്യത്തെക്കുറിച്ചു കേട്ടറിവ് പോലും ഇല്ലാത്ത തദ്ദേശീയ ജനതയുടെ തലക്കു മേല്‍ പതിച്ച ഒരശനിപാതമായിരുന്നു ആര്യന്‍ കുടിയേറ്റം. ഇതിന്റെ തിക്താനുഭവങ്ങള്‍ വിവരിക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തിലും ഉത്തര രാമായണത്തിലും മഹാഭാരതത്തിലും വായിക്കാന്‍ കഴിയും. വനവാസത്തിനു ശേഷം അയോധ്യയില്‍ തിരികെ വന്ന ശ്രീരാമന്‍ ഐശ്വര്യപൂര്‍ണമായി രാജ്യം ഭരിച്ചുവരുമ്പോള്‍ ഒരു ബ്രാഹ്മണന്റെ ശിശു മരിച്ചു പോയി. ബ്രാഹ്മണനും പത്‌നിയും കൂടി ശിശുവിന്റെ മൃതശരീരവും വഹിച്ചുകൊണ്ട് കൊട്ടാരത്തില്‍ വന്നു സങ്കടം ബോധിപ്പിച്ചു. ധര്‍മനിഷ്ഠനായ രാജാവ് രാജ്യഭരണം നടത്തുന്ന നാട്ടില്‍ ബ്രാഹ്മണ ശിശുക്കള്‍ മരിക്കുകയില്ലത്രെ. രാജസദസ്സാകെ അങ്കലാപ്പിലായി. അപ്പോള്‍ നാരദ മഹര്‍ഷി ശിശു മരണത്തിന്റെ കാരണം പറഞ്ഞുകൊടുത്തു. രാമരാജ്യത്തിന്റെ ഏതോ കോണില്‍ ഒരിടത്ത് ജംബുകന്‍ എന്ന ഒരു ശൂദ്രമുനി തപസ്സ് ചെയ്യുന്നുണ്ടെന്നും ആ തപസ്സ് ദേവതകള്‍ക്കിഷ്ടപ്പെടാത്തതാണ് ബ്രാഹ്മണ ശിശുവിന്റെ മരണ കാരണം എന്നും പറഞ്ഞു. ഉടന്‍ തന്നെ ശ്രീരാമന്‍ സേനാസമേതം പുറപ്പെട്ടു. തെക്കെ സമുദ്രത്തിന്റെ തീരത്ത് ശൈലം എന്നു പേരായ പര്‍വത താഴ്‌വരയില്‍ നദിയിലേക്കു ചാഞ്ഞുക്കിടക്കുന്ന ഒരു മരക്കൊമ്പില്‍ കാല് രണ്ടും പിണച്ചുകെട്ടി തല കീഴായി തൂങ്ങികിടന്നു തപസ്സ് ചെയ്യുന്ന ജംബുകനെ കണ്ടുമുട്ടി. താന്‍ ജംബുകനെന്ന ശൂദ്ര സന്യാസിയാണെന്നും ഉടലോടെ സ്വര്‍ഗത്തില്‍ പോകുക എന്ന ലക്ഷ്യത്തോടെയാണീ തപസ്സെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉടന്‍ തന്നെ ശ്രീരാമന്‍ വാളെടുത്ത് ജംബുകന്റെ ശിരസ്സറുത്ത് ജംബുകനു മോക്ഷം കൊടുത്തു. തല്‍ക്ഷണം ബ്രാഹ്മണശിശുവിനു പുനര്‍ജന്മവും ലഭിച്ചു. ദളിതന് മോക്ഷം പരലോകത്തിലും ബ്രാഹ്മണന് മോക്ഷം ഈ ലോകത്തിലും. ഇതായിരുന്നു ആര്യന്‍ ആത്മീയത. ഇതേ ആര്യന്‍ ഹിന്ദുത്വത്തിന്റെ പുനര്‍ജീവനമാണോ നജ്മ ഹിബത്തുല്ലയെപ്പോലുള്ളവര്‍ ലക്ഷ്യമാക്കുന്നതെന്ന കാര്യം അവര്‍ തന്നെ വ്യക്തമാക്കട്ടെ. ഒരു കാര്യം വ്യക്തം. ശ്രീരാമന്റെ ഈ ജംബുക നിഗ്രഹം കേവലം ഒരു ആദിവാസി നിഗ്രഹം എന്നതിലപ്പുറം ജംബു ദ്വീപിന്റെ അധിപരായ ഒരു ജനതക്കു മേല്‍ നടത്തിയ വംശഹത്യയുടെ തുടക്കം കൂടിയായിരുന്നു. സിന്ധുവും ഹിന്ദുവും ഇന്ത്യയും ഒന്നും കൂടാതെ വേറെയും ഉണ്ടായിരുന്നു ഈ നാടിനു പേരുകള്‍. ആര്യാവര്‍ത്തം മറ്റൊരു പേരായിരുന്നു. മഹാഭാരതം ശാന്തിപര്‍വം 325-ാം അധ്യായം 15-ാം പദ്യം അനുസരിച്ച് വിന്ധ്യനും ഹിമവാനും ഇടക്കുള്ള ഭൂപ്രദേശം ആര്യാവര്‍ത്തം എന്നറിയപ്പെട്ടിരുന്നു. ആര്യന്മാര്‍ കീഴടക്കിയ ഭൂപ്രദേശം എന്നു ധരിച്ചാല്‍ മതി. വേറൊരു പേരാണ് ഭാരതം. നമ്മുടെ ഈ ഭൂഗോളത്തില്‍ താഴെപ്പറയുന്ന പേരുകളില്‍ ഏഴു ഭൂഖണ്ഡങ്ങള്‍ ഉണ്ടെന്നാണ് വെട്ടം മാണി സാറിന്റെ പുരാണിക് എന്‍സൈക്ലോപീഡിയ പറയുന്നത്. ജംബു ദ്വീപ്, പ്ലക്ഷ ദ്വീപ്, ശാല്മലി ദ്വീപ്, കശ്വ ദ്വീപ്, ക്രൗഞ്ച ദ്വീപ്, ശാക ദ്വീപ്, പുഷ്‌കര ദ്വീപ്. ഇവയില്‍പ്പെട്ട ജംബു ദ്വീപിന്റെ പേരായിരുന്നു ഭാരത വര്‍ഷം. ഭാരത വര്‍ഷം എന്നാല്‍ ഭരതന്‍ എന്ന രാജാവിന്റെ ഭരണസീമ. ആരായിരുന്നു ഈ ഭരതന്‍? ഏതൊക്കെയായിരുന്നു ഈ രാജാവിന്റെ ഭരണസീമ? ചരിത്രത്തിനു കൈ യെത്തിപ്പിടിക്കാനാകാത്തത്ര ദൂരത്താണ് ഇതെല്ലാം. ഏതായാലും നമുക്കെല്ലാം പരിചിതനായ ദശരഥ രാജാവിന്റെ പത്‌നി കൈകേയിയുടെ പുത്രനല്ല ഭാരതം എന്ന പേരിനു ഹേതുഭൂതനായ ഭരതന്‍. നമുക്ക് പരിചിതനായ മറ്റൊരു ഭരതന്‍ ദുഷ്യന്ത മഹാരാജാവിനു ശകുന്തള എന്ന ആശ്രമ കന്യകയില്‍ ജനിച്ച അവിഹിത സന്തതിയാണ് എന്ന് മഹാഭാരതം ആദിപര്‍വം 73-ാം അധ്യായം പറയുന്നു. ഭരതനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. അവര്‍ക്കു ജനിച്ച പുത്രന്മാര്‍ ജന്മനാ തന്നെ ലക്ഷണമൊത്തവരല്ലെന്ന കാരണം ആരോപിച്ച് ആ തള്ളമാര്‍ കുഞ്ഞുങ്ങളെ ജനിച്ച മാത്രയില്‍ തന്നെ വധിച്ചുകളഞ്ഞു. പുത്രമരണത്തില്‍ ദുഃഖിതനായ ഭരതന്‍ പുത്രലബ്ധിക്കു വേണ്ടി ദേവന്‍ന്മാരെ പൂജിച്ചു. അന്നൊരിക്കല്‍ ദേവഗുരുവായ ബൃഹസ്പതി തന്റെ ജ്യേഷ്ഠന്റെ ഭാര്യ, ഗര്‍ഭിണിയായിരുന്ന മമതയെ ബലാല്‍ക്കാരേണ പരിഗ്രഹിച്ചു. അതോടെ രണ്ട് കുട്ടികള്‍ മമതയുടെ ഗര്‍ഭത്തില്‍ ഒരേസമയം വളര്‍ന്നു. പ്രസവാനന്തരം മമത ബൃഹസ്പതിപുത്രനെ കാട്ടില്‍ ഉപേക്ഷിച്ചു. ആ കുട്ടിയെ ദേവന്മാരെടുത്തു വളര്‍ത്തി. അവനു ഭരദ്വാജന്‍ എന്നു പേരിട്ടു. പുത്രന്മാരില്ലാത്ത ദുഃഖത്തില്‍ മുഴുകിക്കഴിഞ്ഞ ഭരതനു ഭരദ്വാജനെ ദേവന്മാര്‍ വളര്‍ത്താന്‍ കൊടുത്തു. ഭരതന്‍ ഭരദ്വാജനെ ദീര്‍ഘതമസ്സ് എന്നു പേരിട്ടു വളര്‍ത്തി. ഇരുപത്തിയേഴായിരം വര്‍ഷം അദ്ദേഹം രാജ്യം ഭരിച്ചു പോലും. അതിനാല്‍ ഈ രാജ്യത്തിനു ഭാരതം എന്നു പേരുണ്ടായി എന്നാണ് മഹാഭാരതം ആദിപര്‍വ്വം 2-ാം അധ്യായം 96-ാം പദ്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ സാഹിത്യ സൃഷ്ടികളില്‍ ചരിത്രം എന്നൊരു ശാഖ തന്നെ ആവിര്‍ഭവിക്കുന്നത് മുസ്‌ലിം ആധിപത്യം പ്രബലപ്പെട്ടതിനു പിന്നാലെ ആയിരുന്നു. ഭാഗികമായെങ്കിലും ആദ്യം നടന്ന ഇന്ത്യാ ചരിത്രരചന ജെയിംസ് മില്ലിന്റെ ബ്രിട്ടീഷ് ഇന്ത്യാചരിത്രം (1817) ആണ്. 1841 ല്‍ മൗണ്ട് സ്റ്റുവര്‍ട്ട് എല്‍ഫിസ്റ്റണ്‍ എഴുതിയ ഇന്ത്യാ ചരിത്രം ആണ് പുസ്തകരൂപത്തില്‍ പുറത്തുവന്ന ആദ്യത്തെ ഇന്ത്യാ ചരിത്രം. ഇതിനു പിന്നാലെ നിരവധി ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ തങ്ങളുടെ അക്ഷീണ യത്‌നവും പഠനവും ഗവേഷണവും വഴി ഇന്ത്യയുടെ ചരിത്രത്തെ സ്വത്വഭദ്രമായ രൂപഭാവങ്ങളോടെ പ്രകാശിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഈ ചരിത്രഗ്രന്ഥങ്ങളിലൊന്നും സമീപകാലത്ത് സംഘപരിവാര്‍ ശക്തികള്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ള ഒരു ഹിന്ദുമതമൗലികതാ വാദത്തിന് പിന്തുണയേകുന്ന യാതൊരു പരാമര്‍ശങ്ങളും ഇല്ല. ഇവരുടെ പ്രചാരണത്തില്‍ നിന്നു വ്യത്യസ്തമായി പല മതങ്ങളുടെയും മതരാഹിത്യത്തിന്റെയും പരമതസഹിഷണുതയുടെയും നാടായിരുന്നു നമ്മുടെ ഇന്ത്യ. അത് നിലനിന്നു കാണണമെന്നാണ് എല്ലാ സുമനസ്സുകളും ആഗ്രഹിക്കുന്നത്. ഹിന്ദുമതത്തെ കൂടാതെ ബുദ്ധമതം, ജൈനമതം, സിഖ് മതം ക്രിസ്തു മതം, ഇസ്‌ലാം മതം, സരതുഷ്ട്ര മതം യഹൂദ മതം എന്നിവയെല്ലാം അവയുടെ തുടക്കം മുതലേ ഈ നാട്ടില്‍ പ്രാബല്യത്തിലുണ്ടായിരുന്നു. ജനസംഖ്യയിലും പ്രചീനതയുടെ അടിസ്ഥാനത്തിലും ഹിന്ദു മതത്തിനു അതിന്റെതായ പ്രാധാന്യം ഉണ്ട്. അപ്പോഴും ഒരു കാര്യം വിസ്മരിച്ചുകൂടാ. ഇന്ന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഹിന്ദു ശബ്ദം ഇന്ത്യയിലെ പ്രാചീന ഗ്രന്ഥങ്ങളായ വേദങ്ങളിലോ പുരാണേതിഹാസങ്ങളിലോ പ്രയോഗിച്ചു കാണുന്നില്ല. ഹിന്ദു മതത്തിനു സനാതന മതം എന്നു പേരു കല്‍പ്പിച്ചു നല്‍കുന്നതു തന്നെ ആധുനിക കാലത്താണ്. ഒരു മതം എന്ന നിലയില്‍ ഹിന്ദുമതം ഇനിയും കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. എല്ലാവരും സാമാന്യമായി അംഗീകരിച്ചിട്ടുള്ള ഒരു പൊതു വിശ്വാസസംഹിതയോ ഒരു പൊതു ആചാരസംഹിതയോ ഒരു പൊതു ആരാധനാ സമ്പ്രദായമോ ക്രിസ്തുമതത്തിനും ഇസ്‌ലാം മതത്തിനു മറ്റും ഉള്ളതു പോലെ ഹിന്ദുമതത്തിനു ഇല്ലെന്നുള്ളതാണ് വാസ്തവം. അതുകൊണ്ടാണ് ഹിന്ദു ഒരു മതമല്ല, പിന്നെയോ ചില സമ്മിശ്ര വിശ്വാസങ്ങളുടെ സമന്വയത്തില്‍ നിന്നുരുത്തിരിഞ്ഞുവന്നിട്ടുള്ള ഒരു സംസ്‌കാരവിശേഷമാണെന്നു പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നത്. ഈ നിരീക്ഷണത്തെ ഹിന്ദുമതം അര്‍ഹിക്കുന്ന ഒരു ബഹുമതിയായിക്കാണുന്നതിനു പകരം സെമറ്റിക് മതമാതൃകകളെ അന്ധമായി അനുകരിച്ച് ഏകശിലാനിര്‍മിതമായ ഒരു ഹിന്ദുമത ഘടനയെ വളര്‍ത്തിയെടുക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. അതിനെ എതിര്‍ത്തില്ലെങ്കിലും വിമര്‍ശിക്കുകയെങ്കിലും ചെയ്യേണ്ടത് ചരിത്ര പഠനത്തിലും സാംസ്‌കാരിക പഠനത്തിലും തത്പരരായ എല്ലാ ഇന്ത്യക്കാരുടെയും കടമയാണ്.
2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച
2014 സെപ്റ്റംബർ 14, ഞായറാഴ്‌ച
Sahodari
2014 സെപ്റ്റംബർ 13, ശനിയാഴ്‌ച
പ്രശ്ണം ലംഗികത മാത്രമല്ല
2014 സെപ്റ്റംബർ 11, വ്യാഴാഴ്‌ച
നമസ്കാരത്തില്‍ രണ്ടു സുജൂദിന്‍റെ ഇടയിലുള്ള ഇരുത്തത്തില്‍ നാം പറയുന്ന പ്രാര്‍ത്ഥനയെ കുറിച്ച് നാം ആരെങ്കിലും ചിന്തിച്ചു നോക്കിയിടുണ്ടോ..
നമസ്കാരത്തില്‍ രണ്ടു സുജൂദിന്‍റെ ഇടയിലുള്ള ഇരുത്തത്തില്‍ നാം പറയുന്ന പ്രാര്‍ത്ഥനയെ കുറിച്ച് നാം ആരെങ്കിലും ചിന്തിച്ചു നോക്കിയിടുണ്ടോ..?
ഒരു മനുഷ്യന്‍റെ ഐഹീകവും പാരത്രീകവുമായ ജീവിതത്തിന്ന് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ആ പ്രാര്‍ത്ഥനയില്‍ അടങ്ങിയിരിക്കുന്നു.......
മൊത്തം ഏഴ് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചാല്‍ നമ്മുടെ ജീവിതം പൂര്‍ണ്ണമായും ധന്യമായി... എന്താണ് ആ പ്രാര്‍ത്ഥന...?
اللهم اغفر لي وارحمني واجبرني وارفعني وارزقني واهدني وعافني
(1) അല്ലാഹുവേ..അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും എനിക്ക് നീ പൊറുത്തു തരേണമേ.. ( اللهم اغفر لي )
(2) അല്ലാഹുവേ..ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിളും എനിക്ക് നീ റഹ്മത്ത് ഗുണം നല്‍കേണമേ.... ( وارحمني )
(3) അല്ലാഹുവേ... ദൈനംദിന ജീവിതത്തില്‍ പ്രതി സന്ധികള്‍ വരുമ്പോള്‍ തളരാതെ പിടിച്ചു നില്‍ക്കാന്‍ എനിക്ക് നീ കരുത്ത് പകരേണമേ.. ( واجبرني )
(4) അല്ലാഹുവേ...ഞാന്‍ ചെയ്യുന്ന എന്‍റെ എല്ലാ വ്യവഹാരങ്ങളിലും എനിക്ക് ഉയര്‍ച്ച വികസനം ലഭിക്കേണമേ...( وارفعني )
(5) അല്ലാഹുവേ...എന്‍റെ ജീവിതവും ആരോഗ്യവും നില നിര്‍ത്താന്‍ ഉതകുന്ന നല്ല ഭക്ഷണം നല്‍കി എന്നെ നീ അനുഗ്രഹിക്കേണമേ.....( وارزقني )
(6) അല്ലാഹുവേ...വ്യത്യസ്ത വിഭാഗക്കാര്‍ എന്നില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോള്‍ ശരിയായ ആദര്‍ശം സ്വീകരിക്കാന്‍ എനിക്ക് നീ നേര്‍ മാര്‍ഗ്ഗം കാണിച്ചു തരേണമേ..... ( واهدني )
(7) അല്ലാഹുവേ...എന്‍റെ ജീവിതത്തില്‍ പല അസുഖങ്ങളും വരുമ്പോള്‍ എനിക്ക് നീ സൗഖ്യം നല്‍കി അനുഗ്രഹിക്കേണമേ......( وعافني )
പ്രവാസികളുടെ പെണ്ണുങ്ങൾ
മാസങ്ങള്‍ക്കു മുമ്പ് ഫേസ് ബുക്കില്‍ പ്രചരിച്ച ഒരു ദൃശ്യം, മലബാറിലെ ഒരു യുവതിയുടെത്. രണ്ട് മക്കളുടെ മാതാവ്. രാത്രിയില്‍ അവരുടെ വീടിനു മുന്നില്‍ നിറയെ ആളുകള്‍. ഒരു യുവാവ് ചുമരില്‍ തല അമര്‍ത്തിവെച്ച് പൊട്ടിക്കരയുന്നു. യുവതിയുടെ സഹോദരനാകണം. പോലീസ് ഉദ്യോഗസ്ഥന്‍ അകത്തേക്കു കയറി. അല്‍പ്പം കഴിഞ്ഞ് യുവതിയെയും കൊണ്ട് പുറത്തിറങ്ങി. കൂടെ കാവി മുണ്ടുടുത്ത ഒരു യുവാവും രണ്ട് കുട്ടികളും. ചെറിയ കുഞ്ഞിനെ യുവതി എടുത്തിരിക്കുന്നു. നടന്നു വന്ന പെണ്‍കുട്ടിക്ക് ഏഴോ എട്ടോ വയസ്സ്. ജനത്തിന്റെ കൂവലും ബഹളവും ഉച്ചത്തിലായി. പ്രതികള്‍ മുഖമുയര്‍ത്താതെ പോലീസ് ജീപ്പിലേക്ക്. പെണ്‍കുട്ടിയുടെ മുഖഭാവത്തില്‍ നിസ്സഹായത നിഴലിച്ചു. എങ്കിലും ആ പെണ്‍കുട്ടി വാവിട്ടു കരയാതിരുന്നത് അതിശയിപ്പിച്ചു. അറപ്പ് തോന്നുന്ന സംഭവ കഥകളിലെ നായികമാരായി പ്രവാസി മലയാൡകളുടെ ഭാര്യമാര്‍ വര്‍ധിച്ചു വരുന്നു. വീടകം ഭേദിക്കുന്ന അവിഹിത ലൈംഗിക ബന്ധങ്ങളുടെ ലജ്ജിപ്പിക്കുന്ന പ്രവൃത്തികളാണ് വാര്‍ത്തകളിലെ കഥകള്‍. കടലുകള്‍ക്കിക്കരെ പണിയെടുത്തു സ്വപ്‌നങ്ങള്‍ കറന്‍സികളാക്കി അടുക്കി വെച്ച് അവധിക്കാലം കാത്തിരിക്കുന്ന ഗള്‍ഫുകാരന്റെ മനസ്സകങ്ങള്‍ തീബോംബിട്ട് തകര്‍ത്താണ് പ്രവാസികളുടെ ചില പെണ്ണുങ്ങള്‍ വേലി ചാടിപ്പോകുന്നത്. ഈ പ്രവണത സര്‍വവ്യാപിയല്ല. പക്ഷേ വ്യാപ്തി വര്‍ധിച്ചു വരുന്നതായി പോലീസ് ഫയലുകള്‍ തെളിയിക്കുന്നു. മകന്റെ കൂട്ടുകാരനായ പതിനാറുകാരനൊപ്പം ഒളിച്ചോടിപ്പോയ 37കാരിയുടെ വാര്‍ത്ത വന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്. ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും മുതിര്‍ന്ന മക്കളെയും ഉപേക്ഷിച്ചാണ് ഈ സ്ത്രീ വിദ്യാര്‍ഥിക്കൊപ്പം സുഖവാസത്തിനു പുറപ്പെട്ടത്. ഈ നാണം കെട്ട പെണ്ണ് പ്രതിനിധാനം ചെയ്യുന്ന ഒരു സ്ത്രീപക്ഷം കേരളത്തില്‍ ശക്തിപ്പെട്ടു വരുന്നുണ്ട്. ഭര്‍ത്താക്കന്‍മാരെ എ ടി എമ്മുകളായി കരുതുന്നുണ്ടാകണം ഇവര്‍. ഈ പെണ്‍ ചീത്തത്തിനെതിരെ ഉണരേണ്ട പുരുഷ ബോധം പലപ്പോഴും ദുര്‍ബലപ്പെട്ട് നിസ്സഹായത പ്രകടപ്പിക്കുകയാണ്. ഫേസ്ബുക്കില്‍ പ്രണയിച്ചാണത്രെ ഈയടുത്ത് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ കൈക്കുഞ്ഞുമായി കാമുകനെത്തേടി പാലക്കാട്ടുകാരി യുവതിയെത്തിയത്. പ്രായം ചെന്ന കാമുകനെ കണ്ട് അവള്‍ മോഹാലസ്യപ്പെട്ടു. വാര്‍ത്ത പത്രങ്ങളില്‍ വന്നു. ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വായനക്കാരുടെ ഉള്ളില്‍ ‘ഭര്‍ത്താവ് വിദേശത്തായിരിക്കും’ എന്ന സ്വയം നിര്‍ണയം ഉണ്ടാകുന്നിടത്തോളം വഷളായിരിക്കുന്നു ചുറ്റുപാട്. പണ്ടത്തെപ്പോലെയല്ല, കാഴ്ചകളും കഥകളും നിമിഷങ്ങള്‍ കൊണ്ട് കടലുകളും കടന്നു പടരുന്നു. പത്രങ്ങളുടെ സ്പ്ലിറ്റ് എഡിഷനുകളെയും പ്രാദേശിക മാധ്യമങ്ങളുടെ സദാചാര, മൂല്യ നിലപാടുകളെയും മറി കടന്ന് സോഷ്യല്‍ മീഡിയകള്‍ സചിത്ര വിവരങ്ങള്‍ പുറത്തു വിടുന്നു. പ്രവാസി പുരുഷന്‍മാരുടെ നെഞ്ചില്‍ ഇടിത്തീ വീഴ്ത്തുകയാണ് ഇത്തരം വാര്‍ത്തകള്‍. ഭീതിയും ശങ്കകളും മുഴച്ച് അസ്വസ്ഥതകള്‍ ആസ്വാദനമാക്കേണ്ടി വരുന്ന ഒരു തരം രോഗം ബാധിച്ച മനോഭാവങ്ങളുടെ ഉടമകളായിക്കൊണ്ടിരിക്കുന്നു ഗള്‍ഫ് ആണുങ്ങള്‍. വിവാഹിതരായ പുരുഷന്‍മാരുടെ പിഴച്ച വാര്‍ത്തകളെച്ചൂണ്ടി ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ ഗുണദോഷിക്കുന്ന കാലമുണ്ടായിരുന്നു. ‘ഈ ആണുങ്ങളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന് അടക്കി പഴി പറയുമ്പോള്‍ മറുത്തു പറയാനാകാതെ നാണിച്ചു തല താഴ്ത്തുമായിരുന്നു അഭിമാനികളായ ഭര്‍ത്താക്കന്‍മാര്‍. ഇപ്പോള്‍ ആണുങ്ങള്‍ക്കു പെണ്ണുങ്ങളുടെ മേലാണ് സദാചാരപ്പേടി. കാമുകനൊപ്പം കഴിയുന്നതിനുള്ള സുരക്ഷിത വഴിയൊരുക്കുന്നതിനാണല്ലോ മലപ്പുറം തിരൂരിനു സമീപത്തെ വീട്ടമ്മ സ്വന്തം ഉദരത്തില്‍ പിറന്ന രണ്ട് കുട്ടികളെ കിണറ്റില്‍ തള്ളിയിട്ടു കൊന്നത്. മദ്‌റസയിലേക്കു പോകും വഴിയായിരുന്നു കൂടെപ്പോയ ആ പെണ്ണ് കുരുന്നുകളെ കിണറ്റിലേക്കുന്തിയിട്ടത്. കാമം ഭ്രാന്തായി തലക്കു പിടിക്കുമ്പോള്‍ വിചാരങ്ങള്‍ക്ക് കൊടും ഭ്രാന്ത് പിടിക്കുന്നുവെന്നാണ് ഈ സംഭവത്തിന്റെ ബാക്കി അറിയിക്കുന്നത്. ആസൂത്രിത കൃത്യത്തിന്റെ ചുരുള്‍ അഴിഞ്ഞതോടെ കൊലക്കേസില്‍ പ്രതികളായി ജയിലില്‍ കഴിയുകയാണിപ്പോള്‍ യുവതിയും കാമുകനും. ‘അവള്‍ക്ക് വേണ്ടായിരുന്നെങ്കില്‍ ഞാന്‍ നോക്കുമായിരുന്നല്ലോ ന്റെ കുട്ടികളെ’ എന്നു പറഞ്ഞ് പൊട്ടിക്കരയുന്ന വൃദ്ധന്റെ മുഖം ടെലിവിഷനില്‍ കണ്ടു. മക്കളെ കൊന്ന പെണ്ണിന്റെ ബാപ്പയായിരുന്നു അയാള്‍. ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയ ഗ്രാമ പഞ്ചായത്ത് അംഗമായ പെണ്ണിന്റെ കഥയിലും ഭര്‍ത്താവ് പ്രവാസിയായിരുന്നു. ദുഷിച്ച ഈ പെണ്ണുങ്ങള്‍ നാട്ടിലെ നല്ല പെണ്ണുങ്ങളുടെ മാനം കെടുത്തിയിരിക്കുന്നു. അവര്‍ ഇപ്പോള്‍ ഭര്‍ത്താക്കന്‍മാരുടെ സംശയത്തിന്റെ നിഴലിലാണ്. ‘ഒരു പെണ്ണിനെയും വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന പ്രതിവര്‍ത്തമാനത്തിനു മുന്നില്‍ മാന്യരായ സ്ത്രീകള്‍ക്ക് തല കുനിച്ചു നില്‍ക്കേണ്ടി വരികയാണിപ്പോള്‍. കുടുംബത്തോടും സമൂഹത്തോടും സ്വന്തം മക്കളോടു പോലും സ്‌നേഹവും വിശ്വാസവും പുലര്‍ത്താന്‍ കഴിയാതെ, ജീവിതത്തെ രതിയോടു മാത്രം ചേര്‍ത്ത് ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഈ പിഴച്ച പെണ്ണുങ്ങള്‍ ഏതുവിധം സ്ത്രീത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു വിശദീകരിക്കാന്‍ പെണ്‍ പ്രസ്ഥാനങ്ങള്‍ക്കു ബാധ്യതയുണ്ട്. എന്നുവെച്ചാല്‍, പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യുന്ന, മാന്യമായ കുടുംബാവസ്ഥകളെയും കുട്ടികളുടെ ഭാവിയും തകര്‍ത്ത് കാമവെറിയുടെ തീപ്പന്തവുമായി ഇറങ്ങിയോടുന്ന പെണ്ണുങ്ങള്‍, സ്ത്രീകളാല്‍ സംബോധന ചെയ്യപ്പെടാത്തതെന്താണ്? സത്രീ ശാക്തീകരിക്കപ്പെടുകയും പുരുഷമേധാവിത്വത്തിന്റെ തടവറകളില്‍ നിന്നു മുക്തരാകുകയും വേണമെന്നു പറയുന്നതിലെ ആര്‍ജവവും ആത്മാര്‍ഥതയും അപഥസഞ്ചാരം നടത്തുന്ന സ്ത്രീകളെ അഭിമുഖീകരിക്കുന്നതിലും ഉണ്ടാകേണ്ടതുണ്ടെന്ന് തോന്നുന്നു. സ്ത്രീയുടെ ദുഷിപ്പിന് ദുര്‍ഗന്ധം കൂടുതലുണ്ട്. ഇത് സമൂഹത്തില്‍ വൃത്തികേടിന്റെ പരിസരം സൃഷ്ടിക്കുന്നു. കുട്ടികളില്‍ അരക്ഷിതാവസ്ഥയും അശ്ലീലാന്തരീക്ഷവുമുണ്ടാക്കുന്നു. വാര്‍ത്തകളില്‍ ആശങ്കപ്പെട്ടു കഴിയുകയും ആധി പൂണ്ട് ഭാര്യമാര്‍ക്കു ഇന്റര്‍നെറ്റില്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാസി പുരുഷന്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്. സാമൂഹികവും കുടുംബപരവുമായ അന്തസ്സും അഭിമാനവും തകര്‍ക്കുന്ന പെണ്ണോട്ടക്കഥകളില്‍ ദുര്‍ബലരാക്കപ്പെടുന്ന പുരുഷന്‍മാരും സംബോധന ചെയ്യപ്പെടേണ്ടവരാണ്. കേരളത്തില്‍ മാറുന്ന സാമൂഹികാവസ്ഥകളിലെ ഈ സ്ത്രീയും പുരുഷനും ഒരു പ്രതിസന്ധി തന്നെയാണ്. പുറത്തു വന്ന വാര്‍ത്തകളേക്കാള്‍ പുറത്തു വരാത്തവയാണ് നിരവധി. പൊട്ടിത്തെറിയുടെ ഓരത്തെത്തിയവയും വിവാഹമോചനം പോലുള്ള മുന്‍കരുതലുകളിലൂടെ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്ന വ്യഭിചാരങ്ങളുണ്ട്. പുറത്തു വരാത്ത അപഥ സഞ്ചാരങ്ങളില്‍ വഞ്ചിക്കപ്പെടുന്ന പുരുഷനും അവകാശങ്ങളുണ്ടല്ലോ. ചെമ്മീന്‍ സിനിമയിലെ പ്രസിദ്ധമായ ഗാനത്തില്‍ വയലാര്‍ രാമവര്‍മ എഴുതിവെച്ച വരികള്‍, പിഴച്ചു പോകുന്ന പെണ്ണുകള്‍ പെരുകിയ കാലത്ത് പ്രസിദ്ധമാകുന്നുണ്ട്. കടലില്‍ പോയ അരയനെ കാത്ത് അരയത്തി തപസ്സിരുന്നപ്പോള്‍ പടിഞ്ഞാറന്‍ കാറ്റില്‍ മുങ്ങിപ്പോയ അരയനെ കടല്‍ കരക്കെത്തിച്ചെന്നും പിന്നൊരിക്കല്‍ അരയനെ കാത്തിരിക്കാതെ അരയത്തി പിഴച്ചു പോയപ്പോള്‍ കാറ്റില്‍ മുങ്ങിയ അരയനെ കടല്‍ കൊണ്ടുപോയെന്നുമാണ് ‘പണ്ടൊരു മുക്കുവന്‍ മുത്തിനു പോയി’ എന്നു തുടങ്ങുന്ന ഗാനത്തിലെ വരികള്‍. ‘അരയന്‍ തോണിയില്‍ പോയാല്… അവന് കാവല് നീയാണ്’.. എന്നു പറഞ്ഞു വെക്കുന്ന ഗാനം, അന്നം തേടിപ്പോകുന്ന പുരുഷനോട് സ്ത്രീകള്‍ പുലര്‍ത്തേണ്ട നീതിയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. വീടും വാഹനവും പണവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ ഭര്‍ത്താവ് ഗള്‍ഫിലുള്ള പെണ്ണിന് സ്വാഭാവികമായും വേണ്ടത് ആണ്‍കൂട്ടാണ്. പെണ്‍മനസ്സറിയുന്ന പുരുഷന്‍മാര്‍ ചുറ്റുവട്ടത്തുണ്ടാകുമ്പോള്‍ കഥകള്‍ പിറക്കാന്‍ കാലതാമസമുണ്ടാകില്ല. പെണ്ണുങ്ങള്‍ സ്വയം കണ്ടെത്തിക്കൊള്ളണമെന്നില്ല. അവര്‍ക്കു നേരെ പ്രലോഭനങ്ങളുടെ ആവര്‍ത്തനം വീടിനകത്തു നിന്നോ അയല്‍പക്കത്തു നിന്നോ പാതയോരത്തു നിന്നോ ഒക്കെ വന്നുകൊണ്ടിരിക്കും. പ്രതിരോധത്തിനു സാധിക്കണമെങ്കില്‍ പെണ്ണിന് പെണ്‍കരുത്തിന്റെ ബോധ്യവും മാന്യതയുടെ പ്രേരണയുമുണ്ടായിരിക്കണം. പിഴച്ചു പോകുന്ന പെണ്ണുങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനു വഴിയൊരുക്കുന്ന സാഹചര്യങ്ങള്‍ കൂടി പരിഗണനയില്‍ വരേണ്ടതുണ്ട്. വികസിച്ചു വരുന്ന ആശയവിനിമയ മാര്‍ഗങ്ങളും സോഷ്യല്‍ മീഡിയകളും അവസരങ്ങള്‍ എളുപ്പമാക്കുന്നു. സ്വതന്ത്രമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പ്രവാസികളുടെ ഭാര്യമാര്‍. വാട്‌സ് ആപ്പ് പോലുള്ള ആപ്ലിക്കേഷനുകളും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുന്നതിന് ഈ സ്ത്രീകള്‍ പരിശീലിക്കുന്നത് ഭര്‍ത്താക്കന്‍മാരുടെ തന്നെ സഹായത്തോടെയാണ്. ഫേസ് ബുക്ക് അക്കൗണ്ട് തുറന്നു കൊടുത്ത് പുരോഗമന ഭാര്യയാക്കാനുള്ള താത്പര്യം സാധാരണക്കാരായ പ്രവാസികളില്‍ പോലുമുണ്ട്. തുറന്നു വെക്കുന്ന ഈ പ്രൊഫൈലുകള്‍ ഇര കൊളുത്തി വെള്ളത്തില്‍ എറിഞ്ഞു വെക്കുന്ന ചൂണ്ട പോലെയാണ്. വിശന്നു നടക്കുന്ന മീനുകള്‍ക്ക് കൊത്താന്‍ സ്വാതന്ത്ര്യമുണ്ട്. വാട്‌സ് ആപ്പില്‍ വരുന്ന ഒരു അണ്‍നൂണ്‍ ടെക്സ്റ്റ് പിന്നീട് പതിവുകാരനാകുന്നു. അവസരങ്ങളും പ്രലോഭനങ്ങളും അരികത്തെത്തി നില്‍ക്കുന്ന കാലത്തെ സ്വാഭാവിക അശ്ലീലവികസനമാണിത്. സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും വേണ്ടുവോളം അനുവദിക്കുമ്പോഴും അന്വേഷിക്കാന്‍ മറന്നു പോകുന്ന ചിലതില്‍ പെണ്ണുങ്ങള്‍ അപരനില്‍ ആശ്വാസം കണ്ടെത്തുന്നതാകാം. സമ്പത്തും സൗകര്യങ്ങളും കൊണ്ട് ദാമ്പത്യവും ജീവിതവും സാര്‍ഥകമാകുന്നുവെന്ന് പ്രവാസി പുരുഷ മനസ്സ് കരുതുന്നുവെങ്കില്‍ വലിയ അബദ്ധം അവിടെ ആരംഭിക്കുന്നു. ദാമ്പത്യത്തില്‍ സൂക്ഷ്മവും സത്യസന്ധവുമായ ലൈംഗികത മുഖ്യമായി തന്നെ പരിഗണിക്കപ്പെടണം. പടിയിറങ്ങിപ്പോകുന്ന പെണ്ണുങ്ങള്‍ സൗകര്യങ്ങളും സാമൂഹിക വിലാസവും ഭര്‍ത്താവിന്റെ പരിചരണവും ഉപേക്ഷിക്കാന്‍ തയാറാകുമ്പോള്‍, അവയെ വെല്ലുന്ന ഒരു അനുഭവമാണ് ജീവിതം എന്ന തിരിച്ചറിവുണ്ടാകുന്നുവെന്നതല്ലേ ശരി? സൂക്ഷ്മ ലൈംഗികതയെയും ലൈംഗികതയിലെ സ്ത്രീപക്ഷത്തെയും മനസ്സിലാക്കാന്‍ കഴിയാത്ത പൊട്ടപ്പുരുഷന്‍മാര്‍ക്ക് സദാചാര പ്രസംഗങ്ങള്‍ കൊണ്ടു മാത്രം പെണ്ണുങ്ങളെ നിലക്കു നിര്‍ത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇസ്‌ലാമിക് റിപബ്ലിക്കിലെ രണ്ടാം ഖലീഫ ഉമര്‍ (റ) മകള്‍ ഹഫ്‌സ (റ)യോട് ചോദിക്കുന്ന ഒരു ചോദ്യവും ഉത്തരവും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനെ പിരിഞ്ഞ് ക്ഷമയോടെ എത്ര കാലം ജീവിക്കാനാകുമെന്ന ചോദ്യത്തിന് ലഭിച്ച മറുപടി നാല് മാസം എന്നായിരുന്നു. സൂക്ഷ്മ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെ അറിയിക്കുന്നതാണ് ഈ ഉദ്ധരണി. ഭാര്യമാരെ പിരിഞ്ഞിരിക്കുന്നതില്‍ അനിയന്ത്രിതമായ കാലവിളംബം പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് സൂചന. സാമൂഹികവും സദാചാര ബദ്ധവുമായ ഒരു ജീവിത സംസ്‌കാരത്തിന്റെ ഉള്ളടക്കം ദാമ്പത്യത്തിലും കുടംബത്തിലും കൊണ്ടുവരുന്നതിന് സ്ത്രീകളില്‍ ഒരു സ്വയം ഒരുക്കം വേണ്ടതുണ്ട്. നടേ പറഞ്ഞ സംഭവങ്ങളെല്ലാം ആലോചനയില്ലാത്ത ഇറങ്ങിപ്പുറപ്പെടലില്‍ നാണംകെട്ട് തകര്‍ന്നു തരിപ്പണമായവയാണ്. പൂര്‍വജീവിതത്തിലേക്ക് സ്വന്തം കൂടുംബത്തിലേക്കു പോലും മടങ്ങാനാകാത്ത ദുരന്തങ്ങളിലായിരുന്നു അവയുടെ പര്യവസാനം. അപകടങ്ങളില്‍ വഴിയാധാരമായിപ്പോകുന്നവര്‍ തങ്ങളായിരിക്കുമെന്ന വീണ്ടുവിചാരം പെണ്ണുങ്ങള്‍ക്കുണ്ടാകണം. ഭദ്രമായ കുടുംബ ഉള്ളടക്കത്തില്‍ പുരുഷന്‍മാരുടെ ഇടപെടലും സൂക്ഷ്മമായിരിക്കണം. അത്തരം അന്തരീക്ഷങ്ങള്‍ക്കാകും വേലിചാട്ടത്തിന്റെ ചീഞ്ഞ നാറ്റം അകറ്റി നിര്‍ത്താന്‍ സാധിക്കുക. നീറിപ്പുകഞ്ഞു കഴിയുന്ന പ്രവാസി പുരുഷന്‍മാരുടെ മനസ്സകത്ത് സമാധാനമുണ്ടാക്കാനാകുക.