"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക് ബേഗ് കൊണ്ടുവരണം"
ടീച്ചർ കുട്ടികൾക്ക് പുതിയൊരു കളി പഠിപ്പിക്കുകയാണ്.
"ആ ബാഗിൽ നിങ്ങൾക്ക് ആരോടൊക്കെ ദേഷ്യമുണ്ടോ അവരുടെ പേരെഴുതിയ ഉരുളക്കിഴങ്ങ് കൂടെ വെക്കണം - എത്ര പേരോട് ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ!"
കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.
"എന്നിട്ട് ആ ബേഗ് വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ കൂടെ എടുക്കണം".
കുട്ടികൾ പുതിയ കളി അംഗീകരിച്ചു - കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച് കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.
നിശ്ചയിച്ച ദിവസമെത്തി - "എന്തായിരുന്നു മക്കളേ ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ?" ടീച്ചർ ചോദിച്ചു.
ഓരോരുത്തരും അവരവർക്ക് ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. കൂടുതൽ ആളുകളോട് ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക് യാത്രകളിൽ ബേഗിന്റെ ഭാരം അസഹനീയമായിത്തോന്നി, വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട് തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.
ബേഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.
ടീച്ചർ പറഞ്ഞു: "മക്കളേ, ആളുകളോടുള്ള വെറുപ്പ് നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത് തന്നെയാണ്. അത് നിങ്ങൾ എവിടേക്ക് പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട് ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക് ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക് കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും?!!"
(ഒരു പ്രസംഗത്തിൽ കേട്ട കഥ)
ഒരു വ്യക്തിയോടോ സമൂഹത്തോടോ ഉള്ള വിദ്വേഷം അവരോട് അനീതി പ്രവർത്തിക്കാൻ കാരണമാകരുതെന്ന വിശുദ്ധ കലാമിന്റെ ഉണർത്തലിൽ തന്നെ അങ്ങനെയൊരവസ്ഥ സാധാരണമാണെന്ന് നമുക്കറിയിച്ചു തരുന്നു. മനസ്സിലെ വിദ്വേഷം അവരോട് അസൂയവെക്കാനും എങ്ങനെയും അക്രമം പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. അതുവഴി എത്രയെത്ര പാപങ്ങൾ..!
മനസ്സാണ് നന്മയുടെയും തിന്മയുടെയും വിളനിലം, അവിടെ മുളക്കുന്ന ഫലങ്ങളാണ് പ്രവർത്തിയായി ജനിക്കുന്നത്. അസൂയയും വിദ്വേഷവുമൊക്കെ നമ്മുടെ നല്ല നല്ല അമലുകളെയാകെ കത്തിച്ചു കളയുന്ന മനസ്സിന്റെ രോഗങ്ങളാണ്. മുസ്ലിമായ സഹോദരന്റെ ഏതൊരു പ്രവർത്തിയിലും നന്മയുടെ ഭാഗം മാത്രം ദർശ്ശിക്കാൻ കഴിയുന്ന മനസ്സ് വിജയം സുനിശ്ചിതമായവരുടെ അടയാളമാണ്.
സ്വർഗ്ഗക്കാരനായ ആളെ നബിതങ്ങൾ (സ്വ) മൂന്നുദിവസം കാണിച്ചു കൊടുത്ത സ്വഹാബിയുടെ നന്മ യാതൊരു മുസ്ലിമായ മനുഷ്യനെപ്പറ്റിയും എന്റെ മനസ്സിൽ മോശമായ വിചാരമോ ഹസദോ ഇല്ലെന്നതായിരുന്നുവത്രേ !
ഫുളൈൽ ഇബ്നു ഇയാള് തങ്ങളെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു -
"പ്രശംസിക്കൽ സത്യവിശ്വാസത്തിന്റെ ഭാഗവും അസൂയവെക്കൽ കപടവിശ്വാസത്തിന്റെ ഭാഗവുമാണ്. സത്യവിശ്വാസി മറ്റുള്ളവരെ പ്രശംസിക്കുകയും അസൂയവെക്കാതിരിക്കുകയും ചെയ്യുന്നു, മുനാഫിഖ് മറ്റുള്ളവരോട് അസൂയ വെക്കുകയും അവരെ പ്രശംസിക്കാതിരിക്കുകയും ചെയ്യുന്നു. സത്യവിശ്വാസി അന്യന്റെ പിഴവുകളെ മറച്ചുവെക്കുകയും ഗുണദോഷിക്കുകയും നല്ല നല്ല ഉപദേഷങ്ങൾ നൽകുകയും ചെയ്യുന്നു. മുനാഫിഖായ മനുഷ്യൻ ആളുകൾക്ക് മാനഹാനിയുണ്ടാക്കുകയും അധിക്ഷേപിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു".
സ്നേഹമാണ് പരക്കേണ്ടത്, വിട്ടുവീഴ്ച്ച കൊണ്ട് ഒന്നും നഷ്ടമാകുന്നില്ല.. വെറുക്കപ്പെടാൻ നാമിഷ്ടപ്പെടുന്നില്ലെങ്കിൽ നമുക്കെങ്ങനെ വെറുക്കാൻ കഴിയും?!
വെറുപ്പും ദേഷ്യവും അകൽച്ചയല്ലാതെ വർദ്ധിപ്പിക്കുന്നില്ല. സ്നേഹം കൊണ്ട് മനസ്സുകൾക്കിടയിൽ പാലം പണിയുകയാണ് മുസ്ലിമിന്റെ വഴി...
കോപ്പി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ